ഐഐഎമ്മുകള്‍ക്ക് മേല്‍ നിയന്ത്രണം വേണോ

ഐഐഎമ്മുകള്‍ക്ക് മേല്‍ നിയന്ത്രണം വേണോ

ഐഐഎമ്മുകളെ നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന് ഒരു വശത്ത് ന്യായീകരണമുണ്ടെങ്കിലും നല്ല പ്രവണത അവയെ സ്വതന്ത്രമാക്കി വിടുന്നതാണ് നല്ലത്

രാജ്യത്തെ ഒന്നാംനിര മാനേജ്‌മെന്റ് സ്ഥാപനങ്ങളായ ഐഐഎമ്മുകളെ(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മനേജ്‌മെന്റ്) ഭാഗികമായി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയങ്ങള്‍ കൊണ്ടുവരുമെന്നാണ് വാര്‍ത്തകള്‍. ഐഐഎം ആക്റ്റിലൂടെ ബി സ്‌കൂളുകള്‍ക്ക് ലഭിച്ച അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് തടയാനാണ് സര്‍ക്കാര്‍ ഇടപെടല്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് വലിയ തോതില്‍ സ്വയംഭരണം നല്‍കുന്ന ഐഐഎം ആക്റ്റ് 2017, 2018 ഫെബ്രുവരി മുതലാണ് പ്രാബല്യത്തിലായത്. ഇതനുസരിച്ചാണ് അടുത്തിടെ ഐഐഎം കോഴിക്കാടിന്റെ ഡയറക്റ്റര്‍ സ്ഥാനത്തേക്ക് ദേബാശിഷ് ചാറ്റര്‍ജിയെ അവിടുത്തെ ബോര്‍ഡ് തിരിച്ചുവിളിച്ചത്. ഐഐഎം ആക്റ്റിന്റെ മികച്ച വശമായാണ് ഇത് വിലയിരുത്തപ്പെട്ടത്.

ഐഐഎമ്മുകളുടെ ഫീസ് ഘടന, വിദ്യാര്‍ത്ഥികളുടെ എണ്ണം, പെണ്‍കുട്ടികളുടെ പ്രാതിനിധ്യം, ഐഐഎമ്മുകള്‍ നല്‍കുന്ന ഡിഗ്രി, സമാഹരിക്കുന്ന തുക തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ കൂടി നിലപാടുകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ നീക്കേണ്ടി വന്നേക്കും ഇനി ഐഐഎം ബോര്‍ഡിന്. ഐഐഎം ചെയര്‍മാനെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കൂടി അഭിപ്രായം കണക്കിലെടുക്കേണ്ടി വരുമോയെന്നതും ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് സൂചന.

ഐഐഎമ്മുകളുടെ സ്വതന്ത്ര നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്നതാകും ഇതെന്ന് ഇപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇത്തരമൊരു ഇടപെടലിന് സര്‍ക്കാര്‍ ചിന്തിക്കുന്ന ന്യായവാദങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനും സാധിക്കില്ല, പ്രത്യേകിച്ചും ഫീസിന്റെ കാര്യത്തില്‍. ഐഐഎമ്മുകളുടെ ചെലവിടലിന് അനുസരിച്ചാകണം ഫീസും എന്നാണ് സര്‍ക്കാര്‍ നിലപാട്. അതായത് ഇപ്പോള്‍ ഐഐഎമ്മുകള്‍ പലതും വാങ്ങുന്ന വന്‍ഫീസിന് അനുസരിച്ച് തിരിച്ച് ചെയ്യുന്ന കാര്യങ്ങളില്‍ വ്യക്തതയില്ല. സ്വയംഭരണമെന്ന് പറഞ്ഞ് എത്ര ഫീസ് വേണമെങ്കിലും ഈടാക്കുന്ന സ്ഥിതി പറ്റില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

വളരെ ഉയര്‍ന്ന ഫീസ് വാങ്ങുന്ന ഐഐഎമ്മുകള്‍ 10 ശതമാനം കൂട്ടികള്‍ക്കെങ്കിലും 100 ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ടോയെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഒരു പ്രമഖു ദേശീയ ദിനപത്രത്തോട് ചോദിച്ചത്. ഈ ചോദ്യത്തില്‍ കാര്യമുണ്ട് താനും. ഫീസിന്റെ കാര്യത്തില്‍ കുറച്ച് കൂടി ക്രിയാത്മകമായ ഇടപെടല്‍ ഐഐഎമ്മുകളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.

ഐഐഎമ്മുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കിയതിലൂടെ വലിയ പരിഷ്‌കരണമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. പ്രത്യേകിച്ചും ചെയര്‍മാനെയും മറ്റും തെരഞ്ഞെടുക്കുന്ന കാര്യത്തില്‍. ചുവപ്പ് നാടകളില്ലാതെയും രാഷ്ട്രീയ അനുഭാവം നോക്കാതെയും സ്വതന്ത്രമായി ഒരു ഐഐഎമ്മിന് ഏറ്റവും അനുയോജ്യമായ മേധാവിയെ കണ്ടെത്താം എന്നത് നല്ല കാര്യം തന്നെയാണ്.

എല്ലാ ഐഐഎമ്മുകളുടെയും നിലവാരം വ്യത്യസ്തമാണ്. ഐഐഎം അഹമ്മദാബാദ് പോലുള്ള സ്ഥാപനങ്ങളുടെ തലത്തിലേക്ക് ഉയരാന്‍ മറ്റുള്ള സ്ഥാപനങ്ങളെയും പ്രാപ്തമാക്കുകയാണ് വേണ്ടത്. അതിന് സര്‍ക്കാരിന്റെ പിന്തുണയും നിയന്ത്രണവും ഒരു പക്ഷേ ഗുണം ചെയ്‌തേക്കും. എന്നാല്‍ പുതിയ നിയമഭേദഗതികളോടെ ഐഐഎമ്മിനെ കൂച്ചുവിലങ്ങിടുന്നതിനാകരുത് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അങ്ങനെ വന്നാല്‍ അത് ഐഐഎമ്മുകളുടെ തകര്‍ച്ചയിലേക്ക് തന്നെയാകും നയിക്കുക.

Comments

comments

Categories: Editorial, Slider