ജൈവവൈവിധ്യത്തിന്റെ സംരംഭക പാഠങ്ങള്‍

ജൈവവൈവിധ്യത്തിന്റെ സംരംഭക പാഠങ്ങള്‍

നഗരത്തിലെ തിരക്കുകളില്‍ നിന്നകന്ന് അല്‍പസമയം ചെലവഴിക്കേണ്ടവര്‍ക്ക് വേറിട്ട രീതിയില്‍ ഒരു ബയോഡൈവേഴ്‌സിറ്റി ഹബ്ബ് ഒരുക്കിയിരിക്കുകയാണ് പൂനെ സ്വദേശിനി പൂജ ഭാലെ. പക്ഷികളും മൃഗങ്ങളും കൃഷിയും ഒത്തിണങ്ങിയ ഒരു ആവാസവ്യവസ്ഥയാണ് ഈ ജൈവശാസ്ത്രജ്ഞ മുന്നോട്ടുവെക്കുന്ന പരിസ്ഥിതി പാഠം

നഗരത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ പരവതാനിയില്‍ ഇത്തിരി നേരം, അതാണ് പൂജ ഭാലെയുടെ ‘ദി ഫാം’ എന്ന ചെറു സംരംഭത്തിന്റെ ആശയം. ജൈവവൈവിധ്യത്തിന്റെ ഏറ്റവും മികച്ച പാഠങ്ങളാണ് പൂനെ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഈ ഫാമില്‍ നിന്നും സന്ദര്‍ശകര്‍ക്ക് പഠിക്കാനുള്ളത്.

എല്ലാവര്‍ഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിസ്ഥിതി സൗഹൃദ മേളകള്‍ക്കു ശേഷം ആളുകള്‍ എല്ലാം വിസ്മരിച്ച് പഴയപടിയാകുന്നു. ആ ദിനത്തില്‍ പ്രതിജ്ഞ ചെയ്ത പല കാര്യങ്ങളും സൗകര്യപൂര്‍വം വിസ്മരിക്കുന്ന ഇവര്‍ ഒരു ചെറു മരത്തൈ നടുകയോ പ്ലാസ്റ്റിക് ഉപയോഗം അല്‍പ്പമൊന്നു കുറച്ചുകൊണ്ടോ മാത്രം പരിസ്ഥിതി സ്‌നേഹികളായി പിരിയുകയാണ് ചെയ്യുക. എന്നാല്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടാത്ത ചില മനുഷ്യരും ഇവിടെയുണ്ട്. അവര്‍ക്ക് ജീവിതം മുഴുവന്‍ പ്രകൃതിയോടിണങ്ങി ജീവിക്കാനാണിഷ്ടം. ഭൂമിയില്‍ പച്ചപ്പ് കാത്തുസൂക്ഷിക്കാനും വിവിധ ജീവജാലങ്ങള്‍ക്ക് വാസസ്ഥലമൊരുക്കാനും ശ്രമിക്കുന്നതിനൊപ്പം പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ജീവിക്കാനാണിവര്‍ക്കിഷ്ടം. ഇത്തരം വിരളമായ ബ്രീഡുകളില്‍ ഒന്നാണ് പൂജ ഭാലെ. കൃഷിയും യോഗയും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് മലിനീകരണത്തിന്റെ കണികകള്‍ പോലും കടക്കാതെ, മൃഗങ്ങളും പക്ഷികളും ഒത്തിണങ്ങിയ ആവാസവ്യവസ്ഥ ഒരുക്കിയാണ് പരിസ്ഥിതിവാദിയായ ഈ ജൈവശാസ്ത്രജ്ഞ പ്രകൃതിയോടുള്ള തന്റെ കടമ നിര്‍വഹിക്കുന്നത്.

അതിജീവനത്തിന്റെ ഓര്‍ഗാനിക് മാതൃക

2008-09 കാലഘട്ടങ്ങളില്‍ പരിസ്ഥിതിവാദികളായ സോഡര്‍ബര്‍ഗ് ദമ്പതികള പരിചയപ്പെടാന്‍ ഇടയായതാണ് പൂജ ഭാലെയെ ഇത്തരത്തില്‍ വേറിട്ട സംരംഭക ജീവിതത്തിന് തുടക്കം കുറിക്കുന്നതിലേക്ക് നയിച്ചത്. സോഡര്‍ബര്‍ഗ് ദമ്പതിമാരുടെ ഓര്‍ഗാനിക് ജീവിതശൈലിയാണ് പൂജയെ ഏറ്റവുമധികം ആകര്‍ഷിച്ചത്. 2014 ല്‍ പ്രൊട്ടക്റ്റ് എയ്‌റാ എക്കോളജിക്കല്‍ ഫൗണ്ടേഷന്റെ ഭാഗമായി ‘ദി ഫാം’ എന്ന ജൈവവൈവിധ്യ ആവാസവ്യവസ്ഥയ്ക്ക് പൂജ തുടക്കമിട്ടു. പൂനെ നഗര പരിധിയിലുള്ള കുടുംബസ്വത്ത് ഏറ്റെടുത്താണ് ഫാം രൂപപ്പെടുത്തിയത്. തരിശായി കിടന്ന ഈ സ്ഥലം ഇന്ന് പക്ഷികളും മൃഗങ്ങളും ഒത്തു ചേര്‍ന്ന, കൃഷിയെ പ്രോല്‍സാഹിപ്പിച്ച്, പ്രകൃതി സ്‌നേഹികളെ ഒരുമിപ്പിക്കുന്ന സ്ഥലമായി മാറിയിരിക്കുന്നു.

ടെന്റ്, കോട്ടേജ്, ട്രീ ഹൗസ് എന്നിങ്ങനെ സന്ദര്‍ശകര്‍ക്ക് കാഴ്ചയുടേയും വേറിട്ട ജീവിതത്തിന്റെയും ആസ്വാദ്യകരമായ അനുഭവം കാഴ്ചവെക്കുന്ന ഒന്നാണ് ദി ഫാം. നോളജ് കഫെയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സൗഹാര്‍ദകരമായ നിരവധി വര്‍ക്‌ഷോപ്പുകളും ഇവിടെ സംഘടിപ്പിക്കാറുണ്ട്

ജൈവവൈവിധ്യത്തിന്റെ മകുടോദാഹരണം

രണ്ടര ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ദി ഫാം ഇന്ന് ജൈവവൈവിധ്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. തുടക്കത്തില്‍ നട്ടുപിടിച്ച മരത്തൈകള്‍ വളര്‍ന്നു പന്തലിച്ചു ഒരു ചെറു വനത്തിന്റ പ്രതിഛായ നല്‍കുന്നു. 1600ല്‍പ്പരം മരങ്ങളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. പരിസ്ഥിതി സൗഹാര്‍ദ രീതിയില്‍ തയാറാക്കിയ ചെറു കുടിലുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. നിലവില്‍ ഒമ്പത് നായ്ക്കള്‍ക്കൊപ്പം 28 പൂച്ചകളും രണ്ട് ആടുകളും ഇവിടെയുണ്ട്. പലയിടങ്ങളിലായി അപകടങ്ങളിലും മറ്റും പെടുന്ന മൃഗങ്ങളെ സംരക്ഷിച്ചു വളര്‍ത്തുകയാണ് ഈ യുവതി. ഇതു കൂടാതെ വിവിധയിനം പക്ഷികളും ഫാമിലുണ്ട്. ഫാമില്‍ പലയിടങ്ങളിലായി പ്രകൃതിദത്ത ജലാശയങ്ങളും ഒരുക്കിയിരിക്കുന്നു. പ്രകൃതി സ്‌നേഹികളായ ചില വോളന്റിയര്‍മാരുടെ സഹായത്തോടെ പൂജ നേരിട്ടാണ് ഫാമിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്നത്. ജീവജാലങ്ങള്‍ക്കൊപ്പം പൂജയും അവര്‍ക്കൊപ്പം ഫാമില്‍ തന്നെയാണ് താമസം.

ടെന്റ്, കോട്ടേജ്, ട്രീ ഹൗസ് എന്നിങ്ങനെ സന്ദര്‍ശകര്‍ക്ക് കാഴ്ചയുടേയും വേറിട്ട ജീവിതത്തിന്റെയും ആസ്വാദ്യകരമായ അനുഭവം കാഴ്ചവെക്കുന്ന ഒന്നാണ് ദി ഫാം. നോളജ് കഫെയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സൗഹാര്‍ദകരമായ നിരവധി വര്‍ക്‌ഷോപ്പുകളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. കൃഷി പാഠങ്ങള്‍ മുതല്‍ ഹീലിംഗ്, യോഗ, മെഡിറ്റേഷന്‍ എന്നിവയിലുള്ള പരിശീലന പരിപാടികള്‍ക്കാണ് ഇവിടെ കൂടുതലായും സൗകര്യമൊരുക്കാറുള്ളത്. നഗരത്തിലെ തിരക്കുകളില്‍ നിന്നകന്ന് അല്‍പസമയം ചെലവഴിക്കേണ്ടവര്‍ക്ക് വേറിട്ട രീതിയിലുള്ള ഒരു ബയോഡൈവേഴ്‌സിറ്റി ഹബ്ബ് തന്നെ ഒരുക്കി മാതൃകയായിരിക്കുകയാണ് ഈ യുവതി.

കര്‍ഷകര്‍ക്ക് മികച്ച പ്രോല്‍സാഹനം

ഫാമിനു സമീപ പ്രദേശത്തുള്ള കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനും ജീവിത മാര്‍ഗം ഒരുക്കാനുമുള്ള പ്രവര്‍ത്തനങ്ങളും പൂജ ഇതിന്റെ ഭാഗമായി ചെയ്യുന്നുണ്ട്. ഫാമില്‍ നിരവധി പ്ലോട്ടുകള്‍ തീര്‍ത്ത് നിശ്ചിത കാലയളവിലേക്ക് കൃഷി ചെയ്യുന്നതിനായി കര്‍ഷകരെ സ്വാഗതം ചെയ്താണ് പൂജ തന്റെ സംരംഭക ആശയത്തിന് അടിത്തറ പാകിയിരിക്കുന്നത്. നിലവില്‍ 55 ഓളം കര്‍ഷകരാണ് ഈ പദ്ധതിയുടെ ഭാഗമായി ഫാമില്‍ കൃഷി ചെയ്യുന്നത്. ഉരുളക്കിഴങ്ങ്, തക്കാളി, വെള്ളരി, കാബേജ്, പയര്‍, മത്തന്‍ എന്നിവയിലാണ് കൃഷി വിളകള്‍. കൃഷി രീതികള്‍ പൂര്‍ണമായും ഓര്‍ഗാനിക് രീതിയിലുള്ളതാണെന്ന് ഉറപ്പാക്കുമെന്നു മാത്രം. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പൂജ തയാറല്ല. മൃഗസ്‌നേഹികള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും എല്ലായ്‌പ്പോഴും സ്വാഗതമോതുന്ന ഫാമിലെ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും സഹായിക്കാന്‍ വോളന്റിയര്‍മാര്‍ സദാസന്നദ്ധരുമാണ്.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെയുള്ള പരിസ്ഥിതി സൗഹാര്‍ദ പരിശീലന പരിപാടികളാല്‍ സദാ ശബ്ദ മുഖരിതമാണ് ദി ഫാം. തുറസായ സ്ഥലത്തുള്ള സിനിമാപ്രദര്‍ശനവും മറ്റും ഇവിടുത്തെ പ്രധാന സവിശേഷതയാണ്. പ്രകൃതിക്കൊപ്പം മണ്ണിനോടിണങ്ങി പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമൊപ്പം ജീവിക്കാനാണ് പൂജയ്ക്ക് ഇഷ്ടം. എന്തിനും പിന്തുണയേകി ഒരു പറ്റം പ്രകൃതി സ്‌നേഹികള്‍ അവര്‍ക്കൊപ്പമുണ്ടെന്നതാണ് അതിലേറെ ധൈര്യവും പകരുന്നത്.

Comments

comments