വരുമാന വിപണി വിഹിതത്തില്‍ മൂന്നാമനായി ജിയോ

വരുമാന വിപണി വിഹിതത്തില്‍ മൂന്നാമനായി ജിയോ

ജിയോയുടെ വരുമാന വിപണി വിഹിതം 20 ശതമാനമായി വര്‍ധിച്ചു

കൊല്‍ക്കത്ത: വരുമാന വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയെന്ന നേട്ടം റിലയന്‍സ് ജിയോ സ്വന്തമാക്കിയതായി ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) റിപ്പോര്‍ട്ട്. ഐഡിയ സെല്ലുലാറിനെ പിന്തള്ളിയാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍ ഇന്ത്യയുടെ വരുമാന വിപണി വിഹിതത്തിന് തൊട്ടടുത്താണ് ജിയോയുടെ വരുമാന വിപണി വിഹിതം.

മാര്‍ച്ച് അവസാനത്തെ കണക്കുപ്രകാരം ജിയോയുടെ വരുമാന വിപണി വിഹിതം 20 ശതമാനമായി വര്‍ധിച്ചതായി ട്രായ്‌യുടെ കണക്കുകള്‍ പറയുന്നു. തൊട്ടുമുന്നിലുള്ള വോഡഫോണിന്റെ വരുമാന വിപണി വിഹിതം 21 ശതമാനമാണ്. അതേസമയം, ഐഡിയ സെല്ലുലാറിന്റെ വരുമാന വിപണി വിഹിതം 16.5 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. 32 ശതമാനം വരുമാന വിപണി വിഹിതവുമായി സുനില്‍ മിത്തല്‍ നയിക്കുന്ന ഭാരതി എയര്‍ടെല്‍ തന്നെയാണ് ഇന്ത്യന്‍ വിപണിയില്‍ മുന്നിലുള്ളത്. ജിയോയുടെ ആക്രമണോത്സുകമായ നിരക്ക് ഘടനയാണ് മറ്റ് ടെലികോം കമ്പനികളെ സമ്മര്‍ദത്തിലാക്കിയതെന്നും ട്രായ് വ്യക്തമാക്കി.

സേവനം ആരംഭിച്ച് 19 മാസത്തിനുള്ളിലാണ് ജിയോ വരുമാന വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കമ്പനിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഐഡിയ-വോഡഫോണ്‍ ലയനം അടുത്തിരിക്കെയാണ് ജിയോയുടെ വിപണി വിഹിതം ഉയര്‍ന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലയനം നടക്കുന്നതോടെ 37.5 ശതമാനം വരുമാന വിപണി വിഹിതവുമായി വോഡഫോണ്‍-ഐഡിയ സംരംഭം രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാകും. രണ്ടാം സ്ഥാനത്ത് എയര്‍ടെലും മൂന്നാം സ്ഥാനത്ത് ജിയോയുമായിരിക്കും.

18 സര്‍ക്കിളുകളില്‍ ഇതിനോടകം ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താന്‍ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. 15 സര്‍ക്കിളുകളില്‍ 25 ശതമാനത്തിലധികം എജിആര്‍ (ക്രമീകൃത മൊത്ത വരുമാനം) വിപണി വിഹിതമാണ് ജിയോയ്ക്കുള്ളതെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് പറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ജിയോയുടെ എജിആര്‍ 18 ശതമാനം വര്‍ധിച്ച് 6,300 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവയുടെ എജിആറില്‍ യഥാക്രം 5.5 ശതമാനം, 4.8 ശതമാനം 8.8 ശതമാനം എന്നിങ്ങനെ ഇടിവുണ്ടായതായി ട്രായ് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഐസിഐസിഐ സെക്യൂരിറ്റീസ് പവ്യക്തമാക്കി.

വരുമാന വിപണി വിഹിതത്തിലെ ശക്തമായ വളര്‍ച്ച വോഡഫോണ്‍ ഇന്ത്യയെ എളുപ്പത്തില്‍ മറികടക്കാന്‍ ജിയോയ്ക്ക് കഴിയുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് ഫിലിപ്പ് കാപിറ്റലില്‍ നിന്നുള്ള ടെലികോം അനലിസ്റ്റ് നവീന്‍ കുല്‍ക്കര്‍ണി പറഞ്ഞു.

Comments

comments

Categories: Business & Economy