അരി ഉല്‍പാദനം റെക്കോഡിലേക്ക്‌; 3 ദശലക്ഷം ടണ്‍ അധികമെന്ന് ഫിച്ച് റിപ്പോര്‍ട്ട്

അരി ഉല്‍പാദനം റെക്കോഡിലേക്ക്‌; 3 ദശലക്ഷം ടണ്‍ അധികമെന്ന് ഫിച്ച് റിപ്പോര്‍ട്ട്

അരി ഉല്‍പാദനം 111.5 ദശലക്ഷം ടണ്ണിലേക്കെത്തുമെന്ന് ഫിച്ച്; മൊത്തം ഭക്ഷ്യ ധാന്യോല്‍പാദനം 277.49 ദശലക്ഷം ടണ്‍ ആയിരിക്കുമെന്ന് കൃഷി മന്ത്രാലയം

ന്യൂഡെല്‍ഹി: കാര്‍ഷിക രംഗത്തു നിന്ന് വീണ്ടും ശുഭവര്‍ത്തമാനം. രാജ്യത്ത് ഇത്തവണ അരി ഉല്‍പാദനം റെക്കോഡ് ഉയരത്തിലെത്തുമൊണ് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച് (ഇന്‍ഡ്-ആര്‍എ) പുറത്തിറക്കിയ കാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. 2017-18 വിള വര്‍ഷം ജൂണില്‍ അവസാനിക്കാനിരിക്കെയാണ് വിപണിയും ഉല്‍പാദന മേഖലയും കാലാവസ്ഥയുമടക്കമുള്ള ഘടകങ്ങള്‍ വിലയിരുത്തി ഫിച്ച് മൂന്നാമത്തെ പ്രവചനം നടത്തിയിരിക്കുന്നത്. 2017-18 വിള വര്‍ഷത്തില്‍ അരി ഉല്‍പാദനം 111.5 ദശലക്ഷം ടണ്ണിലേക്ക് ഉയരുമെന്നാണ് പ്രവചനം. 108.5 ദശലക്ഷം ടണ്‍ അരി ഉല്‍പാദിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പ്രഖ്യാപിത ലക്ഷ്യത്തെക്കാള്‍ 3 ദശലക്ഷം ടണ്‍ അരി അധികമായി ഉല്‍പാദിപ്പിക്കപ്പെടുമെന്ന് സാരം. ഫെബ്രുവരിയില്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം രണ്ടാംവട്ട അവലോകനത്തില്‍ കണക്കാക്കിയിരുന്നത് 111.1 ദശലക്ഷം ടണ്‍ ഉല്‍പാദനമായിരുന്നു.

2016-17 വിള വര്‍ഷം 109.7 ദശലക്ഷം ടണ്‍ ആയിരുന്നു അരി ഉല്‍പാദനം. മഴയെ ആശ്രയിച്ച് ചെയ്യുന്ന ഖാരിഫ് വിളകളുടെ ഉല്‍പാദനം ഇത്തവണ മുന്‍ വര്‍ഷത്തേതിന് സമാനമായി നിലനില്‍ക്കും. മഞ്ഞിനെ ആശ്രയിക്കുന്ന റാബി വിളകളുടെ ഉല്‍പാദനം 13 ശതമാനം വരെ വര്‍ധിക്കുമെന്നും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി അഭിപ്രായപ്പെടുന്നു. ഉല്‍പാദനം മെച്ചപ്പെട്ടതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യധാന്യ കരുതല്‍ ശേഖരത്തിലും വന്‍ വര്‍ധനയുണ്ട്. അഞ്ച് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന സംഭരണമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. 2018 മേയ് 1 ലെ കണക്ക് പ്രകാരം കേന്ദ്ര പൂളില്‍ സംഭരിച്ചിരിക്കുന്നത് 23.5 ദശലക്ഷം ടണ്‍ അരിയാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 11 ശതമാനവും ഏപ്രില്‍ മാസത്തിലേതിനേക്കാള്‍ രണ്ട് ശതമാനവും അധികമാണിത്. 2018-19 വിളവര്‍ഷം സാധാരണ രീതിയിലുള്ള മണ്‍സൂണ്‍ മഴ (97%) ലഭിക്കുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം കാര്‍ഷിക മേഖലയുടെ പ്രതീക്ഷ വീണ്ടും വാനോളം ഉയര്‍ത്തിയിട്ടുണ്ട്.

ഉല്‍പാദനം മെച്ചപ്പെട്ടതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യധാന്യ കരുതല്‍ ശേഖരത്തിലും വന്‍ വര്‍ധനയുണ്ട്. 2018 മേയ് 1 ലെ കണക്ക് പ്രകാരം കേന്ദ്ര പൂളില്‍ സംഭരിച്ചിരിക്കുന്നത് 23.5 ദശലക്ഷം ടണ്‍ അരിയാണ്.

അന്താരാഷ്ട്ര സാഹചര്യവും കയറ്റുമതിക്ക് അനുകൂലമാണെന്ന് ഇന്‍ഡ്-ആര്‍എ വിലയിരുത്തുന്നു. ഇന്ത്യന്‍ അരിയുടെ കയറ്റുമതി വില മല്‍സരക്ഷമമാണ്. കയറ്റുമതി വില അല്‍പം താഴ്ന്നു നില്‍ക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. സൗദി അറേബ്യയിലേക്കുള്ള ബാസ്മതി അരിയുടെയും ബംഗ്ലാദേശിലേക്കുള്ള സാധാരണ അരിയുടെ കയറ്റുമതിയും ഏപ്രിലില്‍ നിലച്ചത് മേഖലക്ക് തിരിച്ചടിയായിരുന്നു. ഇതേ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കയറ്റുമതിയില്‍ 0.5 മുതല്‍ ഒരു ദശലക്ഷം ടണ്‍ വരെ കുറവ് ഉണ്ടായേക്കാം. ബംഗ്ലാദേശ് സര്‍ക്കാര്‍ നെല്‍കൃഷിക്ക് വലിയ ശ്രദ്ധ കൊടുത്തതോടെയാണ് അവിടേക്കുള്ള ആവശ്യം കുറഞ്ഞിരിക്കുന്നത്.

അതേസമയം ഏപ്രില്‍ മാസത്തെ അഞ്ച് ശതമാനം ഇടിവില്‍ നിന്ന് ഇന്ത്യന്‍ അരിയുടെ അന്താരാഷ്ട്ര വില കരകയറുന്ന ലക്ഷണം കാണിക്കുന്നുണ്ട്. മേയ് മാസത്തില്‍ 1.5 ശതമാനം വില വര്‍ധിച്ചു. ഏപ്രിലില്‍ ക്വിന്റലിന് 2,940 രൂപയായിരുന്നു ഇന്ത്യന്‍ അരിയുടെ കയറ്റുമതി വില. മേയ് മാസത്തില്‍ അരി മില്ലുകാര്‍ താല്‍പര്യം കാട്ടുകയും കൂടുതല്‍ വ്യാപാര അന്വേഷണങ്ങള്‍ ഉണ്ടാവുകയും ചെയ്ത പശഅചാത്തലത്തില്‍ ബാസ്മതി അരിയുടെ ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

2017-18 വിളവര്‍ഷം ആകെ ഭക്ഷ്യ ധാന്യ ഉല്‍പാദനവും 277.49 ദശലക്ഷം ടണ്‍ എന്ന റെക്കോഡ് ഉയരത്തിലെത്തുമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 2016-17 ല്‍ 275.11 ആയിരുന്നു ധാന്യോല്‍പാദനം. അരി ഉല്‍പാദനം റെക്കോഡ് ഉയരത്തിലത്തുമെങ്കിലും ഗോതമ്പിന്റെയും എണ്ണക്കുരുക്കളുടെയും ഉല്‍പാദനം ഇടിഞ്ഞേക്കുമെന്നാണ് സൂചന. 2016-17 ല്‍ 98.51 ദശലക്ഷം ടണ്‍ ഉണ്ടായിരുന്ന ഗോതമ്പ് ഉല്‍പാദനം ഇത്തവണം 1.40 ദശലക്ഷം ടണ്‍ ഇടിഞ്ഞ് 97.11 ദശലക്ഷം ടണ്ണിലെത്തിയേക്കുമെന്നാണ് അനുമാനം. എങ്കിലും വാര്‍ഷിക ശരാശരിയേക്കാള്‍ 3.77 ദശലക്ഷം ടണ്‍ അധികമായിരിക്കും ഇത്. എണ്ണക്കുരുക്കളുടെ ഉല്‍പാദനം 29.82 ദശലക്ഷം ടണ്ണിലേക്ക് താഴുമെന്നും മന്ത്രാലയം കണക്കാക്കുന്നുണ്ട്.

Comments

comments

Categories: Business & Economy