ടെലികോം നയത്തിന്റെ അന്തിമ കരട് മാസാവസാനം പരിഗണിക്കും

ടെലികോം നയത്തിന്റെ അന്തിമ കരട് മാസാവസാനം പരിഗണിക്കും

ഇന്റര്‍നെറ്റ് സമത്വം സംബന്ധിച്ച വിഷയത്തിലും ടെലികോം കമ്മീഷന്‍ നിലപാട് സ്വീകരിക്കും

ന്യൂഡെല്‍ഹി: ടെലികോം മേഖലയുടെ വികസനത്തിലൂടെ സമഗ്ര സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന ടെലികോം നയത്തിന്റെ അന്തിമ കരട് ഈ മാസം അവസാനം നടക്കാനിരിക്കുന്ന ടെലികോം കമ്മീഷന്റെ യോഗത്തില്‍ അനുമതിക്കായി എത്തുമെന്ന് സൂചന. ഇതോടൊപ്പം നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ടെലികോം കമ്മീഷന്‍ പരിഗണിക്കും. ജൂണ്‍ മാസത്തിലെ അവസാന ആഴ്ച ഇതുമായി ബന്ധപ്പെട്ട് യോഗം ചേരാനാണ് തീരുമാനം. കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് അന്തിമ അനുമതിക്കായാണ് ടെലികോം നയം കമ്മീഷന്‍ പരിഗണിക്കുന്നത്.

ദേശീയ കമ്യൂണിക്കേഷന്‍സ് ഡിജിറ്റല്‍ പോളിസി എന്ന് പേരിലുള്ള പുതിയ ടെലികോം നയത്തിന്റെ കരട് കഴിഞ്ഞ മാസമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം പുറത്തു വിട്ടത്. കൂടുതല്‍ പരിഷ്‌കാരങ്ങളുടെ പിന്‍ബലത്തോടെ 2022 ആകുമ്പോഴേക്കും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ രംഗത്ത് 6.5 ലക്ഷം കോടി രൂപയുടെ (100 ബില്യണ്‍ ഡോളര്‍) വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നതാണ് നയത്തിലൂടെ ലക്ഷ്യമിടുന്നത്. എട്ട് ലക്ഷം കോടി രൂപയോളം കടത്തില്‍ മുങ്ങി, മേഖല വലിയ തോതിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമയത്താണ് പുതിയ നയം വരുന്നത്. റിലയന്‍സ് ജിയോയുടെ കടന്നു വരവോടെ സൃഷ്ടിക്കപ്പെട്ട കടുത്ത മല്‍സരങ്ങള്‍ക്കിടയില്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനവും ലാഭസാധ്യതയും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ലയനങ്ങള്‍, ഏറ്റെടുപ്പുകള്‍, ചില കമ്പനികളുടെ വിപണിയില്‍ നിന്നുള്ള പുറത്തു പോക്ക് തുടങ്ങി ടെലികോം മേഖലയുടെ വലിയ തോതിലുള്ള ഏകീകരണത്തിലേക്കും ഇത് വഴി വച്ചിട്ടുണ്ട്.

പരിഷ്‌കാരങ്ങളുടെ പിന്‍ബലത്തോടെ 2022 ആകുമ്പോഴേക്കും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ രംഗത്ത് 6.5 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നതാണ് നയത്തിലൂടെ ലക്ഷ്യമിടുന്നത്.

ടെലികോം നയവുമായി ബന്ധപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രാലയം, മേയ് അവസാന വാരം ഓഹരിയുടമകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടിയിരുന്നു. 1,000 ല്‍ ഏറെ പ്രതികരണങ്ങളാണ് ഇതിനു ലഭിച്ചതെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഭിപ്രായങ്ങളെല്ലാം അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും, അതിനു ശേഷം ടെലികോം കമ്മീഷന്റെ അനുമതി തേടുമെന്നും ഇവര്‍ വ്യക്തമാക്കി.

ഇന്റര്‍നെറ്റ് സമത്വവും ഇതുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പ് മുന്നോട്ട് വച്ച നിര്‍ദേശങ്ങളും യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗജന്യവും എല്ലാവര്‍ക്കും ലഭ്യവുമായ ഇന്റര്‍നെറ്റ് എന്ന തത്വത്തെയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പിന്തുണക്കുന്നത്. ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവേചനപരമായ സമീപനം, ബ്ലോക്കിംഗ്, തരംതാഴ്ത്തല്‍, വേഗത കുറയ്ക്കല്‍, മുന്‍ഗണനാടിസ്ഥാനത്തില്‍ വേഗത അനുവദിക്കുന്നത് പോലുള്ള നടപടികള്‍ എന്നിവ തടയാനും ശുപാര്‍ശ ചെയ്യുന്നു. താഴെ തട്ടിലുള്ള സാധാരണ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഇന്റര്‍നെറ്റിനെ, നെറ്റ് ന്യൂട്രാലിറ്റിയുടെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ട്രായിയുടെ ശുപാര്‍ശ.

2022 ഓടെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവും തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ട് മേഖലയില്‍ വന്‍ നിക്ഷേപം ഉറപ്പാക്കുന്ന സ്വപ്‌ന പദ്ധതികളാണ് ടെലികോം നയത്തിലൂടെ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും 5ജി സാങ്കേതിക വിദ്യയും ക്ലൗഡ് കംപ്യൂട്ടിംഗുമടക്കം അതിനൂതന സംവിധാനങ്ങള്‍ നടപ്പാക്കി ഇന്ത്യന്‍ ടെലികോം മേഖലയുടെ മുഖച്ഛായ മാറ്റുന്നത് വിഭാവനം ചെയ്യുന്നതാണ് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ് പുറത്തു വിട്ട കരട് നയം.

Comments

comments

Categories: More