യുഎഇയിലേക്ക് 2017ല്‍ എത്തിയ എഫ്ഡിഐ 10.4 ബില്ല്യണ്‍ ഡോളര്‍

യുഎഇയിലേക്ക് 2017ല്‍ എത്തിയ എഫ്ഡിഐ 10.4 ബില്ല്യണ്‍ ഡോളര്‍

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ എട്ട് ശതമാനം വര്‍ധനയാണ് യുഎഇ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്

ദുബായ്: യുണൈറ്റഡ് നാഷന്‍സ് ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ബോഡിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് യുഎഇയിലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയത് 10.4 ബില്ല്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ). അതേസമയം മേഖലയിലെ പ്രബല രാജ്യമായ സൗദി അറേബ്യയിലേക്ക് എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോതില്‍ കുറവ് സംഭവിച്ചുവെന്നതും ശ്രദ്ധേയമായി. 2016ല്‍ 7.5 ബില്ല്യണ്‍ ഡോളറായിരുന്നു സൗദിയിലേക്ക് എത്തിയ എഫ്ഡിഐ. എന്നാല്‍ 2017ല്‍ ഇത് 1.4 ബില്ല്യണ്‍ ഡോളറായി ഇടിഞ്ഞു.

ബഹ്‌റൈന്‍, ജോര്‍ദാന്‍, ലെബനന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ ആറ് രാജ്യങ്ങളിലേക്കുള്ള എഫ്ഡിഐയില്‍ വര്‍ധന സംഭവിച്ചെങ്കിലും അത് പ്രതീക്ഷിച്ചത്ര വന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യുഎഇയിലേക്കുള്ള എഫ്ഡിഐ കൂടിയതിന് കാരണം ലയന ഏറ്റെടുക്കല്‍ ഡീലുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊത്തം മേഖല കണക്കിലെടുക്കുമ്പോള്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 5 ബില്ല്യണ്‍ ഡോളറിന്റെ കുറവുണ്ടായി. 2017ല്‍ ഗള്‍ഫ് മേഖലയിലേക്കെത്തിയ എഫ്ഡിഐ 25.5 ബില്ല്യണ്‍ ഡോളറാണ്. ആഗോളതലത്തിലെ എഫ്ഡിഐ ഒഴുക്കിലും ഇടിവുണ്ടായി. 23 ശതമാനത്തോളമാണ് ആഗോള തലത്തില്‍ രേഖപ്പെടുത്തിയ ഇടിവ്. 1.43 ട്രില്ല്യണ്‍ ഡോളറാണ് ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ എഫ്ഡിഐ പ്രവര്‍ത്തനം.

2016ല്‍ 7.5 ബില്ല്യണ്‍ ഡോളറായിരുന്നു സൗദിയിലേക്ക് എത്തിയ എഫ്ഡിഐ. എന്നാല്‍ 2017ല്‍ ഇത് 1.4 ബില്ല്യണ്‍ ഡോളറായി ഇടിഞ്ഞു

വന്‍സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പുതിയ എഫ്ഡിഐ കണക്കുകള്‍ നിരാശാജനകമാണ്. സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിച്ച് പരമാവധി വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് സൗദി ശ്രമിക്കുന്നത്. കിരീടാവകാശി പ്രിന്‍സ് മഹുമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030യുടെ കാതലും അതുതന്നെയാണ്. വിദേശ നിക്ഷേപത്തില്‍ പോയ വര്‍ഷം വന്ന ഇടിവ് അതുകൊണ്ടുതന്നെ സര്‍ക്കാരിനെ കാര്യമായി ചിന്തിപ്പിച്ചേക്കും.

വിനോദം, ടൂറിസം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് തീവ്രമായ ബിസിനസ് വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ക്കാണ് സൗദി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ വിലക്ക് നീക്കിയതോടെ വമ്പന്‍ തിയറ്റര്‍ ശൃംഖലകള്‍ സൗദിയെ ലക്ഷ്യമിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുമുണ്ട്. ഈ വര്‍ഷം വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് സൗദിയുടെ പ്രതീക്ഷ.

Comments

comments

Categories: Arabia