ഡല്‍ഹിയിലെ ട്രാഫിക് ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കും

ഡല്‍ഹിയിലെ ട്രാഫിക് ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കും

ന്യൂഡല്‍ഹി: അധികം താമസിയാതെ ഡല്‍ഹി നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം നിലവില്‍ വരും. 2019-ഏപ്രിലോടെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം(ഐടിഎംഎസ്) നടപ്പിലാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം ഡല്‍ഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായ്ജലും, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയുണ്ടായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ട്രാഫിക് നിയന്ത്രിക്കാനുള്ള അനുമതി ഡല്‍ഹി പൊലീസിന് ആഭ്യന്തര മന്ത്രാലയം നല്‍കുകയുണ്ടായി. അതോടൊപ്പം പദ്ധതി നടത്തിപ്പിന് ആവശ്യമായ സാങ്കേതിക ഉപദേശം ലഭ്യമാക്കാന്‍ ഒരു വിദഗ്ധനെ നിയമിക്കുകയും ചെയ്തു. 1,000 കോടി രൂപയുടേതാണു പദ്ധതി.ഈ സംവിധാനം നടപ്പിലാകുന്നതോടെ, കൈ കൊണ്ട് ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുകാരുടെ എണ്ണം ഗണ്യമായി കുറയും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറിലേക്കു വിവരങ്ങള്‍ നല്‍കുന്ന സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള ക്യാമറകള്‍ സ്ഥാപിക്കാനായി അടുത്ത മാസം ടെന്‍ഡര്‍ വിളിക്കാനിരിക്കുകയാണു ഡല്‍ഹി പൊലീസ്.
പദ്ധതിയുടെ ഭാഗമായി കാമറകള്‍, സെന്‍സറുകള്‍ എന്നിവ സ്ഥാപിക്കുന്നുണ്ട്. ഇതിനു പുറമേ എല്‍ഇഡി ബോര്‍ഡുകള്‍ പൊലീസ് വകുപ്പ് പ്രധാന നിരത്തുകളിലും കവലകളിലും സ്ഥാപിക്കും. ഈ എല്‍ഇഡി ബോര്‍ഡുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറുമായും കാമറകളുമായും ബന്ധിപ്പിക്കും. ഇതുവഴി ട്രാഫിക്കിനെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനുമാകും. ഇത്തരം വിവരങ്ങള്‍ ലഭിക്കുമ്പോള്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍ക്ക് റോഡുകളിലെ ഗതാഗത തിരക്കിനെ കുറിച്ചുള്ള പൂര്‍ണ ചിത്രം വ്യക്തമാവുകയും ചെയ്യും.

പദ്ധതിയില്‍ സ്മാര്‍ട്ട് ട്രാഫിക് കണ്‍ട്രോള്‍ റൂമുകളുണ്ടാവും. കാമറകള്‍ നിരീക്ഷിക്കാനുള്ള ട്രാഫിക് ജീവനക്കാരനും ഈ റൂമിലുണ്ടാവും. ഇത്തരം ട്രാഫിക് പരിഷ്‌കാരങ്ങള്‍ നിരവധി രാജ്യങ്ങളില്‍ ഇതിനോടകം നടപ്പിലാക്കിയിട്ടുള്ളതാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഡല്‍ഹിയില്‍ ഏറ്റവും അത്യാധുനിക പതിപ്പായിരിക്കും നടപ്പിലാക്കുകയെന്നും അവര്‍ പറഞ്ഞു. പരിഷ്‌ക്കാരങ്ങളെ കുറിച്ചു പൊതുജനങ്ങള്‍ക്കും ആവശ്യമായ ബോധവത്കരണം നടത്തേണ്ടതുണ്ട്. അതിലാണു പദ്ധതിയുടെ വിജയമിരിക്കുന്നതെന്നു മുന്‍ ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മീഷണര്‍ മാക്‌സ്‌വെല്‍ പെരേര പറഞ്ഞു.

Comments

comments

Categories: FK Special, Slider