300 ഹൈവേ പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് റോഡ് ഗതാഗത മന്ത്രാലയം

300 ഹൈവേ പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് റോഡ് ഗതാഗത മന്ത്രാലയം

ഹൈവേ പദ്ധതികള്‍ സ്വകാര്യ ഫണ്ടുകള്‍ക്ക് പാട്ടത്തിന് നല്‍കി ഏകദേശം 20,000 കോടി രൂപയോളം നേടാമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ചിനകം മൊത്തം 15,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 300 ഹൈവേ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഈ പദ്ധതികള്‍ക്കായി 1.5 ലക്ഷം രൂപയാണ് മന്ത്രാലയം ചെലവഴിക്കുക. മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര,പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമായ സംസ്ഥാനങ്ങളാണ് ഇവയെന്നതിനാലാണ് ഈ മുന്‍ഗണന എന്നാണ് വിലയിരുത്തല്‍. 2014ലെ തെരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നും 200 സീറ്റാണ് ബിജെപി നേടിയത്.

നിലവില്‍ നടക്കുന്ന ദേശീയപാതാ പദ്ധതികള്‍ സംബന്ധിച്ചുള്ള ഒരു അവലോകനം ചൊവ്വാഴ്ച റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയിരുന്നു. 700ല്‍ അധികം റോഡ് പദ്ധതികളാണ് ഗഡ്കരി അവലോകനം നടത്തിയത്. പ്രോജക്റ്റ് ഡയറക്റ്റര്‍മാര്‍, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍, നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ), റോഡ് ഗതാഗത മന്ത്രാലയ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

‘ഈ 700 പ്രോജക്റ്റുകളില്‍ നേരത്തേ പൂര്‍ത്തിയാക്കേണ്ടുന്ന 300 എണ്ണത്തെ ക്രമീകരിച്ചിട്ടുണ്ട്. നിര്‍മാണ വര്‍ഷമായാണ് 2018നെ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്’ റോഡ് ഗതാഗത മന്ത്രാലയ വക്താവ് പറഞ്ഞു. നിലവിലെ പദ്ധതികളില്‍ 427 എണ്ണം നടപ്പാക്കുന്നത് എന്‍എച്ച്എഐയും 369 എണ്ണം നടപ്പിലാക്കുന്നത് റോഡ് ഗതാഗത ഹൈവേ മന്ത്രാലയവുമാണ്.

പ്രധാനപ്പെട്ട പദ്ധതികളെല്ലാം തന്നെ അടുത്ത വര്‍ഷം മാര്‍ച്ചിനകം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. 96 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡെല്‍ഹി-മീററ്റ് എക്‌സ്പ്രസ്‌വേയുടെ ബാക്കി രണ്ടു ഘട്ടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആഭ്യന്തര, അന്താരാഷ്ട്ര വായ്പകള്‍ വഴി 60,000 കോടി രൂപ സമാഹരിക്കാനാണ് എന്‍എച്ച്എഐ ലക്ഷ്യമിടുന്നത്. 30 വര്‍ഷത്തെ കാലളവില്‍ നിലവിലുള്ള ഹൈവേ പദ്ധതികള്‍ സ്വകാര്യ ഫണ്ടുകള്‍ക്ക് പാട്ടത്തിന് നല്‍കി ഏകദേശം 20,000 കോടി രൂപയോളം നേടാമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: More