മക്‌ഡൊണാള്‍ഡിന്റെ 15 ഔട്ട്‌ലെറ്റുകളില്‍ നടന്നത് റെക്കോഡ് വില്‍പ്പന

മക്‌ഡൊണാള്‍ഡിന്റെ 15 ഔട്ട്‌ലെറ്റുകളില്‍ നടന്നത് റെക്കോഡ് വില്‍പ്പന

തര്‍ക്കങ്ങള്‍ക്കിടയിലും കൃത്യമായ വിതരണം, ഉല്‍പ്പന്നത്തിന്റെയും സേവനത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കല്‍ തുടങ്ങിയവയില്‍ ശ്രദ്ധിച്ചെന്ന് വിക്രം ബക്ഷി

ന്യൂഡെല്‍ഹി: മക്‌ഡൊണാള്‍ഡിന്റെ നോര്‍ത്ത്,ഈസ്റ്റ് മേഖലകളിലെ 15 ഔട്ട്‌ലെറ്റുകളില്‍ മേയ് മാസത്തില്‍ റെക്കോഡ് വില്‍പ്പന രേഖപ്പെടുത്തിയതായി കൊണാട്ട് പ്ലാസ റെസ്റ്ററന്റ്‌സ് (സിപിആര്‍എല്‍) എംഡി വിക്രം ബക്ഷി പറഞ്ഞു. ‘ഈ റെസ്റ്റോറന്റുകള്‍ ആരംഭിച്ചതിന് ശേഷം വില്‍പ്പനയുടെ അടിസ്ഥാനത്തിലുള്ള എക്കാലത്തേയും വലിയ ഉയര്‍ച്ചയാണിത്. വിവാദങ്ങള്‍ ഉപഭോക്താക്കളെ സ്വാധീനിച്ചില്ലെന്നാണ് ഈ വളര്‍ച്ച കാണിക്കുന്നത്. പ്രശ്‌നങ്ങള്‍ക്കിടയിലും കൃത്യമായ വിതരണം, ഉല്‍പ്പന്നത്തിന്റെയും സേവനത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കല്‍ തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നുണ്ട്’, വിക്രം ബക്ഷി പറഞ്ഞു. ഡെല്‍ഹി, കൊല്‍ക്കത്ത, ഗ്വാളിയാര്‍, ലക്‌നൗ എന്നിവിടങ്ങളിലുള്ള റെസ്റ്റോറന്റുകളില്‍ 2-17 ശതമാനം വരെ വര്‍ധന വില്‍പ്പനയില്‍ ഉണ്ടായെന്ന് സിപിആര്‍എല്‍ ഡാറ്റ കാണിക്കുന്നു.

യുഎസ് കമ്പനിയായ മക്‌ഡൊണാള്‍ഡും ഇന്ത്യന്‍ ഫ്രാഞ്ചൈസിയായ സിപിആര്‍എലും തമ്മില്‍ നിലവില്‍ നിയമ പോരാട്ടം നടത്തി വരികയാണ്. സിപിആര്‍എല്‍ കരാര്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് മക്‌ഡൊണാള്‍ഡ് ഫ്രാഞ്ചസൈി കരാര്‍ റദ്ദാക്കുകയായിരുന്നു. ഇതേതുടര്‍ന്നുള്ള നിയമ പോരാട്ടമാണ് ഇരുകമ്പനികളും തമ്മില്‍ നടത്തി വരുന്നത്. സിപിആര്‍എലിന്റെ കീഴിലുള്ള റെസ്‌റ്റോറന്റുകളില്‍ നിന്നും ഒന്നും വാങ്ങരുതെന്ന് മക്‌ഡൊണാള്‍ഡ് ഇന്ത്യ ആരോഗ്യ ഉപദേശം നല്‍കിയിരുന്നു. സിപിആര്‍എലിന് കീഴിലുള്ള ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ മക്‌ഡൊണാള്‍ഡ് ഇന്ത്യയ്ക്ക് നേരിട്ട് പങ്കില്ല.

നിലവില്‍ 164 സ്റ്റോറുകളാണ് സിപിആര്‍എല്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പലതും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചുപൂട്ടിയിരുന്നു. മക്‌ഡൊണാള്‍ഡ് ഇന്ത്യയുടെ ഏറ്റവും വലിയ സ്റ്റോറായ ഡെല്‍ഹിയിലെ 140 സീറ്റുകളുള്ള സ്‌റ്റോറും ഇതില്‍ ഉള്‍പ്പെടുന്നു. 2017 ഓഗസ്റ്റിലാണ് സിപിആര്‍എലുമായുള്ള സംയുക്ത സംരംഭം റദ്ദാക്കിയതായി മക്‌ഡൊണാള്‍ഡ് പ്രഖ്യാപിച്ചത്. തങ്ങളുടെ ബ്രാന്‍ഡ് സിസ്റ്റം, ട്രേഡ്മാര്‍ക്, ഡിസൈന്‍, അനുബന്ധ ബൗദ്ധിക സ്വത്തുക്കള്‍ എന്നിവ സിപിആര്‍എലിന് തുടര്‍ന്ന് ഉപയോഗിക്കാന്‍ അവകാശമില്ലെന്നും കമ്പനി അറിയിച്ചിരുന്നു. 2017 സെപ്റ്റംബര്‍ ആറിന് ഈ കാലാവധി അവസാനിച്ചെങ്കിലും സ്റ്റോറുകള്‍ സിപിആര്‍എല്‍ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.

സംയുക്ത സംരംഭത്തിലെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിക്രം ബക്ഷിയെ 2013 ഓഗസ്റ്റില്‍ മക്‌ഡൊണാള്‍ഡ് പുറത്താക്കിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ബക്ഷി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍സിഎല്‍ടി) സമീപിക്കുകയായിരുന്നു. തെറ്റായ ഭരണം, സമ്മര്‍ദം തുടങ്ങിയ കാര്യങ്ങളും മക്‌ഡൊണാള്‍ഡ് ഇന്ത്യക്കെതിരെ ബക്ഷി ആരോപിച്ചു. തുടര്‍ന്ന് 2017 ജൂലൈയില്‍ ബക്ഷിയെ മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തേക്ക് തിരികെ നിയമിച്ചു കൊണ്ട് ഉത്തരവിറക്കിയ എന്‍സിഎല്‍ടി മക്‌ഡൊണാള്‍ഡിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഈ നടപടിക്കെതിരെ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ മക്‌ഡൊണാള്‍ഡ് സമീപിച്ചു. ബക്ഷിക്കെതിരെ ലണ്ടനിലെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതിയില്‍ നല്‍കി പരാതിയില്‍ തങ്ങള്‍ക്ക് അനുകൂലമായി വിധിച്ച ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയേയും മക്‌ഡൊണാള്‍ഡ് സമീപിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy