വാള്‍മാര്‍ട്ട്-ഫ്ളിപ്കാർട്ട് കരാറില്‍ ഘടനപരമായ മാറ്റങ്ങള്‍ക്ക് സിസിഐ നിര്‍ദേശിച്ചേക്കും

വാള്‍മാര്‍ട്ട്-ഫ്ളിപ്കാർട്ട് കരാറില്‍ ഘടനപരമായ മാറ്റങ്ങള്‍ക്ക് സിസിഐ നിര്‍ദേശിച്ചേക്കും

വാള്‍മാര്‍ട്ട്-മാസ്മാര്‍ട്ട് ഇടപാടുമായി ബന്ധപ്പെട്ട ദക്ഷിണാഫ്രിക്കയിലെ ഉത്തരവുകളും പരിശോധിക്കും

ന്യൂഡെല്‍ഹി: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടും യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടും തമ്മിലുള്ള ഏറ്റെടുക്കല്‍ ഇടപാടില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്താന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) നിര്‍ദേശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്ളിപ്കാർട്ട് -വാള്‍മാര്‍ട്ട് ഇടപാട് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ മത്സര സ്വഭാവത്തെ ഇല്ലാതാക്കുമെന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനായാണിത്. അനുമതി ലഭിക്കുന്നതിനായി സിസിഐ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ വാള്‍മാര്‍ട്ട് തയാറായേക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്.

വാള്‍മാര്‍ട്ട്-ഫ്ളിപ്കാര്‍ട്ട് ഇടപാടിന് അനുമതി നല്‍കുന്നതിനുമുന്‍പ് 2010ല്‍ പ്രഖ്യാപിച്ച വാള്‍മാര്‍ട്ട്-മാസ്മാര്‍ട്ട് ഇടപാടുമായി ബന്ധപ്പെട്ട ദക്ഷിണാഫ്രിക്കയിലെ ഉത്തരവുകളും സിസിഐ പരിശോധിക്കും. വാള്‍മാര്‍ട്ടും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ മാസ്മാര്‍ട്ടും തമ്മിലുള്ള ഇടപാടിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ദക്ഷിണാഫ്രിക്കയാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇത് ചോദ്യം ചെയ്യപ്പെടുകയും പിന്നീട് രണ്ട് കമ്പനികളും മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2011ല്‍ ദക്ഷിണാഫ്രിക്ക കോംപറ്റീഷന്‍ ട്രൈബ്യൂണല്‍ ലയനത്തിന് അനുമതി നല്‍കുകയുമായിരുന്നു.

കഴിഞ്ഞമാസമാണ് 16 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിലൂടെ ഫ്ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതായി വാള്‍മാര്‍ട്ട് ഇന്‍ക് പ്രഖ്യാപിച്ചത്. ഫ്ളിപ്കാര്‍ട്ടുമായുള്ള കരാര്‍ വിപണി മത്സരം സംബന്ധിച്ച് യാതൊരുവിധത്തിലുള്ള ആശങ്കകള്‍ക്കും വഴിവെക്കില്ലെന്ന് വാള്‍മാര്‍ട്ട് സിസിഐയെ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സിസിഐ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അതേസമയം, വിവിധ വ്യാപാര സംഘടനകള്‍ വാള്‍മാര്‍ട്ട്-ഫ്ളിപ്കാര്‍ട്ട് ഇടപാടിനെതിരാണ്. ചെറുകിട വ്യാപാരികളെയും ആയിരകണക്കിന് തൊഴിലാളികളെയും ഈ ഇടപാട് ബാദിക്കുമെന്നാണ് ഇവരുടെ വാദം.

Comments

comments

Categories: Business & Economy