‘ഏഴ് ശതമാനത്തിലധികം വളര്‍ച്ച ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന് കരുത്ത് പകരും’

‘ഏഴ് ശതമാനത്തിലധികം വളര്‍ച്ച ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന് കരുത്ത് പകരും’

കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപവും വിപണി പരിഷ്‌കരണങ്ങളും ആവശ്യമാണ്

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഏഴ് ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്താന്‍ ഇന്ത്യക്ക് സാധിക്കുകയാണെങ്കില്‍ രാജ്യത്തേക്കുള്ള നിക്ഷേപത്തില്‍ ശക്തമായ വര്‍ധന നിരീക്ഷിക്കാനാകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) സര്‍വേ റിപ്പോര്‍ട്ട്. 50,000 കോടി രൂപയുടെ നിക്ഷേപമാണ് അടുത്തിടെ വ്യവസായ രംഗത്ത് പ്രഖ്യാപിച്ചിട്ടുള്ളതെന്നും സിഐഐ റിപ്പോര്‍ട്ട് വ്യക്തമാക്കി. പുനെയില്‍ നടന്ന സിഐഐ യോഗത്തിനോടനുബന്ധിച്ച് നടത്തിയ സര്‍വേയില്‍ 80ഓളം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരാണ് പങ്കെടുത്തത്.

സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം സിഇഒമാരാണ് നടപ്പു സാമ്പത്തിക വര്‍ഷം ഏഴ് ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്താന്‍ രാജ്യത്തിന് സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചിട്ടുള്ളത്. ഇതില്‍ പത്ത് ശതമാനം പേരുടെ നിഗമനം 7.5 ശതമാനത്തിലധികം വളര്‍ച്ച നേടാനാകുമെന്നാണ്. 60 ശതമാനം പേരാണ് സാമ്പത്തിക വളര്‍ച്ചയ്‌ക്കൊത്ത് സ്വകാര്യ നിക്ഷേപവും വര്‍ധിക്കുമെന്ന നിരീക്ഷണം നടത്തിയിട്ടുള്ളത്.

നടപ്പു സാമ്പത്തിക വര്‍ഷം വ്യവസായ മേഖലയില്‍ നിന്നുള്ള ഉല്‍പ്പാദനത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാരും പ്രതീക്ഷ പ്രകടിപ്പിച്ചിതായി സിഐഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഉപഭോക്തൃ ആവശ്യകത ഉയരുന്നതാണ് ഉല്‍പ്പാദനം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണമായി സിഇഒമാര്‍ പറയുന്നത്. ഇത് രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നും ഇവര്‍ പറഞ്ഞു.

എങ്കിലും വായ്പാ, മൂലധന ലഭ്യത സംബന്ധിച്ച്, പ്രത്യേകിച്ച് എംഎസ്എംഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭം)മേഖലയില്‍ ആശങ്ക നിലനില്‍ക്കുന്നതായാണ് സര്‍വേയില്‍ പങ്കെടുത്ത സിഇഒമാര്‍ പറയുന്നത്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേക്ക് ബാങ്കുകളുടെ വായ്പയില്‍ മിതമായ വളര്‍ച്ച മാത്രമേ നിരീക്ഷിക്കാനാകു എന്നും പൊതുമേഖലാ ബാങ്കുകളുടെ മൂലധനശേഷി അടിയന്തരമായി ഉയര്‍ത്തേണ്ടതുണ്ടെന്നും സിഇഒമാര്‍ പറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില വര്‍ധന വെല്ലുവിളിയാകുമെന്നും സിഇഒമാര്‍ ചൂണ്ടിക്കാട്ടി.

കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ ശ്രദ്ധകൊടുക്കണമെന്നും സിഇഒമാര്‍ നിര്‍ദേശിച്ചു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപവും വിപണി പരിഷ്‌കരണങ്ങളും ആവശ്യമാണ്. പാട്ട,കരാര്‍ കൃഷിക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭക്ഷ്യ സംസ്‌കരണം, കാര്‍ഷിക കയറ്റുമതി തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കണമെന്നു സിഐഐ യുടെ പ്രസ്താവന നിര്‍ദേശിക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങളുടെ ആഘാതങ്ങള്‍ സമ്പദ്‌വ്യവസ്ഥയില്‍ കുറഞ്ഞുവരുന്നുണ്ട്. പുതിയ നിക്ഷേപ സമാഹരണത്തിനായുള്ള തയാറെടുപ്പിലാണ് വ്യവസായ മേഖലയെന്നും കോണ്‍ഫെഡറേഷന്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രസിഡന്റ് രാകേഷ് ഭാര്‍തി മിത്തല്‍ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച ഏകദേശം എട്ട് ശതമാനത്തിലെത്തുമെന്നാണ് വ്യാവസായിക മേഖല പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy