ഗ്രാമങ്ങളില്‍ സജീവമായി പേടിഎം

ഗ്രാമങ്ങളില്‍ സജീവമായി പേടിഎം

ബെംഗലൂരു: ഇടപാടുകള്‍ക്കടക്കം ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ തേടുന്നവരാണ് ഇന്ന് എല്ലാവരും. ചെറുകിട വ്യവസായികള്‍ മുതല്‍ വന്‍കിട വ്യവസായികള്‍ വരെയും ഉപഭോക്താക്കളും ഡിജിറ്റല്‍ പേയ്‌മെന്റിലൂടെ കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത്തരത്തില്‍ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന മാധ്യമമാണ് പേടിഎം. നഗരങ്ങളില്‍ എന്നപോലെ ഗ്രാമങ്ങളിലും പേടിഎം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മെട്രോ നഗരങ്ങളേക്കാള്‍ പേടിഎം ഉപയോഗിക്കുന്ന ഉപഭോക്താക്കളും കച്ചവടക്കാരും കൂടുതലും ഉളളത് ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമാണെന്നാണ് പേടിഎം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

മൂന്ന് ലക്ഷത്തോളം ഗ്രാമങ്ങളില്‍ ഇന്ന് പേടിഎമ്മിന്റെ സേവനം ചെന്നെത്തുന്നുണ്ട്. കാഷ്‌ലെസ് ട്രാന്‍സാക്ഷനുകള്‍ സുഗമമായി നടത്താന്‍ പേടിഎമ്മിനെ ആശ്രയിക്കുന്നവരാണ് മിക്കവരെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. സ്മാര്‍ട്ട്‌ഫോണും ക്യുആര്‍കോഡ് സൊല്യൂഷനും ഉപയോഗിച്ച് ഡിജിറ്റല്‍ പേയ്‌മെന്റ് നടത്താനാണ് ഗ്രാമങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും താത്പര്യം. ചെറുപട്ടണങ്ങളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സ്വീകരിച്ച 30 ലക്ഷത്തോളം കച്ചവടക്കാരും ഉണ്ടെന്ന് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണാടകയിലെ ചിത്രദുര്‍ഗ, ഒഡീഷയിലെ അന്‍ഗുല്‍, ഉത്തര്‍പ്രദേശിലെ ഉന്നാവോ, ഹിമാചല്‍പ്രദേശിലെ കാന്‍ഗ്ര എന്നീ ഗ്രാമങ്ങളില്‍ മെട്രോ നഗരത്തിലുള്ളതിനേക്കാള്‍ 20 ശതമാനം കൂടുതള്‍ പേടിഎം ഉപഭോക്താക്കളുണ്ടെന്ന് വ്യക്തമാക്കുന്നു.

ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ 40 ശതമാനത്തോളം വളര്‍ച്ച നേടാന്‍ കമ്പനിയ്ക്കായിട്ടുണ്ടെന്ന് പേടിഎം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കിരണ്‍ വസിറെഡ്ഡി പറയുന്നു.

Comments

comments