പരമ്പരാഗത കലകളെ ഏകോപിപ്പിക്കാന്‍ ‘കലാ ദൃഷ്ടി’

പരമ്പരാഗത കലകളെ ഏകോപിപ്പിക്കാന്‍ ‘കലാ ദൃഷ്ടി’

അന്യം നിന്നുപോകുന്ന പരമ്പരാഗത കല- കരകൗശല മേഖലയിലെ കലാകാരന്‍മാരെ കോര്‍ത്തിണക്കുകയാണ് കലാ ദൃഷ്ടി. പുതുതലമുറയിലെ കഴിവുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും കലാകാരന്‍മാര്‍ക്ക് ഇന്ത്യയ്ക്കത്തും പുറത്തും മികച്ച വേദികള്‍ ഒരുക്കാനും ലക്ഷ്യമിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം

കലയും കലാകാരന്‍മാരും എക്കാലവും ഒരേപോലെ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടവരാണ്. സ്‌കൂള്‍ പഠനശേഷം ഒരു മികച്ച കരിയര്‍ തെരഞ്ഞെടുപ്പുകളില്‍ കല ഉള്‍പ്പെടാത്തതു കൊണ്ടുതന്നെ ഇന്നും കലാകാരന്‍മാര്‍ക്ക് പലയിടങ്ങളിലും മുന്‍ഗണനയില്ല. പഠിത്തത്തിനും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ഇടയില്‍ ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഒട്ടുമിക്കപ്പോഴും കല പ്രോല്‍സാഹിപ്പിക്കപ്പെടാറുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം. ചിലയിടങ്ങളില്‍ നിലനില്‍പ്പിനു വേണ്ടി കലാകാരന്‍മാര്‍ യാതന അനുഭവിക്കുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ സാമ്പത്തികമായി എത്തിപ്പിടിക്കാന്‍ കഴിയാത്തവിധം കുട്ടികള്‍ക്ക് ഇവ അന്യമാകുന്നുമുണ്ട്. ഈ ചിന്തയില്‍ നിന്നാണ് കലാ ദൃഷ്ടിയുടെ ഉദയം.

പാരമ്പരാഗത കലകളെ സംരക്ഷിച്ചു നിര്‍ത്തുന്നതിനൊപ്പം കഴിവുള്ള കുട്ടികളെ കലയിലേക്ക് ആകര്‍ഷിക്കുക എന്ന ആശയം മുന്‍നിര്‍ത്തിയാണ് അഞ്ജലി ജെയ്ന്‍ ഈ സന്നദ്ധ സംഘടനയ്ക്ക് രൂപം നല്‍കിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള പരിശീലന പരിപാടികളും ഇവര്‍ സംഘടിപ്പിക്കുന്നു. 2011ല്‍ ഡെല്‍ഹി ആസ്ഥാനമായി തുടങ്ങിയ സംരംഭം ഇന്ന് സിംഗപ്പൂരിലും സജീവമായി പ്രവര്‍ത്തിക്കുന്നു. അഞ്ജലിയുടെ മകള്‍ റിതികയാണ് സിംഗപ്പൂരില്‍ കലാദൃഷ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

കുട്ടികളിലെ സര്‍ഗശേഷി വളര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ പരിശീലനങ്ങള്‍ക്കാണ് കലാ ദൃഷ്ടി മുന്‍ഗണന നല്‍കുന്നത്. ഇതു സംബന്ധിച്ച് എട്ടാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് പേപ്പര്‍ ഗ്രാഫ്റ്റിംഗ്, കളിമണ്‍പാത്ര നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്

കലയോടുള്ള പാഷനാണ് കലാ ദൃഷ്ടി

രക്ഷിതാക്കള്‍ക്ക് ഒരു കരിയര്‍ എന്ന നിലയില്‍ കലയെ കാണാന്‍ കഴിയുന്നില്ല എന്നതാണ് ഈ രംഗം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി. കലാ ദൃഷ്ടിയുടെ സ്ഥാപകയായ അഞ്ജലിക്കും സമാനമായ അവസ്ഥ ചെറുപ്പത്തില്‍ നേരിടേണ്ടി വന്നിരുന്നു. കഴിവുണ്ടായിട്ടും ഒരു കരിയര്‍ തെരഞ്ഞെടുപ്പ് വേളയില്‍ കലയോട് കുടുംബത്തില്‍ നിന്നും വലിയ തോതിലുള്ള എതിര്‍പ്പാണ് എനിക്ക് ഉണ്ടായത്. ഡോക്റ്റര്‍, എന്‍ജിനീയര്‍ തുടങ്ങിയ മുഖ്യധാരാ കരിയറുകള്‍ക്കാണ് പ്രാധാന്യം കൂടുതല്‍. കുടുംബത്തിലെ എതിര്‍പ്പ് കാരണം കലാരംഗം വിട്ട് ടൂറിസം വകുപ്പില്‍ ജോലി ചെയ്യേണ്ടി വന്നു. എന്നാല്‍ കലയോടുള്ള പാഷന്‍ പിന്തുടരുന്നതിന്റെ ഭാഗമായി വിആര്‍എസ് എടുത്ത് കലാ ദൃഷ്ടിക്കു തുടക്കമിടാനുള്ള തീരുമാനത്തില്‍ ഇന്നും അഭിമാനമുണ്ട്- അഞ്ജലി പറയുന്നു.

പ്രാദേശിക തലത്തില്‍ കലാകാരന്‍മാര്‍ക്ക് മാറ്റുരയ്ക്കാനുള്ള ഒരു വേദി കൂടിയാണ് അഞ്ജലി ഈ സംഘടനയിലൂടെ ഒരുക്കുന്നത്. മേഖലയില്‍ വെല്ലുവിളികള്‍ നേരിടുന്ന കലാകാരന്‍മാരെ സഹായിക്കുക എന്നതിനൊപ്പം കലകളെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു ട്രെസ്റ്റ് എന്ന നിലയിലാണ് ഇതിന്റെ പ്രവര്‍ത്തനം. അടുത്തിടെ ഗാസിയാബാദ് ഡെവലപ്പമെന്റ് അതോറിറ്റിയും ഡെല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും വിവിധ പദ്ധതികളുടെ ഭാഗമായി കലാ ദൃഷ്ടി അംഗങ്ങളുടെ സേവനം ലഭ്യമാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ 70 മുതല്‍ 80ഓളം കലാകാരന്‍മാര്‍ ഈ സംരംഭത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ സിംപോസിയം, എക്‌സിബിഷന്‍ എന്നിവയില്‍ ഭാഗഭാക്കാകുന്നുണ്ട്. പുതുതലമുറയിലെ കഴിവുള്ള കുട്ടികളെ പരമ്പരാഗത കരകൗശല വിദ്യകളും മറ്റും പഠിപ്പിക്കാനുള്ള അവസരവും ഇവിടെയുള്ള കലാകാരന്‍മാര്‍ക്ക് ലഭ്യമാകുന്നു.

ഇന്ത്യയിലെ അസംഘടിതരായ കലാകാരന്‍മാരെ ഒരുമിച്ചു ചേര്‍ത്ത് ഇന്ത്യയ്ക്കു പുറത്ത് അവര്‍ക്കായി ആഗോള വേദികള്‍ ഒരുക്കുകയാണ് കലാ ദൃഷ്ടിയുടെ ലക്ഷ്യം. ഈ ലക്ഷ്യം സാധൂകരിക്കുന്നതിന്റെ ഭാഗമായാണ് സിംഗപ്പൂരില്‍ കലാ ദൃഷ്ടിയുടെ ശാഖയ്ക്ക് രൂപം നല്‍കിയത്

കുട്ടികളില്‍ സര്‍ഗശേഷി വളര്‍ത്താന്‍ പരിശീലനം

കുട്ടികളില്‍ ചെറുപ്പം മുതല്‍ തന്നെ അവരിലെ സര്‍ഗശേഷി വളര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കലാ ദൃഷ്ടി മുന്‍ഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമായി എട്ടാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് പേപ്പര്‍ ഗ്രാഫ്റ്റിംഗ്, കളിമണ്‍പാത്ര നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്. കൂടുതലും പരമ്പരാഗത കലകള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത്.

ഒരു നല്ല കലാകാരന് ഏറ്റവും അത്യാവശ്യമായി വേണ്ടത് യാത്രയാണ്. വിവിധ നാടുകളും അവിടുത്തെ കലകളും അടുത്തറിയാനും അവ മനസിലാക്കാനും കഴിയുന്നത് അവരിലെ ക്രിയേറ്റിവിറ്റി വികസിപ്പിക്കാന്‍ സഹായകമാണ്. നൃത്തവും സംഗീതവും എന്ന പോലെ തന്നെ പ്രാധാന്യമുള്ള വിഷയമാണ് ചിത്രം വരയ്ക്കുന്നതും പ്രതിമ നിര്‍മാണവുമെല്ലാം. കല ഏതുമാകട്ടെ, അത് അന്യം നിന്നുപോകാന്‍ ഇടവരുത്തരുത്. പരമ്പരാഗത കലകളുടെ അന്തസത്ത ഭാവിതലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഒരവസരവും പാഴാക്കാന്‍ പാടില്ല എന്നാണ് അഭിപ്രായം- അഞ്ജലി പറയുന്നു.

കലാകാരന്‍മാര്‍ക്ക് ആഗോള വേദി

ഇന്ത്യയിലെ അസംഘടിതരായ കലാകാരന്‍മാരെ ഒരുമിച്ചു ചേര്‍ത്ത് ഇന്ത്യയ്ക്കു പുറത്ത് അവര്‍ക്കായി ആഗോള വേദികള്‍ ഒരുക്കുകയാണ് കലാ ദൃഷ്ടിയുടെ ലക്ഷ്യം. ഈ ലക്ഷ്യം സാധൂകരിക്കുന്നതിന്റെ ഭാഗമായാണ് സിംഗപ്പൂരില്‍ കലാ ദൃഷ്ടിയുടെ ശാഖയ്ക്ക് രൂപം നല്‍കിയത്. സിംഗപ്പൂര്‍ താരതമ്യേന ഇത്തരത്തിലുള്ള കലകള്‍ക്ക് ഏറെ പിന്തുണ നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാണ്. ഏഷ്യയിലും യൂറോപ്പിലുമുള്ള വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യയിലെ കലാകാരന്‍മാര്‍ക്ക് മികച്ച പ്ലാറ്റ്‌ഫോം ഒരുക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്- അഞ്ജലി പറയുന്നു. ചെറുപ്പത്തില്‍ കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം ഇത്തരത്തില്‍ കലാകാരന്‍മാര്‍ക്കായുള്ള വേദി ഒരുക്കിക്കൊണ്ട് നികത്തുകയാണ് അഞ്ജലി. തന്റെ അറുപതാം വയസിലും കലയ്ക്കു വേണ്ടി യാത്ര ചെയ്യാനും മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും എല്ലാവിധ പിന്തുണയും നല്‍കി റിതികയും ഒപ്പമുണ്ട്.

 

Comments

comments

Categories: FK Special, Slider