17 തരം പച്ചക്കറികള്‍ വിളയിച്ച് മട്ടുപ്പാവ് കൃഷി

17 തരം പച്ചക്കറികള്‍ വിളയിച്ച് മട്ടുപ്പാവ് കൃഷി

ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് സ്വന്തം വീട്ടിലേക്ക് വിഷരഹിതമായ ഭക്ഷണം തയാറാക്കുകയാണ് ദീപാലി ഷാലെറ്റ്. അടുക്കളയിലും പൂന്തോട്ടത്തിലുമുള്ള ജൈവ അവശിഷ്ടങ്ങളാണ് കൃഷിക്ക് ആവശ്യമായ കംപോസ്റ്റിലെ പ്രധാന ഘടകങ്ങള്‍

മട്ടുപ്പാവ് കൃഷി ഇന്നൊരു പുതിയ സംഭവമല്ല. കൃഷി ചെയ്യാനുള്ള മനസ് ഉണ്ടെങ്കില്‍ ഒരു തുണ്ട് സ്ഥലത്തുപോലും വീട്ടിലേക്ക് ആത്യാവശ്യമുള്ള പച്ചക്കറികള്‍ സ്വയം കൃഷി ചെയ്യാനാകും. നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുകയില്ല എന്നു കരുതുന്ന വിളകള്‍ പോലും നമുക്ക് ഉല്‍പ്പാദിപ്പിക്കാനാകുമെന്ന് മേഖലയിലെ നിരവധി കര്‍ഷകര്‍ ഇതിനോടകം തെളിയിച്ചു തന്നിട്ടുണ്ട്. കാണ്‍പൂര്‍ സ്വദേശിനി ദീപാലി ഷാലറ്റ് കാണിച്ചു തരുന്നതും ഇത്തരത്തിലൊരു മികച്ച കാര്‍ഷിക നേട്ടമാണ്. ഏഴാം നിലയിലാണ് ദീപാലിയുടെ മട്ടുപ്പാവ് കൃഷി തഴച്ചു വളരുന്നത്.

പൂന്തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് ചെറുപ്പം മുതല്‍ ഒരു ഹോബിയായി കൊണ്ടുനടന്ന ദീപാലി തികച്ചും
യാദൃശ്ചികമായാണ് മട്ടുപ്പാവ് കൃഷിയിലേക്ക് കടന്നുവന്നത്. ഇപ്പോള്‍ രണ്ടു ദശാബ്ദക്കാലമായി എഴാം നിലയില്‍ പഴങ്ങളും പച്ചക്കറികളും അവര്‍ കൃഷി ചെയ്യുന്നുണ്ട്. ഒരു ചെറിയ കുടുംബം ഉള്‍പ്പെടുന്ന വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ പച്ചക്കറികളും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. നഗരത്തിലാണെങ്കില്‍ കൂടിയും രാസവസ്തുക്കള്‍ കലരാതെ സ്വന്തം വീട്ടിലേക്കുള്ള പച്ചക്കറികള്‍ ഇത്തരത്തില്‍ വിളയിച്ചെടുക്കാമെന്നു കൂടി കാണിച്ചു തരികയാണിവര്‍.

വീട്ടാവശ്യത്തിനുള്ള മുഴുവന്‍ പച്ചക്കറിയും മട്ടുപ്പാവില്‍

19 വര്‍ഷം മുമ്പാണ് പെന്റ്ഹൗസിലെ ആറാം നിലയിലേക്ക് ദീപാലിയും കുടുംബവും ചേക്കേറിയത്. ഏഴാം നിലയിലെ ടെറസ് ഉള്‍പ്പെടുന്ന ഭാഗവും കൂടി ആ കുടുംബത്തിന് സ്വന്തമായത് മട്ടുപ്പാവ് കൃഷിക്ക് കൂടുതല്‍ പിന്തുണയേകി. മട്ടുപ്പാവില്‍ പൂന്തോട്ടം നിര്‍മിക്കുന്നതിനൊപ്പം തന്നെ കൃഷിക്ക് കൂടിയുള്ള സ്ഥലം കണ്ടെത്താനായിരുന്നു പദ്ധതിയിട്ടത്. ആ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീടുള്ള അവരുടെ നേട്ടം.

മട്ടുപ്പാവ് പൂര്‍ണമായും വാട്ടര്‍പ്രൂഫ് ആക്കിയശേഷമാണ് ദീപാലി കൃഷി ചെയ്യാന്‍ തുടങ്ങിയത്. ടെറസിനെ രണ്ടു ഭാഗമായി വേര്‍തിരിച്ച് ഒന്നില്‍ പുല്‍ത്തകിടിയും മറ്റൊന്നില്‍ പഴങ്ങളും പച്ചക്കറികളും നട്ടു. പൂര്‍ണമായും ഓര്‍ഗാനിക് രീതിയിലാണ് ദീപാലിയുടെ കൃഷി. ഒരു കുടുംബത്തിന് ആവശ്യമായി പച്ചക്കറികള്‍ മട്ടുപ്പാവില്‍ തന്നെ കൃഷി ചെയ്‌തെടുക്കാമെന്നാണ് ദീപാലിയുടെ പക്ഷം. ചീര, സവാള, തക്കാളി, വെണ്ട, ഉലുവ, കാപ്‌സിക്കം, പയര്‍, വെള്ളരി, നാരങ്ങ, മല്ലി, ബ്രോക്കോളി, കാബേജ്, കോളിഫ്ളവർ , പേര എന്നിങ്ങനെ നീളുന്നു ദീപാലിയുടെ മട്ടുപ്പാവിലെ കൃഷി വിളകള്‍.

മട്ടുപ്പാവില്‍ കൃഷിയും പൂന്തോട്ടവും ഒരുക്കിയതിനു പുറമെ പക്ഷികളെ വളര്‍ത്താനും ദീപാലി സമയം കണ്ടെത്തുന്നുണ്ട്. മട്ടുപ്പാവിലാണ് ഇതിനുള്ള സ്ഥലവും ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ പക്ഷികള്‍ക്കും പ്രാവുകള്‍ക്കും സദാസമയവും കുടിവെള്ളം ലഭ്യമാക്കാന്‍ ചെറിയ രീതിയിലുള്ള ഒരു ജലാശയവും ഇവിടെ ഒരുക്കിയിട്ടുണ്ട്

കൃഷിക്ക് പ്രചോദനമേകിയത് അമ്മ

അടുക്കളയിലും പൂന്തോട്ടത്തിലുമുള്ള ജൈവ അവശിഷ്ടങ്ങള്‍ കംപോസ്റ്റിംഗിന് വിധേയമാക്കിയാണ് മട്ടുപ്പാവ് കൃഷിക്ക് അനുയോജ്യമായ വളം നിര്‍മിക്കുന്നത്. രാസവസ്തുക്കള്‍ കലര്‍ന്ന യാതൊരുവിധ കീടനാശിനികളും ഇവിടെ ഉപയോഗിക്കുന്നുമില്ല. കൃഷി ചെയ്യാനുള്ള താല്‍പര്യം തനിക്ക് അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയതാണെന്ന് ദീപാലി പറയുന്നു. പച്ചക്കറി തോട്ടത്തിന്റെ ഉടമയായിരുന്ന അവര്‍ മണ്ണിര കംപോസ്റ്റ് ആണ് കൃഷിയില്‍ പരീക്ഷിച്ചിരുന്നത്. ദീപാലിയുടെ മട്ടുപ്പാവിലെ പച്ചക്കറി തോട്ടത്തിന് അമ്മയുടെ മേല്‍നോട്ടം തീരെയില്ല. എന്നാല്‍ ഓര്‍ഗാനിക് കൃഷിരീതി മാത്രമേ മുന്നോട്ടു കൊണ്ടുപോകാവൂ എന്ന കര്‍ശന നിര്‍ദേശം അമ്മ നല്‍കിയിരുന്നുവെന്നും അവര്‍ പറയുന്നു.

കൃഷി തുടങ്ങിയത് ഈ വിഷയത്തില്‍ അത്ര വലിയ ജ്ഞാനം ഒന്നും നേടിയായിരുന്നില്ലെന്നും ദീപാലി തുറന്നു പറയുന്നുണ്ട്. കൃഷിക്ക് ആവശ്യമായ പലവിധ അറിവുകള്‍ക്കും ഓര്‍ഗാനിക് ഫാമിംഗിനും മറ്റും ഗൂഗിള്‍ ആയിരുന്നു ഏറ്റവും വലിയ സഹായി. എല്ലാം നോക്കി പഠിച്ചത് ഇന്റര്‍നെറ്റ് വഴിതന്നെ. പച്ചക്കറികള്‍ തെരഞ്ഞെടുക്കുന്നതു മുതല്‍ കംപോസ്റ്റിംഗ് രീതികളും മട്ടുപ്പാവ് കൃഷിയില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും ഞാന്‍ ഇത്തരത്തില്‍ സ്വയം പഠിച്ചെടുത്തതാണ്- ദീപാലി പറയുന്നു.

വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ മാറ്റിവെച്ചതിനുശേഷം ബാക്കിയുള്ളവ വില്‍പ്പന നടത്താനൊന്നും ദീപാലിക്ക് താല്‍പ്പര്യമില്ല. പൂന്തോട്ടവും കൃഷിയുമൊക്കെ പരിപാലിക്കുന്ന ജോലിക്കാര്‍ക്കു തന്നെ അവ വീതിച്ചു നല്‍കുകയാണ് പതിവ്

കൃഷിക്കു പുറമെ പക്ഷിവളര്‍ത്തലും

മട്ടുപ്പാവില്‍ കൃഷിയും പൂന്തോട്ടവും ഒരുക്കിയതിനു പുറമെ പക്ഷികളെ വളര്‍ത്താനും ദീപാലി സമയം കണ്ടെത്തുന്നുണ്ട്. മട്ടുപ്പാവിലാണ് ഇതിനുള്ള സ്ഥലവും ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ ചെറിയ രീതിയിലുള്ള ഒരു ജലാശയവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ദീപാലി വളര്‍ത്തുന്ന പക്ഷികള്‍ക്കു പുറമേ മറ്റു പക്ഷികള്‍ക്കും പ്രാവുകള്‍ക്കും സദാ കുടിവെള്ളം ലഭ്യമാകുന്നതിനു വേണ്ടിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. പൂന്തോട്ടവും കൃഷിയുമൊക്കയായി പച്ചപ്പ് നിറഞ്ഞതിനാല്‍ നിരവധി അണ്ണാറക്കണ്ണന്‍മാരും ഈ മട്ടുപ്പാവ് അവരുടെ താവളമാക്കി മാറ്റിയിരിക്കുന്നു.

വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ മാറ്റിവെച്ചതിനുശേഷം ബാക്കിയുള്ളവ വില്‍പ്പന നടത്താനൊന്നും ദീപാലിക്ക് താല്‍പ്പര്യമില്ല. പൂന്തോട്ടവും കൃഷിയുമൊക്കെ പരിപാലിക്കുന്ന ജോലിക്കാര്‍ക്കു തന്നെ അവ വീതിച്ചു നല്‍കുകയാണ് പതിവ്. ഏതായാലും കഴിഞ്ഞ 19 വര്‍ഷക്കാലമായി മാര്‍ക്കറ്റില്‍ പോയി പച്ചക്കറി വാങ്ങേണ്ട അവശ്യം തനിക്കുണ്ടാകുന്നില്ലെന്നും അവര്‍ പറയുന്നു. നഗരത്തിന്റെ തിരക്കുകളില്‍ അല്‍പ്പം പച്ചപ്പ് സൃഷ്ടിക്കുന്നതിനൊപ്പം വിഷം കലരാതെയുള്ള പച്ചക്കറി കഴിക്കാമെന്നതാണ് സ്വന്തം ഫ്ളാറ്റില്‍ കൃഷി കൊണ്ടുള്ള മികച്ച നേട്ടം.

Comments

comments

Categories: FK Special, Slider