ലിഥിയം അയോണ്‍ ബാറ്ററി: ചൈന, ജപ്പാന്‍ ആശ്രിതത്വം അവസാനിക്കുന്നു

ലിഥിയം അയോണ്‍ ബാറ്ററി: ചൈന, ജപ്പാന്‍ ആശ്രിതത്വം അവസാനിക്കുന്നു

സിഎസ്‌ഐആര്‍ വികസിപ്പിച്ച തദ്ദേശീയ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഇന്ത്യയിലെ ലിഥിയം അയോണ്‍ ബാറ്ററികളുടെ നിര്‍മാണം വൈകാതെ ആരംഭിക്കും

ന്യൂഡെല്‍ഹി: മൊബീല്‍ ഫോണുകള്‍ക്കും മറ്റും ആവശ്യമായ ലിഥിയം അയോണ്‍ ബാറ്ററികള്‍ ഇന്ത്യയില്‍ വൈകാതെ തന്നെ തദ്ദേശീയമായി ഉല്‍പാദിപ്പിക്കും. രാജ്യത്തെ ആദ്യ ലിഥിയം അയോണ്‍ ബാറ്ററി ഉല്‍പ്പാദന പദ്ധതിയുടെ സാങ്കേതിക വിദ്യാ കൈമാറ്റത്തിനായി സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (സിഇസിആര്‍ഐ) രാസി സോളാര്‍ പവര്‍ പ്രൈവറ്റ് ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പു വെച്ചു. കൗണ്‍സില്‍ ഓഫ് സയന്റിഫിക്ക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്‌ഐആര്‍) തമിഴ്‌നാട്ടിലെ കാരായ്ക്കുടിയിലുള്ള ഉപവിഭാഗമാണ് സിഇസിആര്‍ഐ. പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ അടിസ്ഥാനത്തിലാണ് കരാര്‍. ബെംഗലൂരുവിന് സമീപം, തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലിയിലാവും രാസി സോളാര്‍ കമ്പനി ഉല്‍പ്പാദന ഫാക്റ്ററി സ്ഥാപിക്കുക. കിലോവാട്ടിന് 15,000 രൂപക്ക് താഴേക്ക് ബാറ്ററി ഉല്‍പാദന ചെലവ് കുറച്ചു കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷ. മേല്‍ക്കൂരകളിലെ സോളാര്‍ പാനലുകള്‍ക്കാവശ്യമായ, ദീര്‍ഘകാല ജീവിത ചക്രമുള്ള ബാറ്ററികള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.

സിഎസ്‌ഐആറിന്റെ കീഴില്‍ ന്യൂഡെല്‍ഹിയിലുള്ള നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി, കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഗ്ലാസ് ആന്‍ഡ് സെറാമിക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി എന്നിവയുമായുള്ള പങ്കാളിത്തത്തോടെ ഡോ ഗോപു കുമാര്‍ അധ്യക്ഷനായുള്ള സിഎസ്ആര്‍-സിഇസിആര്‍ഐ വിദഗ്ധ സംഘമാണ് ലിഥിയം അയോണ്‍ സെല്ലുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

2017 ല്‍ രാജ്യത്ത് ഇറക്കുമതി ചെയത ലിഥിയം അയോണ്‍ ബാറ്ററികളുടെ മൂല്യം ഏതാണ്ട് 150 ദശലക്ഷം ഡോളറോളം വരും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിഥിയം അയോണ്‍ സെല്‍ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

ലിഥിയം അയോണ്‍ സെല്ലുകളുടെ ആദ്യമാതൃക ഉല്‍പാദിപ്പിക്കുന്നതിന് സിഎസ്‌ഐആര്‍-സിഇസിആര്‍ഐ ചെന്നൈയില്‍ സൗകര്യങ്ങള്‍ സജ്ജമാക്കിക്കഴിഞ്ഞെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ചെലവ് കുറയ്ക്കല്‍, ഉചിതമായ വിതരണ ശൃംഖല, വന്‍തോതിലുള്ള ഉല്‍പ്പാദനത്തിനുള്ള സാങ്കേതിക വിദ്യ എന്നിവക്കൊപ്പം ആഗോള ബൗദ്ധിക സ്വത്തവകാശങ്ങളും സ്വന്തമാക്കിക്കഴിഞ്ഞെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ ലിഥിയം അയോണ്‍ ബാറ്ററികള്‍ ഇറക്കുമതി ചെയ്യുന്നതിന് ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ച് വരുന്നത്. 2017 ല്‍ രാജ്യത്ത് ഇറക്കുമതി ചെയത ലിഥിയം അയോണ്‍ ബാറ്ററികളുടെ മൂല്യം ഏതാണ്ട് 150 ദശലക്ഷം ഡോളറോളം വരും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിഥിയം അയോണ്‍ സെല്‍ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

രാജ്യത്തിന്റെ വ്യാവസായിക മേഖലയടക്കം നിര്‍ണായക വിഭാഗങ്ങളില്‍ സാങ്കേതിക പിന്തുണ നല്‍കാന്‍ സിഎസ്‌ഐആറിനും അതിന്റെ ഗവേഷണ കേന്ദ്രങ്ങള്‍ക്കും സാധിക്കുമെന്നാണ് ഈ കണ്ടുപിടിത്തത്തോടെ തെളിഞ്ഞിരിക്കുന്നതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷവര്‍ധന്‍ പ്രതികരിച്ചു. 2022 ഓടെ 175 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം ലക്ഷ്യമിടുന്ന പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിക്കും വിദ്യുച്ഛക്തിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായുള്ള നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷനെയും പ്രോല്‍സാഹിപ്പിക്കുന്നതിന് ലിഥിയം അയോണ്‍ ബാറ്ററികളുടെ തദ്ദേശീയമായ ഉല്‍പ്പാദനം വന്‍തോതില്‍ സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2030 ഓടെ രാജ്യത്തെ പൊതു ഗതാഗതം പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളുപയോഗിച്ചാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. വന്‍തോതില്‍ ഊര്‍ജം സംഭരിച്ചു വെക്കാവുന്ന ബാറ്ററികളുടെ വിലക്കൂടുതലാണ് പദ്ധതിക്ക് തിരിച്ചടി. രാജ്യത്ത് ലിഥിയം അയോണ്‍ ബാറ്ററികളുടെ ഉല്‍പാദനം ആരംഭിക്കുന്നതോടെ ഈ കടമ്പ മറികടക്കാനാവും. ശ്രവണ ശക്തി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ ബാറ്ററികള്‍ മുതല്‍ ഒരു വലിയ ഗ്രാമത്തിനാകെ വൈദ്യുതി ലഭ്യമാക്കാനാവശ്യമായ ബാറ്ററികള്‍ വരെ ഉല്‍പാദിപ്പിക്കാനാകും.

Comments

comments

Categories: Business & Economy