ഡീസലിന്റെയും പെട്രോളിന്റെയും ഡിമാന്റ് വളര്‍ച്ച മാന്ദ്യത്തില്‍

ഡീസലിന്റെയും പെട്രോളിന്റെയും ഡിമാന്റ് വളര്‍ച്ച മാന്ദ്യത്തില്‍

റെക്കോഡ് വില വര്‍ധനവാണ് ഇന്ധന ആവശ്യകതയിലെ വളര്‍ച്ച ഇടിയുന്നതിന് കാരണമായത്

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ധന വില റെക്കോഡ് ഉയരത്തിലെത്തിയ മേയ് മാസത്തില്‍ ഡീസല്‍ ആവശ്യകതയിലെ വളര്‍ച്ച താഴ്ന്ന തലത്തിലായിരുന്നുവെന്നും അതേസമയം പെട്രോള്‍ ആവശ്യകത 2 ശതമാനം മാത്രം ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മൊത്തം ഉപഭോഗം മേയില്‍ 3.3 ശതമാനം ഉയര്‍ന്നു. ഏപ്രിലിലില്‍ ഇത് 4.5 ശതമാനമായിരുന്നു. അതേസമയം ഡീസലിന്റെ ഉപഭോഗം മേയില്‍ 0.25 ശതമാനം മാത്രമാണ് ഉയര്‍ന്നത്. ഏപ്രിലില്‍ 2.6 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണിത്.

കാര്‍, മോട്ടോര്‍ബൈക്ക് ഉടമസ്ഥരുടെ പ്രിയപ്പെട്ട ഇന്ധനമായ പെട്രോളിന്റെ ആവശ്യകത മേയില്‍ 1.9 ശതമാനം മാത്രമാണ് വര്‍ധിച്ചത്. ഏപ്രിലില്‍ 9.2 ശതമാനം വളര്‍ച്ചയാണ് പെട്രോള്‍ ഡിമാന്റല്‍ ഉണ്ടായിരുന്നത്. മേയില്‍ ജെറ്റ് ഇന്ധനത്തിന്റെ ഉപഭോഗം 11 ശതമാനവും പാചക വാതകത്തിന്റേത് 14.4 ശതമാനവും വളര്‍ച്ച നേടി.
പെട്രോളിന്റെ ഡീസലിന്റെയും വിലയിലുണ്ടായ റെക്കോഡ് വര്‍ധനവാണ് മേയ് മാസത്തില്‍ ഇന്ധന ആവശ്യകതയിലെ വളര്‍ച്ച ഇടിയുന്നതിന് കാരണമായതെന്ന് എണ്ണ വ്യവസായ മേഖലയിലെ എക്‌സിക്യൂട്ടീവുകള്‍ പറയുന്നു. വൈദ്യുതി വിതരണ ശൃംഖലയുടെ പ്രാപ്യത, മഴ, ബൈക്കുകളുടെയും കാറുകളുടെയും വില്‍പ്പന, മറ്റ് സാമ്പത്തിക ഘടകങ്ങള്‍ എന്നിവ ഇന്ധന ആവശ്യകതയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിന് പുറമെ രൂപ ദുര്‍ബലമായതും, പെട്രോളിനും ഡീസലിനുമുള്ള ഉയര്‍ന്ന കേന്ദ്ര, സംസ്ഥാന നികുതികളും രാജ്യത്തെ ഇന്ധന ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി മേയ് മാസത്തിന്റെ ആദ്യ പകുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതു മേഖലാ എണ്ണക്കമ്പനികള്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ 16 ദിവസങ്ങളില്‍ വില ഉയര്‍ത്തുകയായിരുന്നു. മേയ് 30 മുതല്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റത്തിനനുസരിച്ച് രാജ്യത്തെ ഇന്ധന വിലയിലും കുറവുണ്ടാകാന്‍ തുടങ്ങി.

Comments

comments

Categories: Business & Economy