സൗദി അറേബ്യയില്‍ സംയുക്ത സംരംഭത്തിന് എന്‍എംസി ഹെല്‍ത്ത്

സൗദി അറേബ്യയില്‍ സംയുക്ത സംരംഭത്തിന് എന്‍എംസി ഹെല്‍ത്ത്

സൗദി അറേബ്യയിലെ വമ്പന്‍ സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോമായി പുതിയ സംരംഭം മാറും. സൗദി തങ്ങളുടെ വികസനപദ്ധതിയില്‍ മുഖ്യസ്ഥാനം വഹിക്കുന്നുവെന്ന് എന്‍എംസി

റിയാദ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആരോഗ്യ സേവന കമ്പനിയായ എന്‍എംസി ഹെല്‍ത്ത് സൗദി അറേബ്യയിലെ ഹസ്സാന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി സംയുക്ത സംരംഭത്തിന് പദ്ധതിയിടുന്നു. സൗദി അറേബ്യയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടായ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ ഭാഗമാണ് ഹസ്സാന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി.

സൗദി പെന്‍ഷന്‍ ഫണ്ടിന്റെ നാഷണല്‍ മെഡിക്കല്‍ കെയര്‍ കമ്പനിയിലെ നിക്ഷേപവും കൂടി ഉപയോഗപ്പെടുത്തിയാകും പുതുസംരംഭത്തിന് തുടക്കം കുറിക്കുക. സൗദി അറേബ്യയിലെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോമുകളിലൊന്നിനാകും പുതിയ സംരംഭം വഴിവെക്കുകയെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ വിപണിയായ റിയാദ് കേന്ദ്രീകരിച്ചാകും പുതുസംരംഭത്തിന്റെ പ്രവര്‍ത്തനം. ഇതിനോടൊപ്പം തന്നെ ചെറിയ, ആരോഗ്യ സേവനങ്ങള്‍ അങ്ങനെ എത്തിപ്പെടാത്ത നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.

സൗദി സര്‍ക്കാരിന്റെ പുരോഗനാത്മകമായ, നിക്ഷേപ സൗഹൃദ നയങ്ങള്‍ ഏറ്റവും മികച്ച ബിസിനസ് ഡെസ്റ്റിനേഷനുകളിലൊന്നാക്കി രാജ്യത്തെ മാറ്റുകയാണെന്ന് പ്രശാന്ത് മങ്ങാട്ട്

നിലവില്‍ സൗദിയിലുള്ള എന്‍എംസിയുടെ ആസ്തികളെല്ലാം തന്നെ പുതിയ സംരംഭത്തിനായി ഉപയോഗപ്പെടുത്തും. 1,489 ബെഡ്ഡുകള്‍ എന്‍എംസി സംഭാവന ചെയ്യുമ്പോള്‍ 825 എണ്ണം നാഷണല്‍ മെഡിക്കല്‍ കെയര്‍ കമ്പനി സംഭാവന ചെയ്യും.

പദ്ധതിയുടെ ഭൂരിപക്ഷ ഓഹരി ഉടമസ്ഥതയും പ്രവര്‍ത്തന നിയന്ത്രണവും എന്‍എംസിക്കായിരിക്കും. എന്‍എംസിയുടെ വികസനത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട, തന്ത്രപരമായ വിപണിയാണ് സൗദി അറേബ്യ. എന്‍എംസിയും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ ഭാഗമായ ഹസ്സാനയും തമ്മിലുള്ള പുതിയ പങ്കാളിത്തത്തെ സൗദിയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള മികച്ച അവസരമായാണ് ഞങ്ങള്‍ കാണുന്നത്. സൗദി ഹെല്‍ത്ത്‌കെയര്‍ വിപണിയില്‍ മികച്ച രീതിയില്‍ സേവനം പ്രദാനം ചെയ്യാനും ഈ സംയുക്ത സംരംഭത്തിനാകും-എന്‍എംസി സിഇഒ പ്രശാന്ത് മങ്ങാട്ട് പറഞ്ഞു.

സൗദി സര്‍ക്കാരിന്റെ പുരോഗനാത്മകമായ, നിക്ഷേപ സൗഹൃദ നയങ്ങള്‍ ഏറ്റവും മികച്ച ബിസിനസ് ഡെസ്റ്റിനേഷനുകളിലൊന്നാക്കി രാജ്യത്തെ മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യപരിരക്ഷ മേഖലയെ സംബന്ധിച്ചിടത്തോളം മികച്ച നിക്ഷേപ ഇടമാണ് സൗദിയെന്നും പ്രശാന്ത് വ്യക്തമാക്കി.

വിപണിയിലുള്ള ആരോഗ്യ സേവനദാതാക്കളുടെ വിടവ് നികത്താന്‍ പുതിയ സംയുക്തസംരംഭത്തിന് കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സൗദി അറേബ്യയില്‍ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച മേഖലകളിലൊന്നാണ് ആരോഗ്യ പരിരക്ഷയെന്ന് ഹസ്സാന സിഇഒ സാദ് ബിന്‍ അബ്ദുള്‍മഹ്‌സിന്‍ പറഞ്ഞു. പ്രമുഖ പ്രവാസി സംരംഭകന്‍ ബി ആര്‍ ഷെട്ടിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് എന്‍എംസി ഹെല്‍ത്ത്.

Comments

comments

Categories: Arabia