എണ്‍പത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഹ്യുണ്ടായ് ഇന്ത്യ

എണ്‍പത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഹ്യുണ്ടായ് ഇന്ത്യ

1998 ലാണ് ഹ്യുണ്ടായ് ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിച്ചുതുടങ്ങിയത്. സാന്‍ട്രോ ആയിരുന്നു ആദ്യ മോഡല്‍

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ എണ്‍പത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഹ്യുണ്ടായ് ഇന്ത്യ പുതിയ നാഴികക്കല്ല് താണ്ടി. മാരുതി സുസുകി കഴിഞ്ഞാല്‍ ഇന്ത്യയില്‍ രണ്ടാമതാണ് ഈ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍. നിലവില്‍ ഇന്ത്യയിലെ കാര്‍ വിപണിയില്‍ പതിനാറ് ശതമാനത്തോളമാണ് ഹ്യുണ്ടായുടെ വിപണി വിഹിതം. ഇന്ത്യയില്‍ രണ്ട് കോടി വാഹനങ്ങള്‍ നിര്‍മ്മിച്ചുവെന്ന സുസുകിയുടെ നേട്ടത്തിനു പിന്നാലെയാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ പ്രഖ്യാപനം വരുന്നത്.

1998 ലാണ് ഹ്യുണ്ടായ് ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിച്ചുതുടങ്ങിയത്. സാന്‍ട്രോ ആയിരുന്നു ആദ്യ മോഡല്‍. ഇന്ത്യയില്‍ എണ്‍പത് ലക്ഷം കാറുകള്‍ എന്ന എണ്ണം തികച്ച് പുറത്തിറങ്ങിയത് പുതിയ ഹ്യുണ്ടായ് ക്രെറ്റയാണ്. അതേസമയം സൂപ്പര്‍മിനി എന്ന നിലയില്‍ ഇന്ത്യയില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഹ്യുണ്ടായ് സാന്‍ട്രോ. മാരുതി സുസുകി ഓള്‍ട്ടോ, റെനോ ക്വിഡ് എന്നിവയായിരിക്കും പുതിയ സാന്‍ട്രോയുടെ എതിരാളികള്‍.

2006 ലാണ് പത്ത് ലക്ഷം കാറുകള്‍ എന്ന ഉല്‍പ്പാദന നാഴികക്കല്ല് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ താണ്ടിയത്. പത്ത് ലക്ഷം എന്ന എണ്ണം തികച്ച കാറായി പുറത്തുവരാനുള്ള ഭാഗ്യം ലഭിച്ചത് സാന്‍ട്രോ കാറിനായിരുന്നു (അന്ന് സാന്‍ട്രോ സിംഗ്). ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ച് എട്ട് വര്‍ഷത്തിനുശേഷമായിരുന്നു ഈ നേട്ടം. പിന്നീട് ഓരോ ഒന്നര വര്‍ഷം കൂടുമ്പോഴും ഹ്യുണ്ടായ് പത്ത് ലക്ഷത്തോളം കാറുകള്‍ നിര്‍മ്മിക്കുന്നതാണ് കണ്ടത്. 2016-17 സാമ്പത്തിക വര്‍ഷം ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ 5,36,241 കാറുകളാണ് നിര്‍മ്മിച്ചത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും വലിയ ഉല്‍പ്പാദനം. 1998 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഇന്ത്യയില്‍ ഇതുവരെ 53,00,967 കാറുകളാണ് വിറ്റത്. 27,03,581 കാറുകള്‍ കയറ്റുമതി ചെയ്തു.

ഇന്ത്യയില്‍ എണ്‍പത് ലക്ഷം കാറുകള്‍ എന്ന എണ്ണം തികച്ച് പുറത്തിറങ്ങിയത് പുതിയ ഹ്യുണ്ടായ് ക്രെറ്റയാണ്

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയെ സംബന്ധിച്ച് ഇത് ചരിത്രസംഭവമാണെന്ന് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വൈ കെ കൂ പറഞ്ഞു. ഇത്രയും ചെറിയ കാലയളവില്‍ ഈ മഹത്തായ നേട്ടം കൈവരിച്ച ഒരേയൊരു വാഹന നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായ് എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഹ്യുണ്ടായ് ഉപയോക്താക്കള്‍ക്കും ഹ്യുണ്ടായ് കുടുംബത്തിലെ ഓരോ അംഗത്തിനും ഈ നേട്ടം സമര്‍പ്പിക്കുന്നതായി വൈ കെ കൂ പറഞ്ഞു.

Comments

comments

Categories: Auto