ബൈക്കുകളില്‍ ചീറിപ്പായാന്‍ ഇനി സൗദി സ്ത്രീകളും 

ബൈക്കുകളില്‍ ചീറിപ്പായാന്‍ ഇനി സൗദി സ്ത്രീകളും 

സ്‌കിന്നി ജീന്‍സും ഹാര്‍ലി ഡേവിഡ്‌സണ്‍ ടി ഷര്‍ട്ടും ധരിച്ച് മോട്ടോര്‍ബൈക്കുകളില്‍ കറങ്ങുന്ന സൗദി സ്ത്രീകളെ സങ്കല്‍പ്പിക്കാന്‍ തന്നെ കഴിയില്ല. അപ്പോള്‍ നിരത്തുകളില്‍ ഈ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമായാലോ?  ജൂണ്‍ 24 ന് ചരിത്രപരമായ തീരുമാനം പൂര്‍ത്തിയാകുന്നതോടെ സൗദി സത്രീകളുടെ സ്വപ്‌നം പൂവണിയാന്‍ പോവുകയാണ്. 50 വര്‍ഷം നീണ്ട യാത്രാവിലക്ക് നീക്കിയതിന് പിന്നാലെ സ്ത്രീകള്‍ക്ക് ലൈസന്‍സിനും അനുവാദം നല്‍കിയത് വലിയ വിപ്ലവങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.

റിയാദിലെ സ്‌പോര്‍ട്‌സ് സര്‍ക്യൂട്ടിലൂടെ ഇനി സൗദി സ്ത്രീകളും മോട്ടോര്‍ബൈക്കുകളില്‍ ചീറിപ്പായും.  വാഹനമോടിക്കാനുള്ള അനുവാദം നല്‍കിയതിനു ശേഷം സ്ത്രീകളെല്ലാം ആവേശത്തിലാണ്. അവര്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ബൈക്കേഴ്‌സ് സ്‌കില്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി മോട്ടോര്‍ബൈക്കുകള്‍ ഓടിച്ച് പഠിക്കാനുള്ള തിരക്കിലാണ്.

ബൈക്ക് ഓടിക്കാന്‍ കമ്പമുള്ള സ്ത്രീകള്‍ക്കാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പഠന സൗകര്യം ഒരുക്കുന്നത്. ചെറുപ്പം മുതല്‍ തനിക്ക് ബൈക്കോടിക്കാന്‍ താത്പര്യമാണെന്ന് 31 വയസ്സുകാരി നൂറ(യഥാര്‍ത്ഥ പേരല്ല) പറയുന്നു. കുട്ടിക്കാലം മുതല്‍ വീട്ടിലുള്ളവര്‍ ബൈക്കോടിക്കുന്നത് കണ്ടാണ് താന്‍ വളര്‍ന്നത്. അതിനാല്‍ ബൈക്കോടിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ വാഹനമോടിക്കാന്‍ നിരോധനമേര്‍പ്പെടുത്തിയപ്പോള്‍ സ്പ്‌നം പൊലിയുമെന്ന് കരുതി. എന്നാല്‍ ഇന്ന് നിരോധനം നീക്കിയപ്പോള്‍ സന്തോഷം തോന്നിയെന്നും നൂറ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. യമഹ വിരാഗോ ബൈക്കാണ് നൂറ ഓടിക്കുന്നത്.

നിരത്തിലൂടെ നൂറയെപ്പോലെ ബൈക്കോടിക്കാന്‍ താത്പര്യപ്പെട്ട് വന്നവര്‍ നിരവധിയാണ്. 19 കാരി ലീന്‍ ടിനാവി സുസുക്കിയുടെ ബൈക്കിലാണ് പഠിക്കുന്നത്. ബൈക്കിംഗ് അവര്‍ക്കൊരു പാഷന്‍ മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിലേക്കുള്ള മാറ്റം തന്നെയാണ്.

യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതി വാഹനമോടിക്കാന്‍ മുന്നോട്ട് വരുന്ന സൗദി സ്ത്രീകള്‍ ഇന്ന് അനവധിയാണ്.

ലൈസന്‍സ് നിരോധനം നീക്കിയതിനു ശേഷം ആദ്യമായി ലൈസന്‍സ് ലഭിക്കുന്ന സ്ത്രീ റെമ ജോദത്താണ്. പത്തോളം സ്ത്രീകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലൈസന്‍സ് ലഭിക്കുക. വിലക്ക് അവസാനിക്കുന്ന ജൂണ്‍ 24 ന് ലൈസന്‍സ് വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം.

കഴിഞ്ഞ സെപ്തംബറിലാണ് വിലക്ക് നീക്കുന്നതായി സൗദി രാജകുമാരനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് സ്ത്രീകള്‍ക്ക് വാഹനമോടിച്ച് പരിശീലിക്കാനായി രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറന്നിരുന്നു.

 

 

 

 

Comments

comments

Categories: Arabia, Motivation, Women