യുഎഇ  ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നു

യുഎഇ  ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നു

ദുബായ്: വാഹനങ്ങളില്‍ നിന്നും കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ അളവ് ഇന്ന് വളരെ കൂടുതലാണ്. അത് ശാരീരികമായും പാരിസ്ഥിതികവുമായ നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇലക്ട്രിക് കാറുകളിലേക്ക് മാറാനുള്ള യുഎഇയുടെ തീരുമാനത്തിനു പിന്നിലും ഇക്കാരണം തന്നെ.

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് പൊതുജന ബോധവത്കരണവും അതിനെക്കുറിച്ചുള്ള വിദ്യാഭ്യാസവും ഇന്ന് ആവശ്യമാണ്. 2020 ഓടെ ദുബായ് ലക്ഷ്യമിടുന്നത് നിലവിലെ വാഹനങ്ങളില്‍ രണ്ടു ശതമാനമെങ്കിലും വൈദ്യുത ഹൈബ്രിഡ് വാഹനങ്ങള്‍ ആയി മാറുക എന്നതാണ്. 2030 ഓടെ അത് പത്ത് ശതമാനമായി ഉയരുമെന്നും അധികൃതര്‍ പറയുന്നു. യുഎഇ ഇത്തരം വാഹനങ്ങളിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനും തുടങ്ങിക്കഴിഞ്ഞു.

ആഗോള നഗരങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകളുടെ ഉപയോഗത്തിനുള്ള ഇന്റഫ്രാസ്ട്രക്ച്ചര്‍ മികച്ചതാണെങ്കിലും ആളുകളില്‍ അതിനെക്കുറിച്ചുള്ള അറിവ് വളരെ കുറവാണ്. അടിസ്ഥാന സൗകര്യങ്ങളല്ല, മറിച്ച് ഇലക്ട്രിക് കാറുകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇന്ന് ദുബായ് നേരിടുന്ന വെല്ലുവിളി.

ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി നിലവില്‍ മാളുകള്‍, വിമാനത്താവളങ്ങള്‍, പെട്രോള്‍ പമ്പുകള്‍, റെസിഡന്‍ഷ്യല്‍, കോംപ്ലക്‌സുകള്‍, വാണിജ്യ ഓഫീസുകള്‍ എന്നിവിടങ്ങളിലായി 137 ഇവി ഗ്രീന്‍ ചാര്‍ജ് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ സ്‌റ്റേഷനുകളിലും ഒരേ സമയം രണ്ടു കാറുകള്‍ ചാര്‍ജ് ചെയ്യാനുളള ശേഷി ഉണ്ടാകും. അബുദാബി നാഷണല്‍ ഓയില്‍ കമ്പനി അതിന്റെ 12 ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്നും 20 സ്റ്റേഷനുകളായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

എങ്കിലും ഉയര്‍ന്ന വിലയും വിപണിയില്‍ കുറഞ്ഞ വില്‍പ്പനയും നടക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ മടിക്കുകയാണ് ജനങ്ങള്‍ എന്ന് ഗ്ലോബല്‍ ഇ വി ആര്‍ ടി യുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ബെന്‍ പുളളന്‍ പറയുന്നു. പരിസ്ഥിതി സംരക്ഷണം എന്നതിനു പുറമെ ഇലക്ട്രിക് കാറുകളുടെ ഉപയോഗവും വളരെ സുഗമമാണ്. ഡ്രൈവിംഗ് സാങ്കേതിക വിദ്യയും കാര്യക്ഷമതയും മികച്ചതാണ്. ഇന്ധനത്തേക്കാള്‍ വേഗതയും ഇതിനു ലഭിക്കുമെന്ന് പുള്ളന്‍ പറയുന്നു.

ദുബായില്‍ ഇലക്ട്രിക് കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് ലഭിക്കും. 2019 വരെ വാഹനവുമായി ബന്ധപ്പെട്ടുള്ള ചാര്‍ജുകള്‍ എല്ലാം ഒഴിവാക്കും. രജിസ്‌ട്രേഷനും പുതുക്കല്‍ ഫീസും ഒന്നും ഉണ്ടാകില്ല. മറ്റ് കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് കാറുകള്‍ പുറത്തു വിടുന്ന കാര്‍ബണിന്റെ അളവ് 33 ശതമാനം കുറവാണ്.

ഒരു ഇലക്ട്രിക് കാര്‍ വാങ്ങുന്നത് ഉയര്‍ന്ന ചെലവ് ആണെങ്കിലും അതിന്റെ മുന്നോട്ടുള്ള ചെലവുകള്‍ നോക്കുമ്പോള്‍ അത് ഒരു നിക്ഷേപമായാണ് മാറുന്നത്. ഇന്‍സ്റ്റാള്‍മെന്റിലും കാറുകള്‍ വാങ്ങാന്‍ കഴിയും.
29 ഫില്‍ ചാര്‍ജ് ചെയ്ത് 50 കിലോ മീറ്റര്‍ സഞ്ചരിക്കുകയാണെങ്കില്‍ ഒരാഴ്ച വരെ കാര്‍ ഓടിക്കാന്‍ കഴിയും. പെട്രോളിന്റെ വില വെച്ച്‌നോക്കുമ്പോള്‍ ഇത് വളരെ ലാഭമാണ് ഭാവിയില്‍. ഗ്ലോബല്‍ ഇ വി ആര്‍ ടി അടുത്തിടെ അബുദാബി, ദുബായ്, ഒമാന്‍ എന്നിവിടങ്ങളിലായി 20 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യുന്നതിന് 7 ദിര്‍ഹവും ഇന്ധനത്തിന്റെ വില 200 ദിര്‍ഹവുമാണ്.

വീട്ടില്‍ കാര്‍ ചാര്‍ജ് ചെയ്യുന്നതിനും സാധ്യമാണ്. സാധാരണ വൈദ്യുതി നിരക്കാണ് ഈടാക്കുക.  2020 ആകുന്നതോടെ 32000 നും 42000 നും ഇടയില്‍ കാറുകളുടെ വില്‍പ്പന നടക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദീവ പോലുള്ള ചില സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനകം തന്നെ ധാരാളം ഇലക്ട്രിക് കാറുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇലക്ട്രിക് കാറുകളുടെ ഉപയോഗം മൂലം 2021 ഓടെ 16 ശതമാനമായി കുറയ്ക്കാമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

 

Comments

comments

Categories: Arabia, Auto, FK News
Tags: Electric car, UAE

Related Articles