തോഴന്മാര്‍ക്കിടയിലും ഒറ്റയ്ക്ക്

തോഴന്മാര്‍ക്കിടയിലും ഒറ്റയ്ക്ക്

ട്രംപിന്റെ സംരക്ഷിതനയം വിനയാകുന്നുവെന്ന് സഖ്യരാഷ്ട്രങ്ങള്‍

സംരക്ഷിതനയത്തിലൂന്നിയ അമേരിക്കയുടെ പുത്തന്‍ ഇറക്കുമതി നികുതി സംബന്ധിച്ച് വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിലുള്ള അംഗരാജ്യങ്ങളുടെ വ്യാപകപ്രതിഷേധത്തോടെ ജി 7 രാഷ്ട്രങ്ങളുടെ ഉച്ചകോടി അലസിപ്പിരിഞ്ഞു. ക്യുബെക്കില്‍ നടന്ന ഉച്ചകോടിയില്‍ ചിരവൈരികളായ ചൈനയും റഷ്യയും ഇറാനുമായുള്ള പ്രശ്‌നങ്ങളാണ് അമേരിക്ക ഉയര്‍ത്തിക്കാട്ടിയത്. ഉച്ചകോടിക്ക് അവസാനം കുറിച്ച് സംയുക്തപ്രസ്താവന നടത്താനില്ലെന്ന നിലപാടിനു പുറമേ കാനഡയെ നെറികെട്ട രാജ്യമെന്ന് അപഹസിച്ച ട്രംപിനെതിരേ പ്രതിഷേധമിരമ്പി. മറ്റു രാജ്യങ്ങള്‍ യുഎസിനെതിരേ കനത്ത നികുതിയാണു ചുമത്തുന്നതെന്ന് ട്രംപ് ആരോപിക്കുകയുമുണ്ടായി. മാര്‍ച്ച് ഒന്നു മുതല്‍ ഉരുക്കിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും അമേരിക്ക ഇറക്കുമതിത്തീരുവ ചുമത്തിയതോടെയാണ് ആഗോള സാമ്പത്തികരംഗത്ത് പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്.

ജി7 ഉടമ്പടിയില്‍ സ്വതന്ത്രവും നീതിയുക്തവും പരസ്പരം ഗുണകരവുമായ വാണിജ്യത്തിന് ഊന്നല്‍ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ സംരക്ഷണവാദത്തിനെതിരേ പോരാടുന്നതിന്റെ പ്രാധാന്യവും വിവരിച്ചിരുന്നു. ഇതിനായി സുഗമമായ വാണിജ്യത്തിനു തടസമാകുന്ന നികുതികള്‍ വെട്ടിക്കുറയ്ക്കുകയും ഇളവുകള്‍ ചുരുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവനയാണ് തയ്യാറാക്കിയത്. ഔദ്യോഗികപ്രസ്താവനയില്‍ ട്രംപ് ആദ്യം ഒപ്പിട്ടിരുന്നുവെന്നതാണു വാസ്തവം. സിറിയയില്‍ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ജനാധിപത്യവിരുദ്ധവും അസ്ഥിരവുമായ പെരുമാറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് റഷ്യക്കെതിരേ ഉള്ള പരാമര്‍ശം. ഇറാന്റെ ആണവപരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും അണ്വായുധങ്ങള്‍ വികസിപ്പിക്കുകയില്ലെന്ന് ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കുന്നു. കാലാവസ്ഥാകരാറിനോടു വിയോജിപ്പു പുലര്‍ത്തുന്നതായും പ്രഖ്യാപിച്ചു.

പാരിസ് ഉടമ്പടിയില്‍ നിന്നു പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം ശരിവെക്കുന്ന പ്രഖ്യാപനമാണിത്. അമേരിക്കയ്ക്കു പുറമെ വികസിതരാജ്യങ്ങളായ കാനഡ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍ എന്നിവരാണ് ജി 7 -ല്‍ ഉള്ളത്. എന്നാല്‍, അമേരിക്കന്‍ ഇറക്കുമതി നിയമം സൃഷ്ടിച്ച സംഘര്‍ഷത്തിനു പരിഹാരമായി നിയമാനുസൃത വാണിജ്യ ഇടപാടിന് ആഹ്വാനം ചെയ്യുന്ന സംയുക്തപ്രസ്താവനയാണ് ഉച്ചകോടി മുമ്പോട്ടു വെച്ചത്. എന്നാല്‍ ട്രംപിന്റെ എതിര്‍പ്പോടെ ഈ അവസരം ഇല്ലാതായി. ഇതിനുള്ള തിരിച്ചടി ഉടന്‍ ലഭിക്കുകയും ചെയ്തു. പ്രകോപിതനായ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡോ അമേരിക്കയ്‌ക്കെതിരേ ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാനിരിക്കുന്ന ഇറക്കുമതി നയങ്ങളെപ്പറ്റി വേദിയില്‍ പ്രഖ്യാപിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് പുതിയ ഉരുക്ക്, അലുമിനിയം ഇറക്കുമതിച്ചുങ്കം ചുമത്തിയിരിക്കുന്നതെന്ന ട്രംപിന്റെ അവകാശവാദം അപമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികാരനടപടികളുമായി മുമ്പോട്ടു പോകുമെന്നും കാനഡയെ ഭീഷണിപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നുമുള്ള മുന്നറിയിപ്പും അദ്ദേഹം നല്‍കി.

അമേരിക്കന്‍ ഇറക്കുമതി നിയമം സൃഷ്ടിച്ച സംഘര്‍ഷത്തിനു പരിഹാരമായി നിയമാനുസൃത വാണിജ്യ ഇടപാടിന് ആഹ്വാനം ചെയ്യുന്ന സംയുക്തപ്രസ്താവനയാണ് ഉച്ചകോടി മുമ്പോട്ടു വെച്ചത്. എന്നാല്‍ ട്രംപിന്റെ എതിര്‍പ്പോടെ ഈ അവസരം ഇല്ലാതായി. ഇതിനുള്ള തിരിച്ചടി ഉടന്‍ ലഭിക്കുകയും ചെയ്തു

ഇറക്കുമതിച്ചുങ്കം ചുമത്തിയതിന്റെ പേരില്‍ യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് നുഷിന്, ജി 7 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ രോഷപ്രകടനം നേരിടേണ്ടി വന്നു. ആസന്നമായ വ്യാപാരയുദ്ധത്തെപ്പറ്റി ഫ്രഞ്ച് ധനമന്ത്രി ബ്രൂമോ ലെമെയര്‍ മുന്നറിയിപ്പു നല്‍കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്രംപിനെ ഫോണില്‍ വിളിച്ച് ചുങ്കം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി. വ്യാപാരത്തില്‍ വന്നു ചേര്‍ന്ന അസന്തുലിതാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള വ്യാപാര മേഖലയില്‍ ഉടലെടുത്തരിക്കുന്ന സംഘര്‍ഷം യൂറോപ്യന്‍ സമ്പദ് രംഗത്തെ ഗ്രസിക്കാന്‍ തുടങ്ങിയിരിക്കുന്നു. വായ്പാച്ചെലവും ഓഹരിവിലകളും ഉയര്‍ത്തുന്നതായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ബോര്‍ഡംഗം ബെനോയിറ്റ് കുവേറ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് യുഎസ് വാണിജ്യ സെക്രട്ടറി വിബുര്‍ റോസ്, ചൈനീസ് വൈസ് പ്രീമിയര്‍ ലിയു ഹിയുമായി കൂടിക്കാഴ്ച നടത്തിയത്. വാണിജ്യ തര്‍ക്കങ്ങള്‍ കുറയ്ക്കാന്‍ ചൈനയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായിരുന്നു ഇത്.

ഉച്ചകോടിയുടെ ഔദ്യോഗിക പ്രസ്താവനയ്‌ക്കൊപ്പം നില്‍ക്കുമെന്ന് യൂറോപ്യന്‍യൂണിയന്‍ വ്യക്തമാക്കി. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ കൂട്ടായ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ യൂണിയന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എതിരാളികള്‍ക്കെതിരേയാണു നിലപാടെടുക്കുന്നതെന്ന് അമേരിക്കയ്ക്ക് അവകാശപ്പെടാമെങ്കിലും ഫലത്തില്‍ അത് അക്ഷന്തവ്യവും, പൊതുതാല്‍പ്പര്യത്തിന് എതിരുമായിത്തീരുമെന്നാണ് അംഗരാഷ്ട്രങ്ങളുടെ നിലപാട്. വ്യാപാരത്തില്‍ വര്‍ഷങ്ങളോളമായി അമേരിക്ക ചൂഷണം ചെയ്യപ്പെടുകയായിരുന്നുവെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ നേതാക്കള്‍ തള്ളി. ട്രംപിന്റെ നയങ്ങള്‍ക്കെതിരേ ചൈന തിരിച്ചടി തുടങ്ങിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഏപ്രില്‍ ഒന്നിന് യുഎസില്‍ നിന്നുള്ള 128 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ ചുമത്താന്‍ ചൈന തീരുമാനിച്ചു.

ചൈനയുമായി 335 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മിയാണ് അമേരിക്ക നേരിടുന്നത്. ചൈനയുമായുള്ള വ്യാപാരകമ്മി കുറയ്ക്കുന്നതിന് കൃഷിയും ഊര്‍ജവും സംബന്ധിച്ച കരാറുകള്‍ക്കായാണ് വില്‍ബര്‍ റോസ് ചര്‍ച്ചകളില്‍ ഊന്നല്‍ കൊടുത്തത്. എന്നാല്‍ അതിനുശേഷം ദിവസങ്ങള്‍ക്കകം തന്നെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50 ബില്യണ്‍ ഡോളര്‍ അധികം ചുങ്കം ഏര്‍പ്പെടുത്താന്‍ യുഎസ് തീരുമാനിക്കുകയായിരുന്നു. അമേരിക്കന്‍ ഭീഷണി ഒഴിവാക്കാന്‍ 200 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ചൈന വാങ്ങും. ചൈന ഇതിനു സമ്മതിക്കാത്ത പക്ഷം 150 ബില്യണ്‍ ഡോളറിന്റെ നികുതികള്‍ കൂടി ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുഷിന്‍ അറിയിച്ചു. ചൈന അമേരിക്കയെ ബലാല്‍ക്കാരം ചെയ്യുകയാണെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കും മുമ്പ് തന്നെ പ്രസ്താവിച്ചിരുന്നു. ചൈനയെ സാമ്പത്തികത്തട്ടിപ്പു നടത്തുന്ന രാജ്യമായി മുദ്രകുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു സംഭവിച്ചില്ല, എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റിലെ വ്യാപാര അസന്തുലിതാവസ്ഥ അവലോകനം ചെയ്യാന്‍ ട്രംപ് ഉത്തരവിട്ടു.

ഉച്ചകോടിയുടെ ഔദ്യോഗിക പ്രസ്താവനയ്‌ക്കൊപ്പം നില്‍ക്കുമെന്ന് യൂറോപ്യന്‍യൂണിയന്‍. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ കൂട്ടായ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. എതിരാളികള്‍ക്കെതിരേയാണു നിലപാടെടുക്കുന്നതെന്ന് അമേരിക്കയ്ക്ക് അവകാശപ്പെടാമെങ്കിലും ഫലത്തില്‍ അത് പൊതുതാല്‍പ്പര്യത്തിനെതിരായിത്തീരുമെന്ന് അംഗരാഷ്ട്രങ്ങള്‍

അമേരിക്ക ചുങ്കം ഏര്‍പ്പെടുത്തിയ ഉരുക്ക്, അലുമിനിയം ഉല്‍പ്പാദകരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈന. ഘനവ്യവസായങ്ങളില്‍ ലോകത്ത് അനിഷേധ്യസ്ഥാനമാണ് രാജ്യം വഹിക്കുന്നത്. നിര്‍മാണരംഗത്ത് ചൈനയെ തളര്‍ത്താന്‍ ഉദ്ദേശിച്ചാണ് അമേരിക്ക ഇലക്ട്രോണിക്, എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് ചുങ്കം ചുമത്തിയത്. ഉന്നതസാങ്കേതികരംഗത്ത് ചൈനയുടെ മുന്നേറ്റം തടയാനും ലക്ഷ്യമിട്ട നടപടിയായിരുന്നു ഇത്. മാര്‍ച്ച് ഒന്നിലെ ഇറക്കുമതി നികുതി നിയമപ്രഖ്യാപനത്തിനു പിന്നാലെ യുഎസില്‍ നിന്നുള്ള 128 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ ചുമത്താന്‍ ചൈന തീരുമാനിച്ചു. ഇതിനു മറുപടിയായി അമേരിക്ക അവിടെ നിന്നുള്ള കൂടുതല്‍ സാധനങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം പ്രഖ്യാപിച്ചു. ചൈനീസ് ഇലക്ട്രോണിക്‌സ്, എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ തുടങ്ങി 1,333 സാധനങ്ങള്‍ക്കാണ് അമേരിക്ക തീരുവ ചുമത്തിയത്. ചൈനയുടെ 500 കോടി ഡോളര്‍ മൂല്യമുള്ള ബിസിനസിനെ ഇത് ബാധിക്കും. പിന്നാലെ 106 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഈടാക്കി ചൈനയും തിരിച്ചടിച്ചു. പഴവര്‍ഗങ്ങള്‍, സോയാബീന്‍, പന്നിയിറച്ചി, വീഞ്ഞ് തുടങ്ങിയവയ്ക്ക് ചുങ്കം ഏര്‍പ്പെടുത്തിയാണ് ചൈനയുടെ പ്രതികരിച്ചത്.

ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നുമായുള്ള ഉച്ചകോടിക്കായി സിംഗപ്പുരിലേക്ക് തിരിക്കുന്നതിനു മുമ്പായി ട്രംപ് അമേരിക്കന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് വാഹനവ്യവസായങ്ങള്‍ക്കു മേല്‍ നികുതി ചുമത്താനിരിക്കുമ്പോള്‍ ജി 7 ഉച്ചകോടി പ്രസ്താവനയെ പിന്തുണയ്ക്കരുതെന്നാണ്. ജസ്റ്റിന്‍ ട്ര്യൂഡോയുടെ പ്രസ്താവനകള്‍ അവാസ്തവമാണെന്നും അമേരിക്കന്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കമ്പനികള്‍ക്കുമെതിരേ കാനഡ വലിയ തോതില്‍ നികുതി ചുമത്തുന്നുവെന്നതാണു സത്യമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി നെറികെട്ടവനും ദുര്‍ബലനുമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ നിന്നു പിന്മാറിയ ശേഷം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കമ്പനികള്‍ക്കും മേല്‍ ചുങ്കം ചുമത്താനോ വാണിജ്യ തടസമേര്‍പ്പെടുത്താനോ അനുവദിക്കുകയില്ലെന്ന ധിക്കാരനിലപാട് എടുക്കുകയായിരുന്നു. അമേരിക്കയ്‌ക്കെതിരേ പ്രതികാരനടപടികളെടുക്കാനുള്ള അംഗരാഷ്ട്രങ്ങളുടെ തീരുമാനം ഭീമാബദ്ധമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. പ്രശ്‌നം ഒരു വ്യാപാരയുദ്ധമായി വളരുന്ന പക്ഷം അമേരിക്കയ്ക്കു തന്നെയാകും സുനിശ്ചിതവിജയമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജി 7 രാജ്യങ്ങള്‍ക്കിടയില്‍ നികുതിരഹിത വാണിജ്യമെന്ന ആശയമാണ് ഉച്ചകോടിയില്‍ ട്രംപ് മുമ്പോട്ടു വെച്ചത്. നേതാക്കളുമായുള്ള ചര്‍ച്ച വളരെ ഏറെ ക്രിയാത്മകമാണെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നതും. എന്നാല്‍ ദശകങ്ങളായി അമേരിക്ക എല്ലാവര്‍ക്കും കറവപ്പശുവായിരുന്നെന്ന ട്രംപിന്റെ പ്രസ്താവന സാഹചര്യം മാറ്റിമറിച്ചു. വ്യാപാരത്തില്‍ വര്‍ഷങ്ങളോളമായി അമേരിക്ക ചൂഷണം ചെയ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും കൊള്ളയടിക്കാനുള്ള പണപ്പെട്ടിയായി രാജ്യം മാറി. ഉരുക്കിനു ചുങ്കം ചുമത്തിയത് അമേരിക്കന്‍ ഉരുക്കു വ്യവസായികളെ സംരക്ഷിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യൂറോപ്പിലും മറ്റും അമേരിക്ക നേരിടുന്ന തടസങ്ങളെപ്പറ്റിയും ട്രംപ് പരാതി പറഞ്ഞു. അമേരിക്ക സാമര്‍ത്ഥ്യം തെളിയിക്കേണ്ട സമയമായിരിക്കുന്നുവെന്നും അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞു.

ജി 7 രാജ്യങ്ങള്‍ക്കിടയില്‍ നികുതിരഹിത വാണിജ്യമെന്ന ആശയമാണ് ഉച്ചകോടിയില്‍ ട്രംപ് മുമ്പോട്ടു വെച്ചത്. നേതാക്കളുമായുള്ള ചര്‍ച്ച വളരെ ഏറെ ക്രിയാത്മകമാണെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നതും. എന്നാല്‍ ദശകങ്ങളായി അമേരിക്ക എല്ലാവര്‍ക്കും കറവപ്പശുവായിരുന്നെന്ന ട്രംപിന്റെ പ്രസ്താവന സാഹചര്യം മാറ്റിമറിച്ചു

ട്രംപിന്റെ നിലപാടിനെതിരേ കനത്ത ഭാഷയിലാണ് കാനഡ പ്രതികരിച്ചത്. തികച്ചും അസ്വീകാര്യമായ നടപടിയാണിതെന്ന് ട്ര്യൂഡോ പറഞ്ഞു. ഇതിനുള്ള പ്രകാരനടപടിയായി ജൂലൈ ഒന്നു മുതല്‍ യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം വരെ നികുതിയേര്‍പ്പെടുത്താനാണു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 13 ബില്യണ്‍ മൂല്യമുള്ള കയറ്റുമതി വ്യവസായമാണ് യുഎസിന് കാനഡയുമായി ഉള്ളത്. ഉരുക്ക്, യോഗര്‍ട്ട്, വിസ്‌കി, കാപ്പി തുടങ്ങിയ നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇതില്‍പ്പെടും. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പുവരെ ഇതായിരുന്നില്ല സ്ഥിതി. ട്രംപും ട്ര്യൂഡോയും തമ്മില്‍ സുന്ദരമായ ബന്ധമായിരുന്നു. തടി, ന്യൂസ് പ്രിന്റ് തുടങ്ങി വടക്കേ അമേരിക്കയുമായുള്ള സ്വതന്ത്രവ്യാപാരക്കാരാര്‍ വരെയുള്ളകാര്യങ്ങളില്‍ വളരെ സഹകരണമാണ് ഇരുവരും പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഈ സഹകരണമനോഭാവം ഇനിയുണ്ടാകില്ല.

കാനഡ, യൂറോപ്യന്‍ യൂണിയന്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ലോഹവ്യാപാരത്തിന്മേല്‍ ചുങ്കം ചുമത്താനുള്ള യുഎസ് തീരുമാനമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. ട്ര്യൂഡോ സൗഹൃദഭാവം കൈവെടിഞ്ഞ് ട്രംപിനോട് പരുഷമായി പെരുമാറാനാരംഭിച്ചു. കനേഡിയന്‍ പൗരന്മാരാകട്ടെ, ഈ നിലപാടിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇരുരാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകള്‍ വളരെ ആഴത്തില്‍ പരസ്പരബന്ധിതമായിരിക്കുന്നു. സുഗമമായ വ്യാപാരത്തിനും ഇരുവശത്തും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വളരെ സഹായകമായിരുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ ഉടലെടുത്തിരിക്കുന്ന മാറ്റം, ഏതൊക്കെ ഇടപാടുകളിലാണു പ്രശ്‌നം സൃഷ്ടിക്കുകയെന്നതു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

അമേരിക്കയുടെ ഇറക്കുമതി നികുതിയെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ തയാറായിക്കഴിഞ്ഞു. പ്രതികാരനടപടികള്‍ നേരിടേണ്ടി വരുമെന്ന് ജി 7 യോഗത്തില്‍ യൂണിയന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അമേരിക്കന്‍ നിര്‍മിതമായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്കും ബൂര്‍ബോണ്‍ വിസ്‌കിക്കും ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവയുള്‍പ്പെടുന്ന യുഎസ് ഉല്‍പ്പന്നങ്ങളുടെ 10 പേജ് വരുന്ന പട്ടിക യൂണിയന്‍ പ്രസിദ്ധീകരിച്ചു. കാനഡയ്ക്കു പുറമെ മെക്‌സിക്കോയും അമേരിക്കയ്‌ക്കെതിരേ പ്രതികാരനടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പിന്‍വലിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന വലിയ സംഘം സമ്മര്‍ദ്ദം തുടരുകയാണ്. സംരക്ഷണവാദത്തിലൂന്നിയ സാമ്പത്തികനയങ്ങള്‍ വാണിജ്യ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിനു സാധ്യത കൂട്ടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Comments

comments

Categories: FK Special, Slider