ഐകിയ പ്ലാസ്റ്റിക്ക് ഒഴിവാക്കും

ഐകിയ പ്ലാസ്റ്റിക്ക് ഒഴിവാക്കും

2020 ആകുമ്പോഴേക്കും ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്ക് പൂര്‍ണമായി ഉപേക്ഷിക്കാന്‍ റെഡി റ്റു യൂസ് ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ ഐകിയ തയാറെടുക്കുന്നു

ആവശ്യാനുസരണം കൂട്ടിയോജിപ്പിക്കാനും അഴിച്ചെടുക്കാനും കഴിയുന്ന കട്ടില്‍, മേശ കസേര തുടങ്ങിയ ഗൃഹോപകരണനിര്‍മാണ കമ്പനിയാണ് ഐകിയ. ഫ്ളാറ്റ് പായ്ക്ക് എന്നറിയപ്പെടുന്ന ഇത്തരം ഫര്‍ണിച്ചറുകളുടെ ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വ്യാപാരികളാണിവര്‍. മരം, പരുത്തിനൂല്‍, ലോഹം, പ്ലൈവുഡ്, ഗ്ലാസ്, പ്ലാസ്റ്റിക്ക് എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ഗൃഹോപകരണനിര്‍മാണത്തിന് ഇവര്‍ ഉപയോഗിക്കുന്നു. എന്നും പരിസ്ഥിതിസൗഹൃദ നിര്‍മാണത്തിന് പ്രാധാന്യം കൊടുക്കുന്നവരാണു തങ്ങളെന്ന് കമ്പനി അവകാശപ്പെടുന്നു. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഇക്കാര്യം ശ്രദ്ധിക്കാറുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഈട്, അസംസ്‌കൃതവസ്തുക്കള്‍, നിര്‍മാണം, വിതരണം, ഉപയോഗം അങ്ങനെ എല്ലാ മേഖലയിലും പ്രകൃതിക്ക് കുറഞ്ഞ ആഘാതം മാത്രം ഏല്‍പ്പിക്കാന്‍ പരമാവധി ശ്രമിച്ചു പോരുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ലോകമെമ്പാടും പ്ലാസ്റ്റിക്കിനെതിരേ ശക്തമായ പ്രചാരണം നടന്നു വരുകയാണ്. കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യം പരിസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണി സൃഷ്ടിച്ചിരിക്കുന്ന കാലമാണിത്. പരിസ്ഥിതി നാശത്തിനു പുറമെ ജീവികളുടെ ജീവനാശത്തിനും മാരകരോഗങ്ങള്‍ക്കും പ്ലാസ്റ്റിക്ക് കാരണമാകുന്നു. ശാസ്ത്രജ്ഞര്‍ പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനത്തിനു നൂതനമാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മാതൃകാപരമായ തീരുമാനത്തിലൂടെ പ്രചോദനമായി മാറാനാണ് ഐകിയയുടെ തീരുമാനം. ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ഇനം പ്ലാസ്റ്റിക്കുകള്‍ പുനഃചംക്രമണം ചെയ്യാന്‍ പറ്റുന്നവയല്ല. ഏറ്റവും കൂടുതല്‍ പരിസ്ഥിതിനാശത്തിനു കാരണം ഇത്തരം കുറഞ്ഞ ഭാരമുള്ള പ്ലാസ്റ്റിക്കാണ്. തങ്ങളുടെ അസംസ്‌കൃതവസ്തുക്കളില്‍ നിന്ന് ഇവയെ പാടേ എടുത്തു കളയാനാണ് ഐകിയ ഉദ്ദേശിക്കുന്നത്.

പ്ലാസ്റ്റിക്ക് സ്‌ട്രോ, പാത്രം, കപ്പ്, ഫ്രീസര്‍ ബാഗ്, മാലിന്യത്തൊട്ടി, പ്ലാസ്റ്റിക്ക് ആവരണമുള്ള കടലാസ് പാത്രവും കപ്പും സ്റ്റോറുകളില്‍ നിന്നും റെസ്റ്റൊറന്റുകളില്‍ നിന്നും പിന്‍വലിച്ച് ബദല്‍ വസ്തുക്കള്‍ ഉപയോഗിക്കാനാണ് ഐകിയ തീരുമാനിച്ചിരിക്കുന്നത്. ഇതിനെല്ലാം വേണ്ടിയുള്ള ചര്‍ച്ചകള്‍ വിതരണക്കാരുമായി നടത്തി തുടങ്ങിയെന്ന് കമ്പനി വ്യക്തമാക്കി

ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചു കൊണ്ടു വരുകയും 2020 ഓഗസ്റ്റ് മാസത്തോടെ പൂര്‍ണമായി അവസാനിപ്പിക്കുകയുമാണ് ലക്ഷ്യം. പ്ലാസ്റ്റിക്ക് സ്‌ട്രോ, പാത്രം, കപ്പ്, ഫ്രീസര്‍ ബാഗ്, മാലിന്യത്തൊട്ടി, പ്ലാസ്റ്റിക്ക് ആവരണമുള്ള കടലാസ് പാത്രവും കപ്പും തുടങ്ങിയവ സ്റ്റോറുകളില്‍ നിന്നും റെസ്റ്റൊറന്റുകളില്‍ നിന്നും പിന്‍വലിച്ച് ബദല്‍ വസ്തുക്കള്‍ ഉപയോഗിക്കാനാണു പരിപാടി. ഇതിനെല്ലാം വേണ്ടിയുള്ള ചര്‍ച്ചകള്‍ വിതരണക്കാരുമായി നടത്തി തുടങ്ങിയെന്ന് കമ്പനി വ്യക്തമാക്കി. പ്ലാസ്റ്റിക്ക് നിര്‍മാര്‍ജന പ്രശ്‌നങ്ങള്‍ക്ക് ഒറ്റയടിക്കു പരിഹാരം കണ്ടെത്തുക പ്രയാസകരമാണെന്ന് സമ്മതിക്കുമ്പോഴും മനുഷ്യര്‍ക്കും പ്രകൃതിക്കും നല്ലതു വരുത്താന്‍ അതു സഹിക്കേണ്ടി വരുമെന്നാണ് അവരുടെ നിലപാട്.

പെട്രോളിയത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളിലും ഐകിയ ഭാഗഭാക്കാകുന്നു. പദ്ധതിയുടെ പുരോഗതിക്കായി, പ്ലാസ്റ്റിക്ക് പുനഃചംക്രമണ പ്ലാന്റില്‍ നിക്ഷേപം നടത്തിയിരിക്കുകയാണ് കമ്പനി. പരമ്പര്യേതര ഊര്‍ജരംഗത്ത് കാലുറപ്പിക്കുന്നതിന്റെ ഭാഗമായി കാറ്റാടിപ്പാടങ്ങളിലും സൗരോര്‍ജ ഉല്‍പ്പാദനത്തിലും ഐകിയ നിക്ഷേപം നടത്തിയിരിക്കുകയാണ്. 2020 ആകുമ്പോള്‍ ഊര്‍ജരംഗത്ത് സ്വന്തമായ ഇടം തേടുകയാണ് ലക്ഷ്യം. 2025-ല്‍ 29 ലോകവിപണികളില്‍ സൗരോര്‍ജ പാനലുകളും സ്വന്തം കഫേകളില്‍ കൂടുതല്‍ സസ്യവിഭവങ്ങളും വിതരണം ചെയ്യുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സമുദ്രങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമായി അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഐകിയ ഇത്തരമൊരു സംരംഭത്തിലേക്ക് ഇറങ്ങിയത്.

ആഗോളതലത്തില്‍ 363 സ്‌റ്റോറുകളുള്ള ചില്ലറവില്‍പ്പന സ്ഥാപനമാണ് ഐകിയ. ജലോപഭോഗം 90 ശതമാനം വരെ കുറയ്ക്കുന്ന പൈപ്പ് ടാപ്പുകളില്‍ ഘടിപ്പിക്കുന്ന ജലമിതവ്യയ ഉപകരണികള്‍ വരെ നിര്‍മിക്കുന്ന കമ്പനി, ഉപയോക്താക്കള്‍ക്ക് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ബ്രാന്‍ഡിന്റെ വലുപ്പവും വ്യാപകസാന്നിധ്യവും ഉപയോഗിച്ച് നൂറു കോടിയിലധികം പേര്‍ക്ക് മെച്ചപ്പെട്ട ജീവിതാവസരമൊരുക്കി കൊടുക്കാനും അനേകര്‍ക്ക് പ്രചോദനമാകാനും കഴിയുമെന്ന് മാതൃകമ്പനിയായ ഇന്റര്‍ ഐകിയ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടിവ് ടോര്‍ബ്‌ജോണ്‍ ലൂഫ് പറയുന്നു. മറ്റുള്ളവരുടെ സഹകരണത്തോടെ സംരംഭകത്വം വളര്‍ത്തിയെടുത്താല്‍ മാത്രമേ മാറ്റം സാധ്യമാകൂ. അസംസ്‌കൃതവസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ മുതല്‍ ഉപയോക്താക്കളെയും പങ്കാളികളെയും വരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറയുന്നു.

ആഗോളതലത്തില്‍ 363 സ്‌റ്റോറുകളുള്ള ചില്ലറവില്‍പ്പന സ്ഥാപനമാണ് ഐകിയ. ജലോപഭോഗം 90 ശതമാനം വരെ കുറയ്ക്കുന്ന പൈപ്പ് ടാപ്പുകളില്‍ ഘടിപ്പിക്കുന്ന ജലമിതവ്യയ ഉപകരണികള്‍ വരെ നിര്‍മിക്കുന്ന കമ്പനി, ഉപയോക്താക്കള്‍ക്ക് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനിരിക്കുകയാണ്

കൂടുതല്‍ പരിസ്ഥിതിസൗഹൃദ ബദലുകള്‍ തേടിക്കൊണ്ടിരിക്കുകയാണ് ചില്ലറവില്‍പ്പന സ്ഥാപനങ്ങള്‍. ചോക്കലേറ്റ്, ബിസ്‌കറ്റ്, ടൂത്ത്‌പേസ്റ്റ്, ബ്ലേഡ്, സിഗററ്റ് തുടങ്ങി ഏത് നിത്യോപയോഗ ഉല്‍പ്പന്നങ്ങളും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് നമുക്കു മുമ്പില്‍ എത്തുന്നത്. ഉപയോഗിച്ച് വലിച്ചെറിയുന്ന വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ഹ്രസ്വകാലാവധിയും വന്‍തോതിലുള്ള വില്‍പ്പനയുമാണ് പ്ലാസ്റ്റിക്കിന്റെ അമിതോപയോഗത്തിനു കാരണം. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളിലെ പ്ലാസ്റ്റിക്ക് പൊതികള്‍ നിരാശയായിരിക്കും സമ്മാനിക്കുക. സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഐസ്‌ലാന്‍ഡ് 2023- ഓടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്ലാസ്റ്റിക്ക് പൊതിയിലാക്കുന്നത് അവസാനിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. അവരുടെ മാതൃക മറ്റു സൂപ്പര്‍മാര്‍ക്കറ്റുകളും പിന്തുടരണമെന്ന ബ്രിട്ടീഷ് എംപിമാരുടെ ആഹ്വാനത്തോട് അനുഭാവം പ്രകടിപ്പിച്ചാണ് ഐകിയ പ്ലാസ്റ്റിക് ഒഴിവാക്കാന്‍ തീരുമാനിച്ചത്. പ്ലാസ്റ്റിക്ക് വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി പലവ്യഞ്ജന ശൃംഖലയായ ടെസ്‌കോ പുനചംക്രമണവിധേയമാക്കാനാകാത്ത പ്ലാസ്റ്റിക്ക് പൊതികള്‍ അടുത്ത വര്‍ഷം മുതല്‍ നല്‍കില്ല. ഭക്ഷ്യോല്‍പ്പന്ന ശൃംഖലയായ വെയ്റ്ററോസ് ആകട്ടെ പ്ലാസ്റ്റിക്ക് ട്രേകള്‍ ഉപേക്ഷിക്കുകയാണ്.

നിരവധി രാജ്യങ്ങള്‍ പ്ലാസ്റ്റിക്ക് ഉപയോഗം വെട്ടിച്ചുരുക്കുകയാണെന്ന് ലോക പരിസ്ഥിതി ദിനത്തില്‍ ഐക്യരാഷ്ട്രസംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. കെനിയ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചതും ശ്രീലങ്കയിലെ സ്റ്റിറോഫോം പ്ലാസ്റ്റിക്ക് നിരോധനവും ചൈനയിലെ മണ്ണിലലിയുന്ന സഞ്ചികളുടെ ഉപയോഗവും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സ് ആകട്ടെ, ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്ക് സഞ്ചികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നു. നോര്‍വേയില്‍ ഒരു ദശകമായി ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികള്‍ തിരികെ വാങ്ങി പണം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കുപ്പികള്‍ കളക്ഷന്‍ മെഷീനില്‍ നിക്ഷേപിച്ചാല്‍ ഒരു ക്രോണ്‍ ഷോപ്പുടമകള്‍ നല്‍കും. ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് സഞ്ചികള്‍ക്ക് നികുതി ചുമത്താനുള്ള ബ്രിട്ടീഷ് തീരുമാനമാണ് ബ്രിട്ടണ്‍ പ്ലാസ്റ്റിക്ക് നിരുല്‍സാഹത്തിനു വേണ്ടി എടുത്തിരിക്കുന്നത്. 2042- ആകുമ്പോള്‍ പ്ലാസ്റ്റിക്ക് മാലിന്യം ഒഴിവാക്കാമെന്ന പ്രധാനമന്ത്രി തെരേസ മേയുടെ പ്രഖ്യാപനം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സമയദൈര്‍ഘ്യം വളരെ കൂടിപ്പോയെന്നാണ് വിമര്‍ശനം. സര്‍ക്കാരും ബിസിനസ് സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.

സ്വീഡിഷ് സംരംഭകനായ ഇംഗ്‌വര്‍ കംപ്രാഡ് തുടങ്ങിയ ഐകിയ, 1950-കളിലാണ് അവരുടെ മുഖമുദ്രയായ ഫഌറ്റ് പായ്ക്ക് ഫര്‍ണിച്ചറുകള്‍ അവതരിപ്പിച്ചത്. ആവശ്യാനുസരണം കൂട്ടിയോജിപ്പിക്കാനും അഴിച്ചെടുക്കാനും കഴിയുന്ന കട്ടില്‍, മേശ കസേര തുടങ്ങിയ ഗൃഹോപകരണങ്ങളാണ് ഫഌറ്റ് പായ്ക്ക് എന്നറിയപ്പെടുന്നത്. നിരവധി നിലകളുള്ള ഫഌറ്റുകളിലേക്കും മറ്റും അടിക്കടി വീടുമാറേണ്ടി വരുന്നവര്‍ക്കാണ് ഇതു പ്രയോജനപ്പെടുന്നത്. ലളിതമായി അഴിച്ചു മാറ്റാന്‍ കഴിയുന്ന സാമഗ്രികള്‍ സാധാരണക്കാരായ നഗരവാസികള്‍ക്ക് അനുഗ്രഹമായി മാറുകയായിരുന്നു. ഇന്നിത് ലോകത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ ബ്രാന്‍ഡായി മാറിയിരിക്കുന്നു.

നിരവധി രാജ്യങ്ങള്‍ പ്ലാസ്റ്റിക്ക് ഉപയോഗം വെട്ടിച്ചുരുക്കുകയാണെന്ന് ലോക പരിസ്ഥിതി ദിനത്തില്‍ ഐക്യരാഷ്ട്രസംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. കെനിയ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചതും ശ്രീലങ്കയിലെ സ്‌റ്റൈറോഫോം പ്ലാസ്റ്റിക്ക് നിരോധനവും ചൈനയിലെ മണ്ണിലലിയുന്ന സഞ്ചികളുടെ ഉപയോഗവും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌

ലോകവ്യാപകമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പ്ലാസിറ്റിക്കിന്റെ 70 ശതമാനവും പുറന്തള്ളപ്പെടുകയാണ്. പുനരുപയോഗമാണ് പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പ്രായോഗിക പോംവഴിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ത്തന്നെ പുനരുപയോഗിക്കാനുള്ളവയാണെന്ന് കണ്ട് വേണം പ്രവര്‍ത്തിക്കാനെന്നാണ് അവരുടെ പക്ഷം. അങ്ങനെയെങ്കില്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പാദനം കുറയ്ക്കുകയും നിലവിലുള്ളവ രൂപമാറ്റം വരുത്തി ആവര്‍ത്തിച്ച് ഉപയോഗിക്കുകയുമാകാമെന്ന് അവര്‍ നിരീക്ഷിക്കുന്നു. ഉദാഹരണത്തിന് ഒരു പ്ലാസ്റ്റിക്ക് കുപ്പി 20 തവണ മറ്റ് ഉല്‍പ്പന്നങ്ങളാക്കി മാറ്റാം. ഇത് പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞുകൂടുന്നത് വലിയ തോതില്‍ കുറയ്ക്കും. അതിനാല്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും ഒഴിവാക്കുക തന്നെ വേണം.

ഏതായാലും ഐകിയയുടെ പ്രഖ്യാപനത്തെപരിസ്ഥിതി സംഘടനകള്‍ കാര്യമായി സ്വാഗതം ചെയ്തിരിക്കുകയാണ്. മറ്റു വന്‍കിട ചില്ലറ സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്ന് ഗ്രീന്‍പീസ് പ്രവര്‍ത്തക എലിന പോളിസാനൊ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനുള്ള സംരംഭകരുടെ തീരുമാനങ്ങള്‍ പ്ലാസ്റ്റിക്ക് ദുരുപയോഗവും മാലിന്യ നിക്ഷേപവും ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. പൊതുവെ മാലിന്യങ്ങള്‍ കുറവായിരുന്ന ശാന്ത സമുദ്രത്തിലേക്കും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ പ്രവാഹം കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു ട്രില്യണിലധികം പ്ലാസ്റ്റിക്ക് ആണ് സമുദ്രത്തില്‍ ഒഴുകി നടക്കുന്നത്. കടലാമകളും കടല്‍പ്പറവകളും ഇവ ഭക്ഷണമാക്കാന്‍ തുടങ്ങുന്നു. കടലില്‍ ചത്തു പൊന്തിയ പല ജീവികളുടെയും ആന്തരികാവയവങ്ങളില്‍ പ്ലാസ്റ്റിക്ക് അംശം കണ്ടെത്തിയിട്ടുണ്ട്. സമുദ്രത്തിലെ ആവാസ വ്യവസ്ഥയ്ക്കും ഇത് ഭീഷണിയാകുന്നു. പ്ലാസ്റ്റിക്കില്‍ അടങ്ങിയ വിഷവസ്തുക്കള്‍ സമുദ്രോല്‍പ്പന്നങ്ങളിലൂടെ മനുഷ്യരില്‍ എത്തുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു.

Comments

comments

Categories: FK Special, Slider