നെറ്റ് ന്യൂട്രാലിറ്റി: അമേരിക്കയില്‍ വീണ്ടും ചര്‍ച്ചയാകുന്നു

നെറ്റ് ന്യൂട്രാലിറ്റി: അമേരിക്കയില്‍ വീണ്ടും ചര്‍ച്ചയാകുന്നു

നിയന്ത്രണങ്ങളൊന്നുമില്ലാതെ ആര്‍ക്കും എവിടെയും എപ്പോഴും എല്ലാ ഉള്ളടക്കവും ലഭ്യമാണെന്ന് ഉറപ്പാക്കുന്നതാണ് നെറ്റ് ന്യൂട്രാലിറ്റി. എന്നാല്‍ നെറ്റ് ന്യൂട്രാലിറ്റിയില്‍നിന്നും പിന്‍വാങ്ങുകയാണ് അമേരിക്ക. ഇതിലൂടെ ടെലികോം രംഗത്ത് കൂടുതല്‍ നിക്ഷേപം കൈവരിക്കാനാകുമെങ്കിലും 21-ാം നൂറ്റാണ്ടിന്റെ ഏറ്റവും ശക്തമായ ആശയവിനിയമ ഉപകരണമെന്നു വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റിന്റെ സേവനം പരിമിതപ്പെടുത്തന്നതിലൂടെ സമൂഹത്തിന്റെ വികസനം ഇല്ലാതാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റര്‍നെറ്റ് നിഷ്പക്ഷത സംബന്ധിച്ച ചര്‍ച്ചകള്‍ അമേരിക്കയില്‍ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. അമേരിക്കയില്‍ ടെലികോം കമ്പനികള്‍ക്ക് അധികാരം വിപുലപ്പെടുത്താനുള്ള സാഹചര്യം തിങ്കളാഴ്ച മുതല്‍ (ജൂണ്‍ 11) കൈവന്ന സാഹചര്യത്തിലാണിത്. അമേരിക്കയില്‍ ഇന്റര്‍നെറ്റിനെ നിയന്ത്രിക്കുന്ന രീതിയും നിയമങ്ങളുമൊക്കെ മാറുകയാണ്. ഒബാമയുടെ ഭരണകാലത്തു പാസാക്കിയ നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങളാണു മാറുന്നത്. ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ ഉള്ളടക്കവും യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും ലഭ്യമാക്കണമെന്നതായിരുന്നു ഒബാമ ഭരണകാലത്തെ നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍. എന്നാല്‍ ആ നിയമങ്ങളാണു ജൂണ്‍ 11ന് ഇല്ലാതാവുന്നത്. ഇതോടെ ഇന്റര്‍നെറ്റ് ലഭ്യതയുടെ കാര്യത്തില്‍ ടെലികോം സേവനദാതാക്കള്‍ക്കു കൂടുതല്‍ അധികാരം കൈവരികയും ചെയ്യും.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്, ഒബാമ ഭരണകൂടത്തിന്റെ കാലത്തു പാസാക്കിയ നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച നിയമം പിന്‍വലിക്കാനുള്ള അനുമതി എഫ്‌സിസിക്ക് (ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മിഷന്‍) ലഭിച്ചത്. ഇന്ത്യയിലെ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പോലെയാണ് അമേരിക്കയില്‍ എഫ്‌സിസി. ഇന്ത്യന്‍ വംശജനായ അജിത് പൈയാണ് എഫ്‌സിസിയുടെ അധ്യക്ഷന്‍. ഇദ്ദേഹം ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗം കൂടിയാണ്. ഒബാമയുടെ നെറ്റ് ന്യൂട്രാലിറ്റി നിയമം പിന്‍വലിക്കണമെന്ന നിര്‍ദേശം എഫ്‌സിസിയില്‍ അവതരിപ്പിച്ചത് അജിത് പൈയാണ്. ആ നിര്‍ദേശം വോട്ടിനിട്ടപ്പോള്‍ 3-2 നു പാസായി. കാരണം എഫ്‌സിസിയില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്മാര്‍ക്കാണ്. അജിത് പൈയുടെ നിര്‍ദേശം 3-2നു പാസായെങ്കിലും ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ടായിരുന്നു. മേയ് മാസം അതും ലഭിക്കുകയുണ്ടായി. ഇതോടെയാണു നെറ്റ് ന്യൂട്രാലിറ്റിയോട് ഗുഡ്‌ബൈ പറയാനുള്ള സാഹചര്യമുണ്ടായത്.

  • നെറ്റ് ന്യൂട്രാലിറ്റിയില്‍നിന്നും പിന്‍മാറാനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചത് 2017 ഡിസംബറിലാണ്. അന്നായിരുന്നു എഫ്‌സിസി (ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍) നെറ്റ് ന്യൂട്രാലിറ്റിയില്‍നിന്നും പിന്‍വാങ്ങണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകയും വോട്ടിനിട്ടപ്പോള്‍ 3-2 ന് നിര്‍ദേശം പാസാവുകയും ചെയ്തത്.
  • 2015-ല്‍ ഒബാമ ഭരണകൂടമാണ് നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ നടപ്പിലാക്കിയത്. ഈ നിയമമാണ് ഇപ്പോള്‍ ഇല്ലാതാകുന്നത്.
  • നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാവുന്നതോടെ ഓണ്‍ലൈനില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമാകും. അതോടൊപ്പം ഒരു വ്യക്തിക്ക് ഇന്റര്‍നെറ്റിലൂടെ അറിവ് നേടാനുള്ള അവസരവും ഇല്ലാതാകും.
  • ഇത്രയും നാള്‍ ഓണ്‍ലൈനില്‍ സൗജന്യമായി ലഭിച്ചിരുന്ന ചില ഉള്ളടക്കങ്ങള്‍, ഇനി മുതല്‍ ലഭ്യമാകണമെങ്കില്‍ പണം മുടക്കേണ്ട സാഹചര്യം വരും.
  • നെറ്റ് ന്യൂട്രാലിറ്റിയില്‍നിന്നും പിന്മാറുന്നതോടെ അമേരിക്കയില്‍ ടെലികോം രംഗത്തെ ഭീമന്മാരായ എടി&ടി, കോംകാസ്റ്റ്, വെരിസോണ്‍ എന്നിവര്‍ക്ക് വന്‍ നേട്ടമുണ്ടാകുമെന്നാണു കണക്കാക്കുന്നത്.

അമേരിക്കയും ഇന്റര്‍നെറ്റും

ആശയവിനിമയത്തിനുള്ള 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഉപകരണമാണ് ഇന്റര്‍നെറ്റ്. ഇന്ന് ഇന്റര്‍നെറ്റ്, അമേരിക്കന്‍ ജനതയുടെ ജീവിതത്തില്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്. അവിടെ ഒരാള്‍ക്ക് ജോലി കണ്ടെത്തണമെങ്കിലും, വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും, ആരോഗ്യ സേവനം ലഭിക്കണമെങ്കിലും ഇന്റര്‍നെറ്റ് അത്യാവശമാണ്. അമേരിക്കന്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, ഇന്റര്‍നെറ്റിനെ കാണുന്നതു മെച്ചപ്പെട്ട ജീവിതത്തിലേക്ക്, അഭിവൃദ്ധിയിലേക്കു ചലിക്കാനുള്ള ഒരു ഉപകരണമായിട്ട് കൂടിയാണ്. അമേരിക്കയില്‍ 69 ദശലക്ഷം ആളുകള്‍ വീട് അടിസ്ഥാനമാക്കിയ ഇന്റര്‍നെറ്റ് സേവനം ഇല്ലാത്തവരാണ്. അവിടെ ഗ്രാമീണ മേഖലയില്‍ താമസിക്കുന്ന ചിലരും, താഴ്ന്ന വരുമാനമുള്ളവരും ബ്രോഡ്ബാന്‍ഡ് സേവനം ഉപയോഗിക്കുന്നില്ല. കാരണം അവര്‍ക്ക് അതിന്റെ ചെലവ് വഹിക്കാനാകുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ബ്രോഡ്ബാന്‍ഡ് ഉള്ളവരിലും ഇല്ലാത്തവരിലും തമ്മില്‍ സാമ്പത്തികമായ, വിദ്യാഭ്യാസപരമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് എല്ലാവര്‍ക്കും എപ്പോഴും ലഭ്യത ഉറപ്പാക്കുന്ന നെറ്റ് ന്യൂട്രാലിറ്റിയില്‍നിന്നും പിന്‍മാറാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ആവിര്‍ഭവിച്ച കാലം മുതല്‍ ഇന്റര്‍നെറ്റ് തുറന്ന, നിഷ്പക്ഷ പ്ലാറ്റ്‌ഫോമാണ്. നിയമവിധേയമായി ഇന്റര്‍നെറ്റിലേക്ക് എത്തുന്നവരെയെല്ലാം തുല്യമായി തന്നെ കാണണമെന്ന തത്വം ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയ്ക്കു വിത്ത് പാകിയ ഇന്നൊവേഷന്റെ ഭാഗം കൂടിയായിരുന്നു. പക്ഷേ ഇത്രയും കാലം മനസിലാക്കിയിരുന്ന ഇന്റര്‍നെറ്റ് മാറ്റത്തിനു വിധേയമാവുകയാണ്.

നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാകുന്നതോടെ, ഗുണവും ദോഷവുമുണ്ട്. ഗുണം കൂടുതലും കോര്‍പറേറ്റ് ഭീമന്മാര്‍ക്കാണ്. 21-ാം നൂറ്റാണ്ടിലും അമേരിക്കയില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി ചുരുങ്ങുമെന്ന അവസ്ഥ സംജാതമായിരിക്കുകയാണ്.

ആശങ്കയോടെ ഇന്റര്‍നെറ്റ് ലോകം

ഇനി മുതല്‍ ഓണ്‍ലൈനില്‍ ഉള്ളടക്കം ലഭ്യമാക്കുന്ന കാര്യത്തില്‍ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാര്‍ അഥവാ സേവനദാതാക്കള്‍ക്കു കൂടുതല്‍ നിയന്ത്രണാധികാരങ്ങള്‍ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതാകട്ടെ നെറ്റ് നിഷ്പക്ഷതയെ അനുകൂലിക്കുന്നവരെ ആശങ്കയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമം നടപ്പിലാകുന്നത് എടി & ടി, ചാര്‍ട്ടര്‍, കോംകാസ്റ്റ്, വെരിസോണ്‍ തുടങ്ങിയ വന്‍കിട ബ്രോഡ്ബാന്‍ഡ് സേവനദാതാക്കള്‍ക്കു ഗുണകരമാകുമെന്നാണു വിലയിരുത്തുന്നത്. നെറ്റ് ന്യൂട്രാലിറ്റി ഉപേക്ഷിക്കുന്നതു വഴി ടെലികോം രംഗത്ത് പ്രത്യേകിച്ച് അമേരിക്കയുടെ ഗ്രാമീണ മേഖലയില്‍ വന്‍ നിക്ഷേപം കൈവരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. നെറ്റ് ന്യൂട്രാലിറ്റിയോട് ഗുഡ്‌ബൈ പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു കാര്യം കൂടി അമേരിക്ക ഉറ്റുനോക്കുന്നുണ്ട്. അത് ജൂണ്‍ 12ന് അമേരിക്കയിലെ ഫെഡറല്‍ ജഡ്ജ് പുറപ്പെടുവിക്കാനിരിക്കുന്ന ഒരു വിധിയാണ്. എടി&ടിക്കു ടൈം വാര്‍ണറെ സ്വന്തമാക്കാന്‍ സാധിക്കുമോ എന്നതു സംബന്ധിച്ചാണു വിധി പുറപ്പെടുവിക്കുക. മാധ്യമ, വിനോദ രംഗത്ത് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയാണ് ടൈം വാര്‍ണര്‍. കോംകാസ്റ്റും, വാള്‍ട്ട് ഡിസ്‌നിയും കഴിഞ്ഞാല്‍ വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തെ മൂന്നാമത്തെ വലിയ വിനോദ സ്ഥാപനം എന്ന ഖ്യാതി അലങ്കരിക്കുന്നുണ്ട് ടൈം വാര്‍ണര്‍. എച്ച്ബിഒ, സിഎന്‍എന്‍ തുടങ്ങിയവയും ടൈം വാര്‍ണറുടെ ഉടമസ്ഥതയിലുള്ളതാണ്. എടി&ടിയാകട്ടെ, അമേരിക്കയിലെ രണ്ടാമത്തെ വലിയ വയര്‍ലെസ് ശൃംഖലയുമാണ്. വിനോദരംഗത്തെ വലിയൊരു ഉള്ളടക്കം സ്വന്തമായുള്ള ടൈം വാര്‍ണറെ സ്വന്തമാക്കിയാല്‍ എടി&ടിക്ക് ലഭിക്കുന്നത് വലിയൊരു കുത്തക സമാനമായ സാഹചര്യമായിരിക്കുമെന്നും അത് അവരുടെ എതിരാളികള്‍ക്കു ദോഷകരമാകുമെന്നുമാണ് അമേരിക്കയിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാദം. ഇതു ചൂണ്ടിക്കാണിച്ചാണു ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന്മേലുള്ള വിധിയാണു ചൊവ്വാഴ്ച (ജൂണ്‍ 12) ഫെഡറല്‍ ജഡ്ജ് പുറപ്പെടുവിക്കുക.

ഇന്റര്‍നെറ്റ്, അമേരിക്കന്‍ ജനതയുടെ ജീവിതത്തില്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്. അവിടെ ഒരാള്‍ക്ക് ജോലി കണ്ടെത്തണമെങ്കിലും, വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും, ആരോഗ്യ സേവനം ലഭിക്കണമെങ്കിലും ഇന്റര്‍നെറ്റ് അത്യാവശമാണ്. അമേരിക്കന്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, ഇന്റര്‍നെറ്റിനെ കാണുന്നതു മെച്ചപ്പെട്ട ജീവിതത്തിലേക്ക്, അഭിവൃദ്ധിയിലേക്കു ചലിക്കാനുള്ള ഒരു ഉപകരണമായിട്ട് കൂടിയാണ്.

എടി&ടിയും ടൈം വാര്‍ണറെയും പോലുള്ള വയര്‍ലെസ്, കേബിള്‍, കണ്ടന്റ് കൈവശമുള്ളവര്‍ ഒരുമിച്ചാല്‍, ടിവി ഷോ ഉള്‍പ്പെടെയുള്ള വിനോദ പരിപാടികള്‍ ഏതൊക്കെ വേണമെന്ന് അവര്‍ തീരുമാനിക്കുന്ന തലത്തിലേക്ക് എത്തുമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. അതിനു പുറമേ സേവനം ലഭ്യമാകണമെങ്കില്‍ ഉപഭോക്താക്കള്‍ക്കു വന്‍തുക ചെലവഴിക്കേണ്ട സാഹചര്യവുമുണ്ടാകുമെന്നും പറയപ്പെടുന്നു.

ഗുണവും ദോഷവും

നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാകുന്നതോടെ, ഗുണവും ദോഷവുമുണ്ട്. ഗുണം കൂടുതലും കോര്‍പറേറ്റ് ഭീമന്മാര്‍ക്കാണ്. 21-ാം നൂറ്റാണ്ടിലും അമേരിക്കയില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി ചുരുങ്ങുമെന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. എല്ലാ അമേരിക്കക്കാരും ബന്ധപ്പെട്ടിരിക്കുന്നെന്ന് ഉറപ്പുവരുത്താനുള്ള അടിസ്ഥാന ഉത്തരവാദിത്വം ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനുണ്ട് (എഫ്‌സിസി). പക്ഷേ അതേ എഫ്‌സിസി തന്നെയാണ് വിരുദ്ധമായി പ്രവര്‍ത്തിച്ചിരിക്കുന്നത്. അത്യാഗ്രഹികളായ കോര്‍പറേറ്റുകളല്ല, അമേരിക്കന്‍ ജനതയാണ് ഇന്റര്‍നെറ്റിനെ നിയന്ത്രിക്കേണ്ടത്. അമേരിക്കയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തെ രാഷ്ട്രീയ പ്രക്രിയയില്‍ ഏര്‍പ്പെടാന്‍ ഇന്റര്‍നെറ്റ് അനുവദിച്ചിരുന്നു, അധികാരി വര്‍ഗത്തോട് സത്യം വിളിച്ചു പറയാന്‍ സഹായിച്ചിരുന്നു, വിവേചനത്തിനെതിരേ പോരാടാനും ഇന്റര്‍നെറ്റ് സഹായിച്ചിരുന്നു. ചരിത്രത്തില്‍, രേഖപ്പെടുത്തേണ്ട സമൂഹത്തിന്റെ ഈ അധികാരവും, നിയന്ത്രണവുമൊക്കെയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കു കൈമാറുന്നത്.

Comments

comments

Categories: FK Special, Slider