റെയ്ല്‍വേയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കില്ല: പിയുഷ് ഗോയല്‍

റെയ്ല്‍വേയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കില്ല: പിയുഷ് ഗോയല്‍

നടപ്പുസാമ്പത്തിക വര്‍ഷം 5,000 കിലോമീറ്റര്‍ ട്രാക്കുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്

ന്യൂഡെല്‍ഹി: ട്രെയ്‌നുകളുടെ പ്രവര്‍ത്തനം, സിഗ്‌നലിംഗ് തുടങ്ങിയ റെയ്ല്‍വേയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് റെയ്ല്‍വേ മന്ത്രി പിയുഷ് ഗോയല്‍. ഇത്തരത്തിലുള്ള യാതൊരു നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടില്ലെന്നും പിയുഷ് ഗോയല്‍ വ്യക്തമാക്കി. കഴിഞ്ഞ നാല് വര്‍ഷകാലത്തെ റെയ്ല്‍വേയുടെ നേട്ടങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷെഡ്യൂള്‍ അനുസരിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പ്രത്യേക സമയപരിധികള്‍ നിശ്ചയിക്കുമെന്നും ഇതുവഴി ട്രെയ്ന്‍ സര്‍വീസുകളെ വലിയ തോതില്‍ ബാധിക്കാതെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. ഒരു സെക്ഷന്‍ റെയ്ല്‍വേ ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ ആവശ്യമായിട്ടുള്ള നിശ്ചിത സമയത്തെയാണ് ഒരു ബ്ലോക്ക് എന്ന് പറയുന്നത്. ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ള സമയത്ത് ഒരു ട്രെയ്ന്‍ സര്‍വീസും ഈ റൂട്ടുകളില്‍ അനുവദിക്കുന്നതല്ല. ഇത് നടപ്പാക്കുന്നതിന് പാസഞ്ചര്‍ ട്രെയ്‌നുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടതായി വരുമെന്നും ഗോയല്‍ പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്ക് നിശ്ചിത സമയം അനുവദിക്കുന്നതിന് ഇന്ത്യന്‍ റെയ്ല്‍വേയുടെ എന്‍ജിനീയറിംഗ്, ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

റെയ്ല്‍വേ ആസ്തികളുടെ അറ്റകുറ്റപ്പണികളുടെ ചുമതലയാണ് എന്‍ജിനീയറിംഗ് വിഭാഗത്തിനുള്ളത് ട്രെയ്‌നുകളുടെ സമയം പാലിക്കുന്നതിലാണ് ട്രാഫിക് വിഭാഗം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 4,405 കിലോമീറ്റര്‍ ട്രാക്കുകളാണ് നവീകരിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 2,597 കിലോമീറ്റര്‍ ആയിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷം 5,000 കിലോമീറ്റര്‍ ട്രാക്കുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നതെന്ന് റെയ്ല്‍വേ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള മുഹമ്മദ് ജംഷദ് പറഞ്ഞു.

Comments

comments

Categories: More