ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന് അന്താരാഷ്ട്ര അംഗീകാരം

ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന് അന്താരാഷ്ട്ര അംഗീകാരം

ജര്‍മനിയില്‍ നിന്നുള്ള ഒരു പ്രതിനിധിയെ ന്യൂഡെല്‍ഹിയിലെ എന്‍എസ്ഡിസിയില്‍ നിയോഗിക്കും

ന്യൂഡെല്‍ഹി: കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ ദേശീയ നൈപുണ്യ വികസന കോര്‍പറേഷന് (എന്‍എസ്ഡിസി) അന്താരാഷ്ട്ര അംഗീകാരം. യുഎന്‍ഇവിഒസി അംഗമെന്ന നിലയില്‍ യുനെസ്‌കോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അംഗീകാമാണ് ലഭിച്ചത്. രാജ്യത്തെ എല്ലാ ജില്ലകളിലുമുള്ള യുവജനങ്ങളെ തൊഴില്‍പ്രാപ്തരാക്കുന്നതിനുള്ള പരിശീലനമാണ് എന്‍എസ്ഡിസി നല്‍കുന്നത്.

ജര്‍മനിയിലെ ബോണിലെ യുണൈറ്റഡ് നാഷന്‍സ് കാംപസില്‍ സ്ഥിതി ചെയ്യുന്ന യുനെസ്‌കോ-യുഎന്‍ഇവിഒസി അന്താരാഷ്ട്ര സെന്റര്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുനെസ്‌കോയുടെ ഏഴ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നാണ്. കഴിഞ്ഞ ആഴ്ചയാണ് എന്‍എസ്ഡിസിയ്ക്ക് പൂര്‍ണമായ അംഗീകാരം നല്‍കിയത്. സാങ്കേതികവും തൊഴില്‍ അധിഷ്ഠിതവുമായ പരിശീലനും വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് യുനെസ്‌കോ-യുഎന്‍ഇവിഒസി പ്രവര്‍ത്തിക്കുന്നത്. വിവിധ സ്ഥാപനങ്ങളെ കൂട്ടിയിണക്കുന്ന ആഗോള നെറ്റ് വര്‍ക്കിലൂടെയാണ് യുനെസ്‌കോ-യുഎന്‍ഇവിഒസി സുസ്ഥിര വിദ്യാഭ്യാസം സാധ്യമാക്കുന്നതിന്റെ ഭാഗമായി നൈപുണ്യ പരിശീലനം നല്‍കുന്നത്.

ഇന്ത്യയിലെ നൈപുണ്യ പരിശീലനങ്ങളില്‍ മികച്ച ആശയങ്ങളും സാങ്കേതിക വിദ്യയും എത്തിക്കുന്നതിനും ഇന്ത്യന്‍ അതോറിറ്റികളും അന്താരാഷ്ട്ര വിദഗ്ധരുമായുള്ള ഇടപഴകല്‍ വര്‍ധിപ്പിക്കുന്നതിനും എന്‍എസ്ഡിസിക്ക് ലഭിച്ച അംഗീകാരം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അടിസ്ഥാന തൊഴിലുകള്‍ക്ക് പോലും ആവശ്യത്തിന് ശ്രദ്ധ കൊടുക്കുന്ന ഇന്ത്യയുടെ നൈപുണ്യ പദ്ധതിയില്‍ നിന്ന് ലോകത്തിന് പഠിക്കാനുള്ള പാഠങ്ങളുണ്ടെന്നാണ് ഈ അംഗീകാരം വ്യക്തമാക്കുന്നതെന്ന് എന്‍എസ്ഡിസി എംഡിയും സിഇഒയുമായ മനിഷ് കുമാര്‍ പറഞ്ഞു. നമ്മള്‍ നിര്‍മിച്ച വിജ്ഞാന ശേഷിക്കുള്ള അംഗീകാരമാണിത്. അന്താരാഷ്ട്ര തലത്തില്‍ സ്വാധീന ശക്തിയുള്ള കമ്പനികള്‍ അതിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മാണം, സേവനം, ടെക്‌നോളജി എന്നിവയെല്ലാമായി ബന്ധപ്പെട്ട 27 മേഖലകളില്‍ എന്‍എസ്ഡിസി യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ജര്‍മന്‍ പരിശീലന മാതൃക മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിന് ജര്‍മനിയില്‍ നിന്നുള്ള ഒരു പ്രതിനിധിയെ ഈ വര്‍ഷം മുതല്‍ ന്യൂഡെല്‍ഹിയിലെ എന്‍എസ്ഡിസിയില്‍ നിയോഗിക്കുമെന്നും കുമാര്‍ പറഞ്ഞു.

Comments

comments

Categories: World