പൊതു സേവന കേന്ദ്രങ്ങളില്‍ ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

പൊതു സേവന കേന്ദ്രങ്ങളില്‍ ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

സിഎസ്‌സികളില്‍ ബാങ്കുകളുടെ എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി പീയൂഷ് ഗോയല്‍

ന്യൂഡെല്‍ഹി: എല്ലാ പൗരന്‍മാര്‍ക്കും ആയാസ രഹിതമായ ബാങ്കിംഗ് എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പൊതു സേവന കേന്ദ്രങ്ങളില്‍ (സിഎസ്‌സി) ബാങ്കിംഗ് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. രാജ്യത്തെ 2,90,000 പൊതു സേവന കേന്ദ്രങ്ങളില്‍ ഇപ്രകാരം അടിസ്ഥാന ബാങ്കിംഗ് സേവന സൗകര്യങ്ങള്‍ ലഭിക്കും. ബാങ്കുകളുടെ എക്സ്റ്റന്‍ഷന്‍ കൗണ്ടറുകളാവും ഇവിടെ തുറക്കുക. ബാങ്കുകളില്ലാത്ത, വിദൂര ഗ്രാമ പ്രദേശങ്ങളില്‍ പോലും പൊതു സേവന കേന്ദ്രങ്ങളുടെ സാന്നിധ്യമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നീക്കം. ഇവിടങ്ങളില്‍ ബാങ്കുകളന്വേഷിച്ചുള്ള ഗ്രാമീണരുടെ യാത്രക്ക് ഇതോടെ അന്ത്യമാകും.

ധനമന്ത്രി പീയൂഷ് ഗോയലാണ് പുതിയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ശുപാര്‍ശ ചെയ്തത്. പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പ്രതികരിച്ചു. ‘രാജ്യത്തെ 2,90,000 സിഎസ്‌സികളിലും ബാങ്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. സത്യസന്ധത പാലിക്കണമെന്നാണ് ഇതിനുള്ള ഏക നിബന്ധത. സത്യസന്ധതയെന്ന തത്വത്തിലൂന്നിയാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്,’ അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ 5,000 പൊതു സേവന കേന്ദ്രങ്ങളില്‍, ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ച വൈഫൈ സംവിധാനത്തിന്റെ ഉല്‍ഘാടനം നിര്‍വഹിക്കുകയായിരുന്നു പീയൂഷ് ഗോയല്‍. വൈഫൈ ചൗപ്പല്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അയ്യായിരം ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശം.

പരിപാടി നടപ്പായാല്‍ തന്റെ സ്വപ്‌നമാണ് പൂര്‍ത്തീകരിക്കപ്പെടുകയെന്നും മന്ത്രി പറഞ്ഞു. ‘ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കോര്‍ ബാങ്കിംഗ് നെറ്റ്‌വര്‍ക്കുമായി നമുക്ക് ബന്ധം സ്ഥാപിക്കാനാവും. പൊതു സേവന കേന്ദ്രങ്ങളില്‍ ബാങ്കുകളുടെ എക്സ്റ്റന്‍ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചാല്‍ എല്ലാ ഗ്രാമീണരുടെയും വീടിനടുത്ത് ഒരു ബാങ്ക് സ്ഥാപിക്കാനാവും’ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സിഎസ്‌സികള്‍ക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കാന്‍ പാരമ്പര്യ ഊര്‍ജ മന്ത്രാലയവുമായി സഹകരിച്ച് സൗരോര്‍ജ സംവിധാനം ഒരുക്കുന്നതിനും തയാറാണെന്ന് അദ്ദേഹം അറിയിച്ചു.

ഗ്രാമങ്ങളുടെ ഡിജിറ്റല്‍ ശാക്തീകരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൊതുസേവന കേന്ദ്രങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ മികച്ച പ്രാധാന്യമാണ് നല്‍കുന്നത്. ജൂണ്‍ 15 ന് പ്രധാനമന്ത്രി. സിഎസ്്‌സികള്‍ നടത്തുന്ന ഗ്രാമീണ തല സംരംഭകരെ അഭിസംബോധന ചെയ്യാനിരിക്കുകയാണ്.

ഗ്രാമങ്ങളിലെ അഭ്യസ്ത വിദ്യരായ സംരംഭകരാണ് പൊതു സേവന കേന്ദ്രങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിന്റെ എല്ലാ വിധ സേവനങ്ങളും അപേക്ഷകളും ഇതിലൂടെ ലഭ്യമാണ്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനം. ബാങ്കിംഗ് സംവിധാനം കൂടി എത്തുന്നതോടെ സിഎസ്‌സികള്‍ കൂടുതല്‍ ആകര്‍ഷകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ട്രെയ്ന്‍ ടിക്കറ്റ് ബുക്കിംഗ് ഏജന്റുമാരായും സിഎസ്‌സികള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഗ്രാമങ്ങളുടെ ഡിജിറ്റല്‍ ശാക്തീകരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൊതുസേവന കേന്ദ്രങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ മികച്ച പ്രാധാന്യമാണ് നല്‍കുന്നത്. ജൂണ്‍ 15 ന് പ്രധാനമന്ത്രി. സിഎസ്്‌സികള്‍ നടത്തുന്ന ഗ്രാമീണ തല സംരംഭകരെ അഭിസംബോധന ചെയ്യാനിരിക്കുകയാണ്.

പൊതു സേവന കേന്ദ്രങ്ങള്‍ 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളിലേക്ക് എത്തിക്കാനാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്ത് 1.8 ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ പൊതു സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018 അവസാനമാകുമ്പോഴേക്കും 700 ഡിജിറ്റല്‍ ഗ്രാമങ്ങള്‍ കൂടി സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

Comments

comments

Categories: More