സെബിയില്‍ രജിസ്റ്റര്‍ ചെയ്തത് 1300ല്‍ അധികം പുതിയ എഫ്പിഐകള്‍

സെബിയില്‍ രജിസ്റ്റര്‍ ചെയ്തത് 1300ല്‍ അധികം പുതിയ എഫ്പിഐകള്‍

എഫ്‌ഐഐ, സബ് എക്കൗണ്ട്‌സ് സംവിധാനങ്ങള്‍ അവസാനിപ്പിച്ചതും എഫ്പിഐ രജിസ്‌ട്രേഷനിലേക്ക് കൂടുതല്‍ പേരെ എത്തിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മൂലധന വിപണികളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ)ക്കുള്ള താല്‍പ്പര്യം തുടരുന്നതായി റിപ്പോര്‍ട്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1,300ല്‍ അധികം പുതിയ എഫ്പിഐകളാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് റെഗുലേറ്റര്‍ ഡാറ്റ പറയുന്നു. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷം 3500നടുത്ത് പുതിയ എഫ്പിഐകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

സെബിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്പിഐകളുടെ എണ്ണം ഈ വര്‍ഷം മാര്‍ച്ച് അവസാനത്തെ കണക്ക്പ്രകാരം 9,136 ആയി ഉയര്‍ന്നു. മുന്‍വര്‍ഷമിത് 7,807 ആയിരുന്നു. 1329 പേരുടെ വര്‍ധവനാണ് ഉണ്ടായത്. ഇന്ത്യന്‍ ഇക്വിറ്റികളിലും ബോണ്ടുകളിലും നിക്ഷേപകര്‍ക്കുള്ള താല്‍പ്പര്യം തുടരുന്നതാണ് എഫ്പിഐ രജിസ്‌ട്രേഷന്‍ ഉയരുന്നതിന്റെ പ്രധാന കാരണമെന്നാണ് വിപണി അനലിസ്റ്റുകള്‍ പറയുന്നത്.

നേരത്തെയുണ്ടായിരുന്ന ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് (എഫ്‌ഐഐ), സബ് എക്കൗണ്ട്‌സ് സംവിധാനങ്ങള്‍ അവസാനിപ്പിച്ചതും എഫ്പിഐ രജിസ്‌ട്രേഷനിലേക്ക് കൂടുതല്‍ പേരെ എത്തിക്കുന്നതായി അനലിസ്റ്റുകള്‍ പറയന്നു. 2016 സെപ്റ്റംബറിലാണ് എഫ്‌ഐഐ സംവിധാനം അവസാനിപ്പിച്ചത്. സെബി സ്വീകരിച്ചിട്ടുള്ള വിവിധ നടപടികളും ഇന്ത്യന്‍ വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിച്ചു.

2018 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഇക്വിറ്റികളിലേക്ക് 25,600 കോടി രൂപയിലധികവും ഡെറ്റ് വിപണികളിലേക്ക് 1.2 ലക്ഷം കോടി രൂപയിലധികവുമാണ് എഫ്പിഐകള്‍ നിക്ഷേപിച്ചത്. വ്യത്യസ്ത വിഭാഗത്തിലുള്ള വിദേശ നിക്ഷേപകരെയെല്ലാം ഒന്നായി ചേര്‍ത്ത് എഫ്പിഐ എന്ന പുതിയ രജിസ്‌ട്രേഷന്‍ സെബി നടപ്പാക്കിയത് 2014ലാണ്.

ഇന്ത്യന്‍ വിപണികളില്‍ നിക്ഷേപിക്കുന്നതിന് വിദേശ സ്ഥാപനങ്ങള്‍ക്ക് സ്ഥിര രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ട്. നേരത്തെ ഒരു വര്‍ഷത്തേക്കോ അഞ്ചു വര്‍ത്തേക്കോ ആണ് രജിസ്‌ട്രേഷന്‍ അനുവദിച്ചിരുന്നത്. ഇപ്പോള്‍ സെബി റദ്ദാക്കുന്നത് വരെയോ അല്ലെങ്കില്‍ എഫ്പിഐ തിരികെ നല്‍കുന്നത് വരെയോ രജിസ്‌ട്രേഷന്‍ സ്ഥിരമായി തുടരും.

Comments

comments

Categories: Slider, Top Stories