എസ്‌സിഒ ഇന്ത്യ-പാക് ബന്ധത്തില്‍ വഴിത്തിരിവാകുമെന്ന് ചൈന

എസ്‌സിഒ ഇന്ത്യ-പാക് ബന്ധത്തില്‍ വഴിത്തിരിവാകുമെന്ന് ചൈന

ഇരു രാഷ്ട്രങ്ങളും അംഗങ്ങളായതിനുശേഷമുള്ള ആദ്യ എസ്‌സിഒ ഉച്ചകോടിയാണ് കഴിഞ്ഞദിവസം സമാപിച്ചത്

ബെയ്ജിംഗ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതില്‍ ഷാംഗ്ഹയ് സഹകരണ കൂട്ടായ്മ (എസ്‌സിഒ) നിര്‍ണായക പങ്കുവഹിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന് എസ്‌സിഒ മികച്ച വേദിയൊരുക്കുമെന്നും അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ ക്വിംഗ്ദാവോയില്‍ നടന്ന എസ്‌സിഒ ഉച്ചകോടിയുടെ സമാപനത്തിനുശേഷം ദേശീയ ടെലിവിഷന്‍ ചാനലായ സിജിടിഎന്നിനു നല്‍കിയ അഭിമുഖത്തിലാണ് വാംഗ് യി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. എസ്‌സിഒ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈനും പരസ്പരം കൈകൊടുത്ത് കുശലം പറഞ്ഞിരുന്നു.

റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ ആറ് രാഷ്ട്രങ്ങള്‍ ചേര്‍ന്ന് 2001ല്‍ രൂപീകരിച്ച ഷാംഗ്ഹയ് സഹകരണ സംഘത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും പാക്കിസ്ഥാനും അംഗത്വമെടുത്തത്. ഇരു രാഷ്ട്രങ്ങളും അംഗങ്ങളായതിനുശേഷമുള്ള ആദ്യ എസ്‌സിഒ ഉച്ചകോടിയാണ് കഴിഞ്ഞദിവസം സമാപിച്ചത്. ചരിത്രപരമായതും പരിഹരിക്കാന്‍ സാധിക്കാത്തതുമായ നിരവധി പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, എസ്‌സിഒയില്‍ അംഗത്വം നേടിയതോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി വാംഗ് യി പറഞ്ഞു.

ഷാംഗ്ഹയ് സഹകരണ സംഘത്തില്‍ അംഗത്വമെടുക്കുമ്പോള്‍ വിവിധ കരാറുകളില്‍ രാഷ്ട്രങ്ങള്‍ ഒപ്പുവെക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്യുന്നുണ്ട്. അംഗ രാഷ്ട്രങ്ങള്‍ തമ്മില്‍ നല്ല രീതിയിലുള്ളതും സൗഹൃദപരവുമായ ബന്ധം നിലനിര്‍ത്തണമെന്നും പരസ്പരം ശത്രുത വെച്ചുപുലര്‍ത്തരുതെന്നുമാണ് എസ്‌സിഒ മുന്നോട്ടുവെക്കുന്ന പ്രധാന വ്യവസ്ഥകളിലൊന്ന്. ഇതുസംബന്ധിച്ച കരാറുകളില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചിട്ടുണ്ട്. അതുകൊണ്ട് ഈ വ്യവസ്ഥകള്‍ പാലിക്കുന്നതിനുള്ള ഉത്തരവാദിത്തവും അവര്‍ക്കുണ്ടെന്ന് വാംഗ് യി വ്യക്തമാക്കി. എല്ലാ അംഗ രാഷ്ട്രങ്ങളുമായും അതിര്‍ത്തി പങ്കിടുന്നതിനാല്‍ അഫ്ഗാനിസ്ഥാന്റെ വികസനത്തിനായിരിക്കും എസ്‌സിഒ പ്രഥമ മുന്‍ഗണന നല്‍കുന്നതെന്നും ഇതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും വാംഗ് യി അറിയിച്ചു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട തലത്തിലേക്ക് നീങ്ങുന്നതോടെ മേഖലയില്‍ സമാധാനവും സുസ്ഥിരതയും കാത്തുസൂക്ഷിക്കാനാകുമെന്നും വാംഗ് യി അഭിപ്രായപ്പെട്ടു.

Comments

comments

Categories: World