എഫ്എംസിജി മേഖലയിലെ ‘പോസിറ്റീവ്’ മാറ്റം

എഫ്എംസിജി മേഖലയിലെ ‘പോസിറ്റീവ്’ മാറ്റം

ഇന്ത്യയിലെ എഫ്എംസിജി രംഗത്ത് വലിയ മാറ്റത്തിനായിരുന്ന പതഞ്ജലിയിലൂടെ ബാബ രാംദേവ് തുടക്കമിട്ടത്. ഇന്നിപ്പോള്‍ ബഹുരാഷ്ട്ര കമ്പനികള്‍ പതഞ്ജലിയുടെ വഴിയേ പുതിയൊരു വിപണി വിഭാഗത്തെയാണ് ലക്ഷ്യം വെക്കുന്നത്

കാലങ്ങളായി ബഹുരാഷ്ട്ര കമ്പനികളായിരുന്നു ഇന്ത്യയുടെ എഫ്എംസിജി(അതിവേഗത്തില്‍ വിറ്റുപോകുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍-ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) മേഖലയെ അടക്കിവാണിരുന്നത്. എന്നാല്‍ യോഗ ഗുരു ബാബാ രാംദേവ് സ്വദേശി ഉല്‍പ്പന്നങ്ങളെന്ന പുതിയ തലം സൃഷ്ടിച്ച് രംഗത്തേക്ക് കടന്നുവന്നതോടെയാണ് വിപണി കാര്യമായി ഇളകി മറിഞ്ഞത്. ഇന്ത്യയുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരു പോലെ ലക്ഷ്യമിട്ടുള്ള പതഞ്ജലിയുടെ തന്ത്രങ്ങള്‍ ഫലം കാണുകയാണുണ്ടായത്.

യഥാര്‍ത്ഥത്തില്‍ പുതിയൊരു സെഗ്മെന്റാണ് പതഞ്ജലി എഫ്എംസിജി രംഗത്ത് സൃഷ്ടിച്ചെടുത്തത്. ഭാരതത്തിന്റെ ശീലങ്ങളെ അറിഞ്ഞുള്ള തന്ത്രമായിരുന്നു ബാബ രാംദേവ് പയറ്റിയത്. ബഹുരാഷ്ട്ര ഭീമന്മാര്‍ അവഗണിച്ച മേഖലയിലെ സാധ്യതകള്‍ ബാബ രാംദേവ് മുതലെടുക്കുകയാണുണ്ടായത്. ഭാരതത്തിന്റെ സാംസ്‌കാരികതയിലൂന്നിയ വിപണി തന്ത്രങ്ങളായിരുന്നു പതഞ്ജലി സ്വീകരിച്ചത്. സ്വദേശി എന്ന വാക്ക് ഉല്‍പ്പന്നങ്ങളോടൊപ്പം വളരെ കൃത്യമായി ബ്രാന്‍ഡ് ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അതുകൊണ്ടുതന്നെയാണ് വളരെ പെട്ടെന്ന് തന്നെ ജനകീയ ബ്രാന്‍ഡാകാനും വിപിണിയിലെ പ്രധാന ചര്‍ച്ചാവിഷയമാകാനും അവര്‍ക്ക് സാധിച്ചത്. പതഞ്ജലി വിപണിയിലേക്കെത്തിയതു മൂലം സംഭവിച്ച ഏറ്റവും മികച്ച കാര്യം കൂടുതല്‍ മത്സരക്ഷമമായി കമ്പനികള്‍ മാറിയെന്നതാണ്. വന്‍കിട എഫ്എംസിജി ബ്രാന്‍ഡുകള്‍ തന്ത്രങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതരായി. വിപണിയിലെ അവഗണിക്കാനാകത്ത സാന്നിധ്യമായി തദ്ദേശീയ ഇന്ത്യന്‍ ബ്രന്‍ഡുകള്‍ മാറുകയും ചെയ്തു.

പതഞ്ജലിയുടെ വിജയം ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകനും പ്രശസ്ത ആത്മീയ ഗുരുവുമായ ശ്രീ ശ്രീ രവിശങ്കറിനെയും എഫ്എംസിജി മേഖലയില്‍ സജീവമാകാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ശ്രീശ്രീയുടെ ശ്രീ ശ്രീ തത്വ എന്ന എഫ്എംസിജി ബ്രാന്‍ഡ് വിപണിയിലേക്ക് കാര്യമായി തന്നെ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസമാണ് പരസ്യങ്ങള്‍ക്കും പ്രൊമോഷനുകള്‍ക്കുമായി ശ്രീ ശ്രീ തത്വ 200 കോടി ചെലവിടുമെന്ന വാര്‍ത്ത വന്നത്. 1,000 സ്‌റ്റോറുകള്‍ തുറന്നുള്ള വമ്പന്‍ വികസന പദ്ധതികള്‍ക്കാണ് ശ്രീ ശ്രീ തത്വ ശ്രമം നടത്തുന്നത്. ഫേസ് വാഷ്, ക്രീമുകള്‍, ഷാംപൂ, ഗീ തുടങ്ങി നിരവധി ഉള്‍പ്പന്നങ്ങള്‍ ഈ ബ്രാന്‍ഡിലെത്തുന്നു. എഫ്എംസിജി മേഖലയില്‍ വിദേശ കമ്പനികള്‍ അപ്രമാദിത്വം കൈയാളുന്ന ഈ മേഖലകള്‍ പിടിച്ചടക്കും ഈ ബ്രാന്‍ഡുകള്‍ എന്നാണ് ഇപ്പോള്‍ വരുന്ന വിലയിരുത്തലുകള്‍. ദേശി ഉല്‍പ്പന്നങ്ങളിലേക്ക് തിരിയാനാണ് ആഗോള ബ്രാന്‍ഡുകളുടെയും ശ്രമം. എന്തായാലും ഇന്ത്യയുടെ എഫ്എംസിജി മേഖല കൂടുതല്‍ ചലനാത്മകമാകുന്നതിനാണ് ശ്രീ ശ്രീയുടെയും പതഞ്ജലിയുടെയും എല്ലാം രംഗപ്രവേശം വഴിവെച്ചിരിക്കുന്നത്.

Comments

comments

Categories: Editorial