പ്രാദേശിക വിമാനസര്‍വീസ്: നടപടികള്‍ മന്ദഗതിയില്‍

പ്രാദേശിക വിമാനസര്‍വീസ്: നടപടികള്‍ മന്ദഗതിയില്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളരെ വലിയ ആഗ്രഹമാണ് ഇന്ത്യക്കാര്‍ക്കായി പ്രാദേശിക വിമാനസര്‍വീസുകള്‍ ആരംഭിക്കണമെന്നുള്ളത്. ചെറിയ പട്ടണങ്ങളിലുള്ളവരെ വലിയ നഗരങ്ങളുമായി ബന്ധിപ്പിക്കാന്‍ ഉതകുന്ന തരത്തില്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കുക എന്നത് സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായിരുന്നു. എന്നാല്‍ വിമാനത്താവളങ്ങളുടെ പ്രവൃത്തികള്‍ മന്ദഗതിയില്‍ നടക്കുമ്പോള്‍ ഈ സ്വപ്‌നം ഉടന്‍ പൂവണിയുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

കഴിഞ്ഞ വര്‍ഷമാണ് പദ്ധതി നരേന്ദ്രമോദി ഉത്ഘാടനം ചെയ്തത്. പ്രാദേശികമായി കൂടുതല്‍ വിമാനത്താവളങ്ങള്‍ നിര്‍മിച്ച് ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ യാത്രാസൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള ശ്രമം. എന്നാല്‍ ഈ ശ്രമം വിജയകരമാക്കാന്‍ കഴിഞ്ഞില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ചെറു പട്ടണങ്ങളില്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുക എന്നത് വളരെ പ്രയാസകരമേറിയ ജോലിയാണെന്നും അതിനാല്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

മോദിയുടെ ‘റീജിയണല്‍ കണക്ടിറ്റിവിറ്റി സ്‌കീമി’ന്റെ കീഴില്‍ 2017 അവസാനത്തോടെ 31 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാമെന്നായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ 16 എയര്‍പോര്‍ട്ടുകള്‍ മാത്രമാണ് പ്രവര്‍ത്തന സജ്ജമായത്. ബാക്കിയുള്ളവ പണി പുരോഗമിക്കുന്നതേ ഉള്ളൂ. വിമാനത്താവള നിര്‍മാണത്തിന് ആവശ്യമായ അടിസ്ഥാന സാമഗ്രികള്‍ വാങ്ങാന്‍ വേണ്ടത്ര ഫണ്ടില്ലെന്നാണ് ചില സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

സമയം ഇനിയും കൂട്ടി നല്‍കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. ടെര്‍മിനലുകള്‍, ബാഗേജ് സ്‌കാനര്‍, സെക്യൂരിറ്റി സിസ്റ്റംസ് എന്നിവ നിര്‍മിക്കാന്‍ സമയം അധികമായി വേണമെന്ന് അധികൃതര്‍ പറയുന്നു. ജൂണ്‍ അവസാനത്തോടെ 15 വിമാനത്താവളങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.

Comments

comments

Tags: airport, India, Modi