290,000 പൊതു സേവന കേന്ദ്രങ്ങളില്‍ റെയ്ല്‍വേ ടിക്കറ്റ് ബുക്കിംഗ് ലഭ്യമാക്കും

290,000 പൊതു സേവന കേന്ദ്രങ്ങളില്‍ റെയ്ല്‍വേ ടിക്കറ്റ് ബുക്കിംഗ് ലഭ്യമാക്കും

ന്യൂഡെല്‍ഹി: അടുത്ത 8-9 മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 2,90,000 പൊതു സേവന കേന്ദ്ര (സിഎസ്‌സി) ങ്ങള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിനുള്ള കരാറില്‍ ഇന്ത്യന്‍ റെയ്ല്‍വെ-ഐടി മന്ത്രാലയങ്ങള്‍ ഒപ്പിട്ടു. നിലവില്‍ 40,000 സിഎസ്‌സികള്‍ റെയ്ല്‍വേ ടിക്കറ്റ് ബുക്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അടുത്ത 8-9 മാസങ്ങളില്‍ എല്ലാ സിഎസ്‌സികളും ടിക്കറ്റ് ബുക്കിംഗിന് പ്രാപ്തമാകുമെന്ന് റെയ്ല്‍വേ മന്ത്രി പിയുഷ് ഗോയല്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം അറിയിച്ചു.

ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും (ഐആര്‍സിടിസി) സിഎസ്‌സി ഇന്ത്യയും തമ്മിലാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി രാജ്യത്തുടനീളമുള്ള പൊതു സേവന കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് സിഎസ്‌സി ഇന്ത്യയാണ്. റിസര്‍വഡും അണ്‍റിസര്‍വഡും ആയിട്ടുള്ള ടിക്കറ്റുകള്‍ സിഎസ്‌സി വഴി ബുക്ക് ചെയ്യാം.

2.9 ലക്ഷം സിഎസ്‌സികളെ ബാങ്കിംഗ് കറസ്‌പോണ്ടന്റുകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനുള്ള പരിശോധന നടന്നു വരികയാണെന്നും ഗ്രാമീണ മേഖലകളില്‍ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിന് സിഎസ്‌സികളില്‍ ബാങ്ക് കൗണ്ടറുകള്‍ സ്ഥാപിക്കാനാകുമെന്നും ഗോയല്‍ പറഞ്ഞു. മുദ്രാ വായ്പകള്‍ അനുവദിക്കുന്നതിനുള്ള ഒരു മീഡിയമായി സിഎസ്‌സികളെ സജ്ജീകരിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories