പുലരുമോ സമാധാനം ?

പുലരുമോ സമാധാനം ?

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഭീഷണിയും വെല്ലുവിളികളും നടത്തിയിരുന്ന രണ്ട് രാജ്യങ്ങളിലെ നേതാക്കള്‍ നാളെ സിംഗപ്പൂരില്‍ നേര്‍ക്കുനേര്‍ വരികയാണ്. ഒരുവശത്ത് ലോകശക്തിയായ അമേരിക്കയുടെ പ്രസിഡന്റ്. മറുവശത്ത് ഉത്തര കൊറിയയുടെ ഏകാധിപതിയായ പ്രസിഡന്റ്. എന്തായിരിക്കും കൂടിക്കാഴ്ചയുടെ ഫലം ?

ലോകം ഉറ്റുനോക്കുന്ന ഉച്ചകോടിക്ക് 12ന് സിംഗപ്പൂര്‍ വേദിയാവുകയാണ്. അന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ച ചരിത്രമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ഇരുവരും സമ്മതിച്ചു എന്നതാണു കൂടുതല്‍ ശ്രദ്ധേയമായത്. കാരണം ആറ് മാസങ്ങള്‍ക്കു മുന്‍പായിരുന്നു ഇരു നേതാക്കളും വെല്ലുവിളിച്ചു കൊണ്ട് പ്രസ്താവനയിറക്കിയതും, സൈനിക സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചതും. 2017-ല്‍ യുദ്ധക്കൊതിയനായൊരു കിമ്മിനെയാണ് ലോകം കണ്ടത്. മറുവശത്താകട്ടെ കിമ്മിന്റെ പ്രകോപനത്തിനൊപ്പിച്ച് അപക്വമായി മറുപടി പറയുന്ന ട്രംപിനെയും. പക്ഷേ, സംഘര്‍ഷ ഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷം ഇരുവരും തീവ്രനിലപാടില്‍നിന്നും അതിവേഗം പിന്നോക്കം പോവുകയും ചെയ്തു. എങ്കിലും സിംഗപ്പൂരിലുള്ള റിസോര്‍ട്ട് ഐലന്‍ഡിലെ കോണ്‍ഫറന്‍സ് റൂമില്‍ നാളെ ഇരുവരും കൂടിക്കാഴ്ച നടത്തുമ്പോള്‍, ഇരുനേതാക്കളുടെയും നെഗോഷ്യേറ്റിംഗ് പൊസിഷനില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണു നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ട്രംപും, കിമ്മും അവരുടെ പിടിവാശി ഉപേക്ഷിക്കാന്‍ സാധ്യത കുറവാണെന്നു തന്നെ വേണം മനസിലാക്കാന്‍.

സിംഗപ്പൂര്‍: ഏഷ്യയിലെ ജനീവ

 

12ന് ട്രംപ്-കിം ഉച്ചകോടി വിജയകരമായാല്‍ സിംഗപ്പൂര്‍ തലസ്ഥാനമായ സിംഗപ്പൂര്‍ സിറ്റിക്ക് ഒരു അപരനാമം ലോകം ചാര്‍ത്തിക്കൊടുക്കും. അത് ഏഷ്യയിലെ ജനീവ എന്നായിരിക്കും. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഒരു നഗരമാണു ജനീവ. സമാധാന ചര്‍ച്ചകള്‍ ഭൂരിഭാഗവും നടന്നിരിക്കുന്നതും ഇപ്പോഴും നടക്കുന്നതും യൂറോപ്യന്‍ നഗരമായ ജനീവയിലാണ്. ഇന്നും ഹൈ പ്രൊഫൈല്‍ ഡിപ്ലോമാറ്റിക് ടോക്കുകള്‍ക്ക് ലോകം തെരഞ്ഞെടുക്കുന്ന നഗരം ജനീവയാണ്. ജനീവ കണ്‍വെന്‍ഷന്‍ എന്ന പേരിലുള്ള ഉടമ്പടി പ്രസിദ്ധമാണ്. നിരവധി അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ജനീവയിലാണ്. ഇനി സിംഗപ്പൂരും ജനീവയുടെ പദവിയിലേക്ക് മാറുമെന്നാണു പറയപ്പെടുന്നത്. ജനീവ പോലെ സിംഗപ്പൂര്‍ സിറ്റിയും വൃത്തിയും ഉയര്‍ന്ന സുരക്ഷയും ഉറപ്പ് നല്‍കുകയും ചെയ്യുന്ന നഗരമാണ്. lion city എന്നൊരു വിശേഷണവും സിംഗപ്പൂരിനുണ്ട്. മിക്ക ദേശീയ പ്രതീകങ്ങളിലും സിംഹമുദ്ര കാണാന്‍ സാധിക്കും. നാളെ നടക്കുന്ന ട്രംപ്-കിം ഉച്ചകോടിക്ക് സിംഗപ്പൂര്‍ തെരഞ്ഞെടുക്കാന്‍ കാരണം നിരവധിയുണ്ട്. അവയിലൊന്ന് സിംഗപ്പൂര്‍ ഉത്തരകൊറിയയുമായും, യുഎസുമായും നല്ല ബന്ധം സ്ഥാപിച്ചിരിക്കുന്നു എന്നതാണ്. ഉത്തര കൊറിയയുടെ എംബസി സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്തര കൊറിയയ്ക്കു വിദേശങ്ങളില്‍ എംബസിയുള്ളത് കുറവാണ്.

കാര്‍ക്കശ്യ സ്വഭാവം മുഖമുദ്രയാക്കിയ രണ്ട് രാഷ്ട്ര നേതാക്കളാണ് ട്രംപും, കിമ്മും. ഇരുവരും ഒരു മേശയ്ക്കു ചുറ്റുമിരിക്കുമ്പോള്‍ അവിടെ സമാധാനം പുലരുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. അത് രണ്ട് നേതാക്കളുടെയും കഴിവിനെ ആശ്രയിച്ചിരിക്കുമെന്നു മാത്രമാണ് ആ ചോദ്യത്തിനുള്ള മറുപടി. ഉത്തര കൊറിയ ഇപ്പോള്‍ ചര്‍ച്ചയ്ക്കു വഴങ്ങിയത് ട്രംപിന്റെ കഴിവ് കൊണ്ടു മാത്രമാണെന്നു കരുതുന്ന ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരുണ്ട്. ലോകത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ട്രംപിന്റെ ഭാഷ ഉത്തര കൊറിയയുടെ കാര്യത്തില്‍ ഫലപ്രദമായെന്ന അഭിപ്രായമുള്ള വ്യക്തിയാണു യുഎസ് മുന്‍ നയതന്ത്രജ്ഞന്‍ വില്യം കോര്‍ട്ട്‌നി.
‘ട്രംപ് ഭരണകൂടവും, വ്യക്തിപരമായി ട്രംപും ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമാണ് ഇപ്പോള്‍ ഉത്തര കൊറിയ ചര്‍ച്ചയ്ക്കു തയാറായി വന്നിരിക്കുന്നതെന്ന് ‘ താന്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു. ആണവ പോര്‍വിളി നടത്തിയിരുന്നപ്പോഴും, മുടന്തി നീങ്ങുന്ന ഒരവസ്ഥയിലായിരുന്നു ഉത്തര കൊറിയയുടെ സമ്പദ്ഘടന. ഈ സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം ഉള്‍പ്പെടെ പരമാവധി സമ്മര്‍ദ്ദം ഉത്തര കൊറിയയ്ക്കു മേല്‍ ചെലുത്തിയത് ഫലം കണ്ടു. അതാവട്ടെ, കിമ്മിനെ ചര്‍ച്ചയ്ക്കു തയാറാകാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തെന്നും പറയപ്പെടുന്നു. ഒരേസമയം പരമാവധി സമ്മര്‍ദ്ദവും, പരമാവധി ഇടപഴകലുകളും (Maximum pressure and Maximum engagement) ഈയൊരു തന്ത്രമാണ് അമേരിക്ക പ്രയോഗിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

2017-ല്‍ ഒരു ഡസന്‍ ആണവ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. അവയെല്ലാം തന്നെ അമേരിക്കയെ ലക്ഷ്യംവയ്ക്കുന്നതുമായിരുന്നു. എന്നാല്‍ 2018-ല്‍ ഉത്തര കൊറിയ പെട്ടെന്നാരു യു ടേണ്‍ എടുത്തു. മാത്രമല്ല, ഈ വര്‍ഷം ജനുവരിയില്‍ 24 മാസത്തിനിടെ ആദ്യമായി ദക്ഷിണ കൊറിയയുമായി ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയില്‍ നടന്ന ശീതകാല ഒളിംപിക്‌സില്‍ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിമ്മിന്റെ സഹോദരി പ്രത്യേക പ്രതിനിധിയായി പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ച് ഏപ്രിലില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇന്നും, ഉന്നും തമ്മിലുള്ള ഏപ്രിലിലെ കൂടിക്കാഴ്ച എല്ലാ അര്‍ഥത്തിലും നാളെ നടക്കാനിരിക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ചയ്ക്കുള്ള ഡ്രസ് റിഹേഴ്‌സലായിരുന്നു. ഇതിന്റെ ലക്ഷ്യമെന്നു പറയുന്നത് കൊറിയന്‍ യുദ്ധത്തിനു അവസാനമിടുക, അതോടൊപ്പം പ്രത്യേക സമയപരിധി നിശ്ചയിക്കാതെ ആണവനിരായുധീകരണത്തിനുള്ള പ്രഖ്യാപനം നടത്തുക എന്നതാണ്.

ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ നാളെ നടക്കുന്ന ഉച്ചകോടിയിലാണ്. കാര്‍ക്കശ്യ സ്വഭാവം മുഖമുദ്രയാക്കിയ രണ്ട് രാഷ്ട്ര നേതാക്കളാണ് ട്രംപും, കിമ്മും. ഇരുവരും ഒരു മേശയ്ക്കു ചുറ്റുമിരിക്കുമ്പോള്‍ അവിടെ സമാധാനം പുലരുമോയെന്ന ചോദ്യം ഉയരുന്നുണ്ട്.

ഉപരോധം പിന്‍വലിക്കുമോ ?

ഉത്തര കൊറിയയ്ക്കു മേല്‍ ഇപ്പോള്‍ യുഎന്‍, യുഎസ് ഉപരോധങ്ങളുണ്ട്. ഉപരോധങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടുന്ന ഉത്തര കൊറിയയെ ചൈനയും, റഷ്യയുമാണു സഹായിക്കുന്നത്. ഉത്തര കൊറിയയുടെ ബാങ്കുകള്‍ക്കു പണം കൈമാറ്റം ചെയ്തു നല്‍കുന്നതും, അവിടെയുള്ള പൗരന്മാര്‍ക്കു തൊഴിലിനും, പഠനാവശ്യങ്ങള്‍ക്കുമായി വിദേശത്തു പോകാന്‍ സഹായിക്കുന്നതും, അന്താരാഷ്ട്ര ധനകാര്യ വിപണിയില്‍ ഉത്തര കൊറിയന്‍ ബാങ്കുകളെ സഹായിക്കുന്നതും ചൈനയും, റഷ്യയുമാണ്. ഈയൊരു കാരണത്താല്‍ തന്നെ അമേരിക്കന്‍ ഭരണകൂടം റഷ്യയിലെയും ചൈനയിലെയും ധനകാര്യ സ്ഥാപനങ്ങള്‍ക്കു മേലും ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ നടക്കാനിരിക്കുന്ന ഉച്ചകോടി വിജയിച്ചാലും ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ ഉടന്‍ പിന്‍വലിക്കാന്‍ സാധ്യത കുറവാണ്.

ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുന്നത് 3,000 മാധ്യമപ്രവര്‍ത്തകര്‍

 

ട്രംപ്-കിം ജോങ് ഉന്‍ ഉച്ചകോടിയെ വിശേഷിപ്പിച്ചിരിക്കുന്നത് Greatest Show on Earth എന്നാണ്. ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നതാകട്ടെ, 3,000-ത്തിലേറെ മാധ്യമപ്രവര്‍ത്തകരും. ഇവരില്‍ ഭൂരിഭാഗവും ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ഉച്ചകോടിക്കു ആഴ്ചകള്‍ക്കു മുന്‍പു തന്നെ മാധ്യമപ്രവര്‍ത്തകര്‍ സിംഗപ്പൂരില്‍ എത്തുകയുണ്ടായി. കഴിഞ്ഞ ദിവസം സിംഗപ്പൂരിലുള്ള ഉത്തര കൊറിയന്‍ നയതന്ത്ര പ്രതിനിധിയുടെ വസതിയില്‍ അനുവാദം കൂടാതെ പ്രവേശിച്ചതിനു സിംഗപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

മുന്‍ഗാമികളില്‍നിന്നും വ്യത്യസ്തനായി ട്രംപ്

ആണവനിരായുധീകരണം സംബന്ധിച്ച് പ്രത്യക്ഷമായ നടപടിയുണ്ടാകും മുന്‍പു കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്കു തയാറായപ്പോള്‍ ട്രംപിനെതിരേ ആദ്യം വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ മുന്‍ യുഎസ് പ്രസിഡന്റുമാരുടെ കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിച്ച് ഇപ്പോള്‍ ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്കു തയാറായ ട്രംപിനെ അഭിനന്ദിച്ചു നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ട്രംപിനു മുന്‍പുള്ള ഓരോ യുഎസ് പ്രസിഡന്റുമാരും ഉത്തര കൊറിയയുമായുള്ള ബന്ധത്തിനായി ഓരോ സ്‌ക്രിപ്റ്റ് ആണ് തയാറാക്കിയിരുന്നത്. എന്നാല്‍ അവയൊന്നും ആണവ നിരായുധീകരണത്തിന്റെ കാര്യത്തില്‍ ഫലം കണ്ടതുമില്ല. എന്നാല്‍ ട്രംപ് ഭരണകൂടം ഇക്കാര്യത്തില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. 12ന് നടക്കുന്ന ഉച്ചകോടിക്കു മുന്നോടിയായി കഴിഞ്ഞ ഒരാഴ്ചയോളം യുഎസ് പ്രതിനിധി സംഘം ദക്ഷിണകൊറിയയിലായിരുന്നു. ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു വേണ്ടിയായിരുന്നു യുഎസ് സംഘം ദക്ഷിണകൊറിയയിലെത്തിയത്. അവര്‍ പിന്നീട് ഉത്തര കൊറിയന്‍ സംഘങ്ങളുമായും ചര്‍ച്ച നടത്തുകയുണ്ടായി. ചര്‍ച്ചയില്‍ ആണവ നിരായുധീകരണത്തിനുള്ള താത്പര്യം ഉത്തര കൊറിയന്‍ സംഘം യുഎസ് സംഘത്തെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ജയം ആര്‍ക്ക് ?

ഈ ഉച്ചകോടി, തീര്‍ച്ചയായും ഇരുനേതാക്കള്‍ക്കും അവരുടെ സ്വന്തം തട്ടകത്തില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കന്‍ പ്രസിഡന്റ് തന്നെയും തന്റെ രാജ്യത്തെയും തുല്യമായി, സമമായി പരിഗണിക്കുക എന്നതായിരുന്നു ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ദീര്‍ഘകാലത്തെ ആവശ്യം. അതിലൂടെ ഉത്തര കൊറിയയുടെ ആണവശക്തിയെ ലോകം ആദരിക്കുമെന്നും കിം ജോങ് ഉന്‍ കരുതുന്നുണ്ട്. മറുവശത്ത് ട്രംപിനാകട്ടെ, ചര്‍ച്ചകള്‍ എത്ര നന്നായി മുന്നേറി, രണ്ട് രാജ്യങ്ങള്‍ ഏതെല്ലാം കാര്യങ്ങളില്‍ യോജിക്കുന്നു എന്നതിനെ ആശ്രയിച്ചു മാത്രമേ, അദ്ദേഹത്തിന്റെ ദീര്‍ഘകാല നേട്ടത്തെ വിലയിരുത്താന്‍ സാധിക്കൂ. ചര്‍ച്ചയ്ക്കു തയാറായതിലൂടെ ട്രംപ് ഉത്തര കൊറിയയ്ക്ക് ഒരു ഇളവ് ഇതിനോടകം നല്‍കി കഴിഞ്ഞു എന്നത് മറ്റൊരു വസ്തുതയാണ്. എന്നാല്‍ കിമ്മിന്റെ ഭാഗത്തുനിന്നും ഇതുവരെ അത്തരത്തിലൊന്നുമുണ്ടായിട്ടില്ല. മാത്രമല്ല, തുറന്ന വിലപേശല്‍ നിലപാടില്‍ കിം യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടുമില്ല. ഉത്തര കൊറിയ അവരുടെ ആണവ പദ്ധതികള്‍ പുനരാരംഭിക്കാത്ത തരത്തില്‍ ഉപേക്ഷിക്കുകയും, സ്വതന്ത്ര നിരീക്ഷകരെ ആണവ പരീക്ഷണകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നതു വരെ കൂടിക്കാഴ്ച്ചയ്ക്ക് ട്രംപ് തയാറാകരുതെന്നാണു വിമര്‍ശകര്‍ പറയുന്നത്. ആണവ പദ്ധതികള്‍ ഉപേക്ഷിക്കാനുള്ള നീക്കങ്ങള്‍ ഉത്തര കൊറിയ നടത്തുന്ന സമയത്ത് അതിനുള്ള ‘സമ്മാന’മാകണം അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ച. എന്നാല്‍ ഇത്ര നേരത്തെ തന്നെ കൂടിക്കാഴ്ച നടത്താന്‍ ട്രംപ് തയാറായതിലൂടെ അത്തരമൊരു അവസരമാണു ട്രംപ് നഷ്ടപ്പെടുത്തുന്നതെന്നു വിമര്‍ശകര്‍ പറയുന്നു.ചര്‍ച്ച അകറ്റി നിര്‍ത്തിയിരുന്നെങ്കില്‍ ട്രംപിനാകുമായിരുന്നു മുന്‍തൂക്കമെന്നും അവര്‍ പറയുന്നു.എന്നാല്‍ അത്തരം തന്ത്രങ്ങള്‍ ട്രംപിന്റെ മുന്‍ഗാമികള്‍ പരീക്ഷിച്ചു പരാജയപ്പെട്ടതാണെന്ന വാദവുമുണ്ട്. വ്യക്തിപരമായൊരു അടുപ്പം കിമ്മുമായി സ്ഥാപിക്കുന്നതു വഴി ഉത്തര കൊറിയന്‍ ഭരണകൂടത്തില്‍ സ്വാധീനം ചെലുത്താന്‍ ട്രംപിന് ലഭിച്ച വലിയൊരു അവസരമാണിതെന്നും ഇക്കൂട്ടര്‍ പറയുന്നു.

ഇങ്ങനെ വാദങ്ങളും മറുവാദങ്ങള്‍ക്കുമപ്പുറം ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. അത് ആണവ പദ്ധതിയില്‍നിന്നും പിന്‍മാറാന്‍ സത്യത്തില്‍ കിം ജോങ് ഉന്‍ തയാറാകുമോ എന്നതാണ് ?

Comments

comments

Categories: FK Special, Slider