സംസ്ഥാനങ്ങളുടെ ആരോഗ്യപരിരക്ഷാ പദ്ധതികള്‍ കേന്ദ്രവുമായി സംയോജിപ്പിക്കും

സംസ്ഥാനങ്ങളുടെ ആരോഗ്യപരിരക്ഷാ പദ്ധതികള്‍ കേന്ദ്രവുമായി സംയോജിപ്പിക്കും

എബിഎന്‍എച്ച്പിഎം നിര്‍ദേശിക്കുന്ന എണ്ണത്തേക്കാള്‍ കൂടൂതല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്ന പദ്ധതികളാണ് നിരവധി സംസ്ഥാനങ്ങള്‍ക്കുള്ളത്

ന്യൂഡെല്‍ഹി: ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ തങ്ങളുടെ നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി സംയോജിപ്പിക്കും. രാജ്യത്തെ 100 മില്യണ്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. സംസ്ഥാനങ്ങളില്‍ നിലവിലുള്ള ആരോഗ്യ പദ്ധതികള്‍ക്ക് കൂടുതല്‍ കവറേജ് നല്‍കുന്നതിന് ഈ നീക്കം വഴി സാധിക്കുമെന്ന് ആയുഷ്മാന്‍ ഭാരത് നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ മിഷന്‍ (എബിഎന്‍എച്ച്പിഎം) സിഇഒ ഇന്ദു ഭൂഷണ്‍ പറഞ്ഞു.

ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവ കേന്ദ്രവുമായി ഒപ്പിടുന്ന ധാരണാപത്രം ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിമാചല്‍ പ്രദേശും, അസമും മേയില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നു. രണ്ട് പദ്ധതികളിലെയും പ്രധാന സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ലയനം നടക്കുക. തങ്ങള്‍ നിര്‍ദേശിക്കുന്ന എണ്ണത്തേക്കാള്‍ കൂടൂതല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്ന പദ്ധതികളാണ് നിരവധി സംസ്ഥാനങ്ങള്‍ക്കുമുള്ളതെന്ന് ഇന്ദു ഭൂഷണ്‍ പറയുന്നു. ഇത്തരം കേസുകളില്‍ രണ്ട് പദ്ധതികളും സംയോജിപ്പിക്കാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്.

സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുണ്ടെങ്കിലും അവയിലൊന്നും തന്നെ ഇതുവരെ 5 ലക്ഷം രൂപ വരെയുള്ള കവറേജ് വാഗ്ദാനം ചെയ്തിട്ടില്ലാത്തതിനാല്‍ രണ്ട് പദ്ധതികളുടെയും സംയോജനം കൂടുതല്‍ മികച്ച കവറേജ് നല്‍കും. ദേശീയ പോര്‍ട്ടബിലിറ്റി ഫീച്ചര്‍ വഴി വിവിധ സംസ്ഥാനങ്ങളിലെ സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് അനുമതി നല്‍കും. കൂടുതല്‍ ട്രീറ്റ്‌മെന്റ് പാക്കേജുകള്‍ ലഭ്യമാക്കാനും ലയനത്തിലൂടെ സാധിക്കും.

രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട്, കേരള, ആന്ധ്രാപ്രദേശ്, കര്‍ണാടക, അസം എന്നി സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ആരോഗ്യ സ്‌കീമുകളുണ്ട്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍,ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ സ്‌കീമുകളില്ല. അതിനാല്‍ സ്വകാര്യ ഇന്‍ഷുറന്‍സിലൂടെയാണോ ട്രസ്റ്റ് മോഡലിലൂടെയാണോ എബിഎന്‍എച്ച്പിഎം നടപ്പാക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയ ശേഷം ഈ ആഴ്ച അവര്‍ കരാറിലൊപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ദു ഭൂഷണ്‍ വ്യക്തമാക്കി.

Comments

comments

Categories: More