2021ല്‍ അബുദാബിയുടെ സാമ്പത്തികവളര്‍ച്ചാനിരക്ക് 3 ശതമാനത്തിലെത്തും

2021ല്‍ അബുദാബിയുടെ സാമ്പത്തികവളര്‍ച്ചാനിരക്ക് 3 ശതമാനത്തിലെത്തും

2018ല്‍ 1.3 ശതമാനമാണ് അബുദാബിയുടെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാ നിരക്ക്

അബുദാബി: ഉയരുന്ന എണ്ണ വിലയും സര്‍ക്കാര്‍ ചെലവിടലില്‍ വന്ന വര്‍ധനയും അബുദാബിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തുണയാകുന്നു. 2018ല്‍ എമിറേറ്റ് സാമ്പത്തിക വളര്‍ച്ചയുടെ ട്രാക്കിലേക്ക് തിരിച്ചെത്തുമെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ എസ്&പി ഗ്ലോബല്‍ റേറ്റിംഗ്‌സ് വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടായ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ സക്രിയമായ നിക്ഷേപഇടപെടലും സാമ്പത്തിക രംഗത്തിന് കരുത്ത് പകരും. സാമ്പത്തിക അച്ചടക്ക നടപടികള്‍ക്ക് ശേഷം സര്‍ക്കാര്‍ ചെലവിടല്‍ ഉദാരമാക്കാന്‍ തീരുമാനിച്ചതും വ്യവസായരംഗത്ത് ഉണര്‍വിന് കാരണമാകുന്നതായാണ് വിലയിരുത്തല്‍.

ഞങ്ങളുടെ നിഗമനം അനുസരിച്ച് അബുദാബിയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 2021 ആകുമ്പോഴേക്കും 3 ശതമാനത്തിലെത്തും. 2018ല്‍ 1.3 ശതമാനമാണ് വളര്‍ച്ചാനിരക്ക്. എണ്ണ ഉല്‍പ്പാദനത്തിലെ വര്‍ധനയും നിക്ഷേപ പദ്ധതികള്‍ക്കായുള്ള ചെലവിടല്‍ കൂടുന്നതും ആഭ്യന്തരതലത്തിലെ വായ്പാ വളര്‍ച്ചയും എണ്ണ വിലയിലെ കുതിപ്പുമെല്ലാം അബുദാബിക്ക് ഗുണകരമാകും-എസ്&പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച്ച സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് അനുസരിച്ച് അബുദാബി സ്വദേശികള്‍ക്കായി 10,000 തൊഴിലവസരങ്ങള്‍ പൊതു, സ്വകാര്യ മേഖലകളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കപ്പെടും

കഴിഞ്ഞയാഴ്ച്ചയാണ് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബിസിനസ് എളുപ്പമാക്കുന്നതിനുമെല്ലാമായി അബുദാബി ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. 13.6 ബില്ല്യണ്‍ ഡോളറിന്റേതാണ് സാമ്പത്തിക ഉത്തേജന പാക്കേജ്. അടിസ്ഥാനസൗകര്യ മേഖലയ്ക്കടക്കം കുതിപ്പ് പകരുന്നതാണ് പുതിയ ഉത്തേജനപാക്കേജ് എന്നാണ് വിലയിരുത്തല്‍. 10 പദ്ധതികളാണ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

2021 ആകുമ്പോഴേക്കും അബുദാബിയുടെ സാമ്പത്തിക വളര്‍ച്ച മികച്ച അവസ്ഥയില്‍ എത്തിക്കുക എന്നത് ലക്ഷ്യമിട്ടാണ് സാമ്പത്തിക ഉത്തേജന പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ മുന്നിലെത്താനുള്ള ശ്രമങ്ങളും അബുദാബി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തേജന പാക്കേജിനായുള്ള തുക എങ്ങനെ വകയിരുത്തണമെന്നും നടപ്പിലാക്കണമെന്നും വിശദമാക്കുന്ന രൂപരേഖ തയാറാക്കുന്നതിനായി അബുദാബി എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് 90 ദിവസത്തെ സമയമാണ് ഷേഖ് മുഹമ്മദ് നല്‍കിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി അബുദാബി സ്വദേശികള്‍ക്കായി 10,000 തൊഴിലവസരങ്ങള്‍ പൊതു, സ്വകാര്യ മേഖലകളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കപ്പെടും. അതിനോടൊപ്പം തന്നെ പ്രാദേശിക തലത്തിലും ആഗോളതലത്തിലും രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മത്സരക്ഷമത ശക്തമാക്കാനുള്ള നടപടികളും കൈക്കൊള്ളും.

അബുദാബിക്ക് നിലവിലുള്ളത് കുറഞ്ഞ ഡെറ്റ്-ജിഡിപി അനുപാതമാണെന്നത് ആവശ്യാനുസരണം കടം വാങ്ങുന്നതുള്‍പ്പടെയുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാരിനെ സഹായിക്കുമെന്നാണ് എസ്&പി ഉള്‍പ്പടെയുള്ള ഏജന്‍സികളുടെ വിലയിരുത്തല്‍. അതേസമയം സര്‍ക്കാരിന്റെ പൊതുകടം 2017ല്‍ ജിഡിപിയുടെ 7.8 ശതമാനമായി കൂടിയിട്ടുണ്ട്. 2016ലെ 3.7 ശതമാനത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്. അതേസമയം എമിറേറ്റിന്റെ ബാങ്കിംഗ് മേഖല ശക്തമാണെന്നതും ശ്രദ്ധേയമാണ്. മേഖലയിലെ മോശം സാഹചര്യങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ബാങ്കിംഗ് രംഗം നടത്തിയത്.

Comments

comments

Categories: Arabia