കിം-ട്രംപ് കൂടിക്കാഴ്ച വിജയകരം; സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു

കിം-ട്രംപ് കൂടിക്കാഴ്ച വിജയകരം; സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു

സിംഗപ്പൂര്‍ സിറ്റി: ചരിത്രപരമായ കൂടിക്കാഴ്ചയ്ക്കാണ് ഇന്ന് ലോകം സാക്ഷ്യം വഹിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയാണ് ഇന്ന് ചര്‍ച്ചാ വിഷയം. കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് ഇരുനേതാക്കളും നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും സമാധാന ഉടമ്പടിയില്‍ ഒപ്പു വെക്കുകയും ചെയ്തു.

ഇന്ത്യന്‍ സംയം രാവിലെ 6.30 നാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയില്‍ ആണവനിരായുധീകരണം തുടങ്ങി പല വിഷയങ്ങളും ചര്‍ച്ചയായി എന്നാണ് റിപ്പോര്‍ട്ട്. സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും അതിനാല്‍ ആണവനിരായുധീകറണം ഉടന്‍ ആരംഭിക്കുമെന്ന് കിം ഉറപ്പ് നല്‍കിയതായും ട്രംപിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടിക്കാഴ്ച തുടര്‍ചര്‍ച്ചകള്‍ക്കും വഴിവെച്ചുവെന്നും വൈറ്റ് ഹൗസിലേക്ക് കിമ്മിനെ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരകൊറിയയുമായി പുതിയ ഒരു ബന്ധത്തിന് തുടക്കമിട്ടു. ഇരുരാജ്യങ്ങളുടെയും പുരോഗതിക്കും കൂടിക്കാഴ്ച വഴിയൊരുക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇരുനേതാക്കളും പരസ്പരം ആശംസകള്‍ കൈമാറിയും കൈകൊടുത്തും കൂടിക്കാഴ്ച അവസാനിപ്പിച്ചു.

സിംഗപ്പൂരിലെ സെന്റോസ ദ്വീപില്‍ കാപ്പെല്ലാ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഉത്തരകൊറിയന്‍ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

Comments

comments

Categories: FK News, Slider, Top Stories, World