101ാം വയസിലും ഹൃദയം തൊട്ടറിഞ്ഞ് പദ്മാവതി

101ാം വയസിലും ഹൃദയം തൊട്ടറിഞ്ഞ് പദ്മാവതി

ഇന്ത്യയിലെ ആദ്യ വനിതാ ഹൃദ്രോഗ വിദഗ്ധ എന്ന ബഹുമതി നേടിയ ഡോ. എസ് ഐ പദ്മാവതി ഈ മാസം 101 വയസ് തികയുന്നതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ഹൃദ്രോഗ വിദഗ്ധ എന്ന ബഹുമതിക്ക് കൂടി അര്‍ഹയാവുകയാണ്. ആരോഗ്യകരമായ ജീവിതം എങ്ങനെ നയിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തരികയാണ് ഈ പ്രഗല്‍ഭ വനിത

ഇന്ത്യയിലെ ആദ്യ വനിതാ ഹൃദ്രോഗ വിദഗ്ധയാണ് ഡോ. ശിവരാമകൃഷ്ണ അയ്യര്‍ പദ്മാവതി. 1954ല്‍ തുടങ്ങിയ ആ സേവനം ഇന്നും നിര്‍ബാധം തുടരുന്നു എന്നു പറയുമ്പോഴാണ് ഈ പ്രഗല്‍ഭ വനിതാ രത്‌നത്തെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ തോന്നുന്നത്. പ്രായാധിക്യത്തെ തകര്‍ത്തെറിഞ്ഞ് 101ാം വയസിലും ഡെല്‍ഹിയിലെ നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്താന്‍ പദ്മാവതിക്ക് തെല്ലും ഉല്‍സാഹക്കുറവില്ല.

ഹൃദയസ്തംഭനം, ബൈപ്പാസ് സര്‍ജറി, സ്റ്റെന്റ് എന്നിങ്ങനെയുള്ള വാക്കുകള്‍ ഇന്നത്തെ തലമുറ സ്ഥിരം കേള്‍ക്കുന്നുണ്ട്. നമ്മുടെ പ്രിയപ്പെട്ടവരെ ഹൃദ്രോഗ സംബന്ധമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കുമ്പോള്‍ പതിവായി കേള്‍ക്കാറുള്ളവയാണിവ. എന്നാല്‍ ഒരു തലമുറയ്ക്കപ്പുറം ഇത്തരം വാക്കുകളൊന്നും സര്‍വസാധാരണയായി കേള്‍ക്കാനിടയില്ലാത്തെ കാലത്താണ് പദ്മാവതിയുടെ കാര്‍ഡിയാക് സേവനം തുടങ്ങുന്നത്. ഇന്ത്യയിലെ ആദ്യ വനിതാ ഹൃദ്രോഗ വിദഗ്ധ എന്ന ബഹുമതി നേടിയ പദ്മാവതി ഈ മാസം 101 വയസ് തികയുന്നതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ഹൃദ്രോഗ വിദഗ്ധ എന്ന ബഹുമതിക്ക് കൂടി അര്‍ഹയാവുകയാണ്.

രാജ്യം ഉറ്റുനോക്കിയ സേവനം

1917ല്‍ ജനിച്ച പദ്മാവതി രണ്ടാം ലോക മഹായുദ്ധ കാലത്താണ് ബര്‍മയില്‍ നിന്നും കോയമ്പത്തൂരിലേക്ക് എത്തുന്നത്. ചെറുപ്പം മുതല്‍ക്കേ ഏതു കാര്യത്തിലും വ്യത്യസ്തത കണ്ടെത്താന്‍ ശ്രമിച്ചിരുന്ന അവര്‍ അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് ഹോസ്പിറ്റല്‍, ഹാര്‍വാര്‍ഡ് മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളില്‍ നിന്നായി മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി. പഠനശേഷം 1952ല്‍ ഇന്ത്യയിലേക്ക് തിരികെ എത്തുമ്പോള്‍ രാജ്യത്തെ കാര്‍ഡിയോളജി മേഖലയില്‍ ഒരു വന്‍ വഴിത്തിരിവ് സൃഷ്ടിക്കുകയായിരുന്നു ഈ വനിതയുടെ നിയോഗം.

ദിവസവും 2.3 ഗ്രാം ഉപ്പ്, അതായത് ഒരു ടീസ്പൂണ്‍ ആണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ശരിയായ ഉപ്പിന്റെ ഉപഭോഗം. ദിവസം മുപ്പത് മിനിട്ട് വ്യായാമം ചെയ്യുന്നത് ഹൃദ്രോഗങ്ങള്‍ മുപ്പതു ശതമാനത്തോളം ചെറുക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണ ഫലങ്ങള്‍. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കുറഞ്ഞത് 500ഗ്രാം ദിവസവും കഴിക്കേണ്ടതാണ്

രാജ്യം ഉറ്റുനോക്കിയ സേവനമായിരുന്നു പദ്മാവതിയുടേത്. 1967ല്‍ പദ്മഭൂഷണ്‍, 1992ല്‍ പദ്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നേടിയ ഈ പ്രഗല്‍ഭ രാജ്യത്ത് നടപ്പാക്കിയത് മേഖലയിലെ എടുത്തുപറയേണ്ട സേവനപ്രവര്‍ത്തനങ്ങളാണ്. ഡെല്‍ഹിയിലെ ലേഡി ഹാര്‍ഡിംഗെ മെഡിക്കല്‍ കോളെജില്‍ ആദ്യ കാര്‍ഡിയാക് ക്ലിനിക്, കാത്ത് ലാബ് സൗകര്യങ്ങള്‍, മൗലാന ആസാദ് മെഡിക്കല്‍ കോളെജിലും ജിബി പന്ത് ഹോസ്പിറ്റലിലും ആദ്യമായി കാര്‍ഡിയോളജി വകുപ്പ്, ഡെല്‍ഹിയില്‍ ഓള്‍ ഇന്ത്യ ഹാര്‍ട്ട് ഫൗണ്ടേഷന്‍ എന്നിവയെല്ലാം രൂപീകരിച്ചതിനു പിന്നിലെ മുഖം പദ്മാവതിയുടേതു തന്നെ. ഡോ.പദ്മാവതിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഫിസിഷ്യന്‍മാരും വ്യവസായ പ്രമുഖരും ചേര്‍ന്നാണ് ഡെല്‍ഹിയിലെ നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന് അടിത്തറ പാകിയത്. ഇതെല്ലാം ഹൃദ്രോഗ വിഭാഗം ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലാതിരുന്ന കാലത്താണെന്നതാണ് ഏറ്റവും അതിശയകരം.

ജീവിതശൈലിയിലെ മാറ്റങ്ങള്‍ ഹൃദ്രോഗനിരക്ക് കൂട്ടുന്നു

ഇന്ന് ഹൃദ്രോഗങ്ങള്‍ മനുഷ്യന്റെ കൂടപ്പിറപ്പായിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്താകമാനം 17 ദശലക്ഷം ആളുകള്‍ ഈ രോഗത്താല്‍ മരണപ്പെടുന്നു. 2030 ആകുമ്പോഴേക്കും ഈ കണക്കുകള്‍ 23 ദശലക്ഷത്തോളമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയിലും ഹൃദ്രോഗത്തിന്റെ കണക്കുകള്‍ അതിഭീകരമാണ്. പ്രായപൂര്‍ത്തിയായവരില്‍ 32 ശതമാനം ആളുകളും മരിക്കുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്.

ഇന്ത്യയില്‍ ഹൃദയസ്തംഭനത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ 50 ശതമാനവും 50 വയസിനുള്ളിലാണെന്നു മനസിലാക്കാനാകും. നാല്‍പത് വയസില്‍ താഴെയുള്ളവരില്‍ ഇതിന്റെ തോത് 25 ശതമാനമാണ്. അര നൂറ്റാണ്ടിലേറെയായുള്ള തന്റെ ചിരപരിചിത മേഖലയെ കുറിച്ച് പദ്മാവാതി പറയുന്നതിങ്ങനെ, ഹൃദ്രോഗങ്ങളുടെ പ്രധാന കാരണം അമിതവണ്ണം, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, പുകയില ഉപയോഗം എന്നിവയാണ്. അമിത വണ്ണമുള്ളവരില്‍ സാധാരണ ഗതിയില്‍ കണ്ടുവരുന്ന ഒന്നാണ് രക്തത്തിലെ ഉയര്‍ന്ന തോതിലുള്ള കൊളസ്‌ട്രോള്‍. ഉപ്പിന്റെ ഉപയോഗം കൂടുന്നതും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ദിവസവും 2.3 ഗ്രാം ഉപ്പ്, അതായത് ഒരു ടീസ്പൂണ്‍ ആണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ശരിയായ ഉപ്പിന്റെ ഉപഭോഗം.

ദിവസം മുപ്പത് മിനിട്ട് വ്യായാമം ചെയ്യുന്നത് ഹൃദ്രോഗങ്ങള്‍ മുപ്പതു ശതമാനത്തോളം ചെറുക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണ ഫലങ്ങള്‍. ഇതോടൊപ്പം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കുറഞ്ഞത് 500ഗ്രാം ദിവസവും കഴിക്കേണ്ടതാണ്.

ഡോ. പദ്മാവതി സ്വന്തം ജീവിതത്തിലൂടെയാണ് ആരോഗ്യകരമായ ജീവിതത്തിനു മാതൃകയാകുന്നത്. ഈ പ്രായത്തിലും അവര്‍ ഉല്‍സാഹവതിയാണ്. മുടങ്ങാതെ എല്ലാ ദിവസം നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുന്നുണ്ട്. തന്റെ ദീര്‍ഘായുസിന് അവര്‍ കടപ്പെട്ടിരിക്കുന്നത് 103 വയസുവരെ ജീവിച്ച മുത്തച്ഛിയുടെ ജീനുകളോടു തന്നെ. പദ്മാവതി കഴിഞ്ഞ 20 വര്‍ഷമായി ഡെല്‍ഹിയിലെ ഫോര്‍ഡ് ഫൗണ്ടേഷന്‍ കുളത്തില്‍ കുറഞ്ഞത് അരമണിക്കൂറെങ്കിലും നീന്തലിനായി മാറ്റിവെച്ചിരുന്നു. എന്നാല്‍ കുളത്തിലേക്കുള്ള നടത്തം അല്‍പ്പം ആയാസകരമായതിനാല്‍ മൂന്നു വര്‍ഷമായി നീന്തലിന് വിട നല്‍കിയിരുന്നു.

Comments

comments

Categories: FK Special, Slider

Related Articles