പൊട്ടിത്തെറിക്കുന്ന വാര്‍ത്തകള്‍

പൊട്ടിത്തെറിക്കുന്ന വാര്‍ത്തകള്‍

മല്‍സരം കൊഴുത്തതോടെ, പക്വതയുടെ ബാലപാഠങ്ങള്‍ മറന്ന് റേറ്റിംഗിനായും ബിസിനസിനായും വാര്‍ത്തകളെ വിവാദവല്‍ക്കരിക്കുകയാണ് ഇന്ന് പല മാധ്യമങ്ങളും. വിപണിക്കനുസൃതമായി മാത്രം നീങ്ങാനുള്ള, ചില പുതിയ കാല മാധ്യമ പ്രവര്‍ത്തകരുടെ തീരുമാനം സമൂഹത്തെ എപ്രകാരം ദോഷകരമായി ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടുകയാണ് ലേഖകന്‍.

”ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതോയുയുത്സവഃ

മാമകാ പാണ്ഡവാശ്ചൈവ കിമകുര്‍വത സഞ്ജയ?”

ദുര്‍നിവാരമായ കുരുക്ഷേത്രയുദ്ധത്തില്‍ എന്തു സംഭവിക്കുന്നു എന്നറിയുന്നതിന് ഉത്സുകനായിരുന്ന അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവരണം നല്‍കുന്നതിനുവേണ്ടി വേദവ്യാസന്‍ സഞ്ജയന് ദിവ്യദൃഷ്ടി പ്രദാനം ചെയ്ത് ധൃതരാഷ്ട്രരുടെ സമീപത്തേക്ക് അയച്ചു. സഞ്ജയനോട് യുദ്ധരംഗ വര്‍ണന ചെയ്യാന്‍ ധൃതരാഷ്ട്രര്‍ ആവശ്യപ്പെട്ടത് ഇപ്രകാരമായിരുന്നു: ‘പുണ്യക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒന്നിച്ചുകൂടിയ എന്റെ മക്കളും പാണ്ഡവരും എന്തു ചെയ്തു? പെട്ടെന്ന് പറയൂ സഞ്ജയാ’. ധൃതരാഷ്ട്രരാഷ്ട്രര്‍ക്ക് വേണ്ടിയിരുന്നത് യുദ്ധത്തിന്റെ തത്സമയ റിപ്പോര്‍ട്ടിങ്ങ് അഥവാ ലൈവ് ആയിരുന്നു. അങ്ങനെയാണ് വ്യാസമഹാഭാരതത്തില്‍ ഭഗവദ്ഗീതാഭാഗത്തെ ആഖ്യാന ശൈലി. ജളത്വം വിളമ്പുന്നതിനിടയില്‍ ചിലര്‍ അന്നത്തെക്കാലത്ത് തന്നെ ടെലിവിഷന്‍ കണ്ടുപിടിച്ചിരുന്നു എന്നെല്ലാം പറയുന്നത് അവഗണിക്കാമെങ്കിലും ഒന്നും കാണാന്‍ ആവാത്ത ഒരാള്‍ക്ക് എല്ലാം കാണാന്‍ ആവുന്ന ഒരാള്‍ ദൃശ്യം വിവരിച്ച് നല്‍കുക എന്ന ആശയം മനുഷ്യസങ്കല്‍പങ്ങളില്‍ സഹസ്രാബ്ദങ്ങളായി ഉണ്ടായിരുന്നു എന്നനുമാനിക്കുന്നതില്‍ തെറ്റില്ല.

കാവ്യഭാവനകളില്‍, പ്രഭാതം പൊട്ടിവിടരാറാണുള്ളത്. ‘Daybreak’ എന്ന് ആംഗലേയം. ആദ്യകാലത്ത് റേഡിയോ പ്രക്ഷേപണം ആരംഭിച്ചിരുന്നത് പ്രഭാതവാര്‍ത്തകളോടെ ആയിരുന്നു. പ്രഭാതം പൊട്ടിവിടരുമ്പോള്‍ ഉള്ള വാര്‍ത്തയായതിനാല്‍ അതിന് പേര് ബ്രേക്കിങ് ന്യൂസ്. വാര്‍ത്തയല്ല പൊട്ടിവിരിയുന്നത്; പ്രഭാതമാണ്. പിന്നീട് ടെലിവിഷന്‍ രംഗപ്രവേശം ചെയ്തത് ഒരു വിനോദോപാധി എന്ന നിലയില്‍ മാത്രമാണ്. അതിനാല്‍ വിനോദ പരിപാടികള്‍ മാത്രം ഉള്‍ക്കൊള്ളിച്ചാണ് പ്രോഗ്രാം തയ്യാറാക്കിയിരുന്നത്. വാര്‍ത്ത ഒരു നിശ്ചിത പരിപാടി എന്ന നിലയില്‍ റേഡിയോയില്‍ തന്നെ തുടര്‍ന്നു. പതുക്കെ പതുക്കെ, പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്നാല്‍, ടിവിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിനോദപരിപാടി നിര്‍ത്തിവച്ച്, അത് വാര്‍ത്തയായി ആളുകളെ അറിയിക്കാന്‍ തുടങ്ങി. നിലവിലെ പരിപാടി പൊട്ടിച്ച് എന്ന അര്‍ത്ഥത്തില്‍ ആ വാര്‍ത്തകളെ ബ്രേക്കിങ് ന്യൂസ് എന്ന് ആണ് പറഞ്ഞിരുന്നത്. അത്രക്കും പ്രധാന്യമുള്ള വാര്‍ത്തകള്‍ മാത്രമേ അങ്ങിനെ ബ്രേക്കിങ് ന്യൂസ് ആയി വരാറുണ്ടായിരുന്നുള്ളൂ. പൊട്ടുന്നത് വാര്‍ത്തയല്ല; നടന്നുകൊണ്ടിരുന്ന പരിപാടി ആണ്.

കാലക്രമേണ ടിവിയിലും വാര്‍ത്താനേരം ഉദയം കൊണ്ടു. പക്ഷേ, പ്രധാനപ്പെട്ട സംഭവങ്ങള്‍ ഉണ്ടായാല്‍പോലും അത് സംപ്രേഷണം ചെയ്യാന്‍ വാര്‍ത്താസമയം വരെ കാത്തിരിക്കേണ്ടി വന്നു. പല ചാനലുകളിലും പല സമയങ്ങളില്‍ ആയിരുന്നു വാര്‍ത്ത വായിച്ചിരുന്നത്. പലപ്പോഴും വാര്‍ത്തയുടെ പുതുമ അസ്തമിച്ചതിന് ശേഷം മാത്രമേ ചില ചാനലുകള്‍ക്ക് അവ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. അന്താരാഷ്ട്ര ചാനലുകള്‍ മറ്റൊരു വെല്ലുവിളി കൂടി നേരിട്ടു. ലോകരാജ്യങ്ങളിലൊക്കെ അവയുടെ ഭൂമിശാസ്ത്രമനുസരിച്ച് പല സമയക്രമമാണ്. ആയതിനാല്‍ അവിടങ്ങളിലെ വാര്‍ത്തകള്‍ തത്സമയം ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കാന്‍ ബുദ്ധിമുട്ടായി. മാത്രമല്ല, വാര്‍ത്തകളുടെ ആധിക്യം അവയെല്ലാം കൂടി നിശ്ചിത സമയത്തില്‍ ഒതുക്കാന്‍ ആവുന്നതില്‍ അപ്പുറവുമായിരുന്നു. ഈ മൂന്ന് കാരണങ്ങളാലാണ് മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ ഉദയം കൊണ്ടത്.

അതോടെ വാര്‍ത്തകള്‍ പൊട്ടാന്‍ തുടങ്ങി. അപ്പപ്പോള്‍ മുളപൊട്ടുന്ന വാര്‍ത്തകള്‍ക്ക്, അവ തത്സമയം പൊട്ടിമുളയ്ക്കുന്നു എന്ന അര്‍ത്ഥത്തില്‍, ബ്രേക്കിംഗ് ഇന്‍ എന്നതില്‍ നിന്ന്, ബ്രേക്കിങ് ന്യൂസ് എന്ന് പേര് വന്നു.

അതീവ മത്സരം നിലനില്‍ക്കുന്ന വാര്‍ത്താവ്യവസായ രംഗത്ത് ഒരു വാര്‍ത്ത ഏറ്റവുമാദ്യം ബ്രേക്കിങ് ന്യൂസ് ആയി റിപ്പോര്‍ട്ട് ചെയ്യുന്നതിന് വളരെ പ്രാധാന്യമുണ്ട്. അതാണ് ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ് പോയന്റ്) കൂട്ടുന്നത്. എന്നാല്‍ ആ ഓട്ടത്തിനിടയില്‍ തെറ്റായ വാര്‍ത്ത സംപ്രേഷണം ചെയ്യാന്‍ ഇട വന്നേക്കും. അങ്ങനെയാണ് കിടപ്പായ നേതാക്കള്‍ മരിക്കുന്നതിന് മുമ്പ് തന്നെ മരിച്ചതായി വാര്‍ത്ത വരുന്നത്. ഒരല്‍പം ജാഗ്രതക്കുറവ് വന്നാല്‍ അത് രണ്ട് വിധത്തില്‍ ബാധിക്കും. ഒന്ന് യഥാര്‍ത്ഥ വാര്‍ത്ത മറ്റ് ചാനലുകള്‍ ഒരു മിനിറ്റ് മുന്‍പെങ്കിലും റിപ്പോര്‍ട്ട് ചെയ്‌തേക്കാം. എങ്കില്‍ ടിആര്‍പി പെട്ടെന്ന് താഴെപോകുന്നത് കാണാം. അല്ലെങ്കില്‍ വാര്‍ത്ത തെറ്റായി ഭവിക്കാം. ഇങ്ങനെ വന്നാല്‍ ഒരു ചാനലില്‍ മാത്രം വന്ന വാര്‍ത്തയ്ക്ക് പുറകെ ജനം ഓടും. തല്‍ക്കാലത്തേക്ക് ടിആര്‍പി ഭീകരമായി ഉയരുമെങ്കിലും ഒരു മണിക്കൂറിനകം നിലംപൊത്തും. ജനങ്ങളുടെ വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു. ടിആര്‍പി തകര്‍ച്ച സ്ഥായിയായി സംഭവിക്കാനും തെറ്റായ വാര്‍ത്താപ്രക്ഷേപണം കാരണമായേക്കും.

ആടിനെ മാത്രമല്ല, ആനയെ വരെ പട്ടിയാക്കാനുള്ള മാര്‍ഗ്ഗമായി ബ്രേക്കിങ്ങ് ന്യൂസ് മാറിയിരിക്കുന്നു. ഭാരതവും കേരളവും എന്തിന്റെ പേരിലാണ് ഓരോ ദിവസവും വ്യാകുലപ്പെടേണ്ടതെന്ന് ചില ടിവി ചാനലുകളാണ് തീരുമാനിക്കുന്നത്. ചെറിയ വാര്‍ത്ത വലുതാക്കാനും വലുതാവേണ്ട വാര്‍ത്തകള്‍ ചെറുതാക്കാനും അവര്‍ക്കാവുന്നു. രാഷ്ട്രീയ ചേരിതിരിവും കൊലപാതക രാഷ്ട്രീയവും വളരാന്‍ ബ്രേക്കിങ് ന്യൂസുകള്‍ കാരണമാവുന്നുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. ഐക്യത്തോടെയും സാഹോദര്യത്തോടെയും സമൂഹമായി ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ കാലുഷ്യങ്ങളും കലാപങ്ങളും വളര്‍ത്താന്‍ മതവികാരങ്ങള്‍ക്ക് തിരികൊളുത്തുന്ന ഒരു വരി മതി.

പത്രപ്രവര്‍ത്തന രംഗത്തെ ലബ്ധപ്രതിഷ്ഠര്‍ ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കള്‍ ആയിരുന്നു. ചില കാര്യങ്ങള്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചുപോന്നു. ഒന്നാമത്, ദൃക്സാക്ഷികള്‍ പറയുന്നത് മുഴുവന്‍ മുഖവിലയ്ക്ക് എടുക്കാതെ, അവ ബന്ധപ്പെട്ട അധികൃതരുടെ സ്ഥിരീകരണത്തിന് ശേഷം മാത്രം സംപ്രേഷണം ചെയ്യുക എന്നത്. ശബരിമലയില്‍ ഒരു ഭാഗത്ത് കൂട്ടിയിട്ടിരുന്ന ചിരട്ടകള്‍ കത്തിയപ്പോള്‍, ‘ശബരിമലയില്‍ വന്‍ തീപിടുത്തം’ എന്ന് പ്രത്യേക വാര്‍ത്ത അവതരിപ്പിച്ച് ഭീതി പടര്‍ത്തിയ ഒരു ചാനല്‍ നമുക്കുണ്ട്. ഇരുത്തം വന്ന ഒരു മാധ്യമപ്രതിനിധിക്ക് ഇത്തരം ഒരബദ്ധം വരുമായിരുന്നില്ല.

ചാനലുകള്‍ തമ്മില്‍ മത്സരമുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ഒരു ചാനലില്‍ വരുന്ന ബ്രേക്കിങ് വാര്‍ത്ത മോഷ്ടിച്ച് അതുപോലെ സംപ്രേഷണം ചെയ്ത സംഭവങ്ങളും ഉണ്ട്. കേരളത്തിലെ ഒരു പ്രമുഖ അപവാദ കഥ ഒരു ചാനലില്‍ വന്നത് പകര്‍ത്തെടുത്താണ് മറ്റുള്ളവര്‍ സംപ്രേഷണം ചെയ്തത്. വാര്‍ത്തയുടെ ഉള്ളടക്കത്തിന്റെ സത്യാവസ്ഥകള്‍, അതിലുള്‍പ്പെട്ട ആളുകളുടെ പൂര്‍വ്വചരിത്രങ്ങള്‍ എന്നിവ വേണ്ട രീതിയില്‍ വിലയിരുത്താന്‍ രണ്ടാമത്തെ കൂട്ടര്‍ക്ക് സമയം കിട്ടിയില്ല. തങ്ങളുടെ ചാനലിലെല്ലാം വാര്‍ത്ത സംപ്രേഷണം ചെയ്തതിനാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാവാത്ത അവസ്ഥയില്‍പ്പെട്ട അവരെല്ലാം, പിന്നീട് അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് സത്യമാക്കി മാറ്റാന്‍ ശ്രമിച്ചു. ലോകശ്രദ്ധ പിടിച്ച് പറ്റിയ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത് ഒരിക്കലും വാര്‍ത്തകള്‍ പകര്‍ത്തരുത് എന്നാണ്.

അബദ്ധങ്ങള്‍ വരുന്ന മറ്റൊരു വഴി വാര്‍ത്ത ഊഹിക്കുന്നതാണ്. ഒരു തരം ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’ എന്ന ലൈന്‍. മാധ്യമപ്രവര്‍ത്തകന്‍ എപ്പോഴെല്ലാം ഒരു കാര്യം ഊഹിച്ച് നിഗമനത്തിലെത്തുന്നുവോ, അപ്പോഴെല്ലാം ഊഹം തെറ്റുന്നു എന്നാണ് പ്രമാണം. കണ്ടത് പറയാനാണ് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത്. അല്ലാതെ മാധ്യമപ്രവര്‍ത്തകന്‍ ഊഹിക്കുന്നത് എന്താണെന്നല്ല. ബ്രേക്കിങ് ന്യൂസ് എയര്‍ ചെയ്യാനുള്ള വ്യഗ്രതയില്‍ പല ഭീമവിഗ്രഹങ്ങളും തകരാറുണ്ട്.

മാധ്യമപ്രവര്‍ത്തകന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് നിലപാടുകള്‍ പാടില്ല എന്നാണ് ജേര്‍ണലിസം സ്‌കൂളുകള്‍ പഠിപ്പിക്കുന്നത്. അവന്റെ ജോലി, നേരിട്ട് കണ്ട നേര് നിര്‍ഭയമായി പറയുക എന്നതാണ്. നിലപാടുകള്‍ ഉണ്ടായാല്‍ അവന്റെ സ്വന്തം ഭാവനകള്‍ വാര്‍ത്തയില്‍ ഇടം നേടും. അത് വാര്‍ത്തയെ കലുഷിതമാക്കും എന്ന് പഠിപ്പിക്കുന്നത് ലോകോത്തര അനുഭവജ്ഞാനം ഉള്ളവര്‍ ആണ്. ബ്രേക്കിങ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, ആ വാര്‍ത്തയുടെ പൂര്‍ണ്ണ രൂപമോ, അധികൃത ഭാഷ്യമോ കയ്യിലില്ലാത്ത മാധ്യമപ്രവര്‍ത്തകന്‍ തന്റെ നിലപാടുകള്‍ക്കനുസരിച്ച് അതില്‍ ഭാവനകള്‍ ചേര്‍ക്കുന്നു. അത് തെറ്റായ വാര്‍ത്ത ജനങ്ങളിലെത്താന്‍ കാരണമാവുന്നു.

മാധ്യമപ്രവര്‍ത്തനത്തില്‍ മൂന്ന് ‘ലീഡ്’കള്‍ ഉണ്ട്. ആദ്യത്തത്, വാര്‍ത്തയെ സംബന്ധിച്ച ഒരു തുമ്പ്; പ്രാഥമിക വിവരം. അത് സത്യമാവാം, അസത്യമാവാം. അതന്വേഷിച്ച് സത്യം കണ്ടെത്തേണ്ടത് അവന്റെ ജോലിയാണ്. സത്യം മാത്രം പോരാ, തെളിവുകളും വേണം. തെളിവുകളില്ലാത്ത വാര്‍ത്ത ജനസമക്ഷം അവതരിപ്പിച്ചാല്‍ അത് വിശ്വസനീയത ഇല്ലാതെ പോവും. ആ അന്വേഷണമാണ് ‘ലീഡി’നെ വാര്‍ത്തയാക്കുന്നത്. രണ്ടാമത്, വാര്‍ത്തയുടെ സാരാംശങ്ങള്‍ എല്ലാം അടങ്ങുന്ന ആദ്യവാചകം, അഥവാ പഞ്ച് ലൈന്‍. എംപിയായി ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആള്‍ പഞ്ചായത്ത് അംഗത്വം രാജി വച്ചാല്‍ വാര്‍ത്തയിലെ ആദ്യവാചകം ‘……എംപി രാജി വയ്ക്കാന്‍ തീരുമാനിച്ചു’ എന്ന് പറഞ്ഞാലുള്ള അസാംഗത്യം ആലോചിച്ച് നോക്കൂ! മൂന്നാമത്തെ ‘ലീഡ്’, ഏതാണ് പ്രധാനവാര്‍ത്ത എന്ന പത്രാധിപ കര്‍മ്മമാണ്. മുഖ്യവാര്‍ത്ത തീരുമാനിക്കാനുള്ള അവകാശം പത്രാധിപര്‍ക്കാണെങ്കിലും (ടിവിയില്‍ ന്യൂസ് എഡിറ്റര്‍) ഒരു വാര്‍ത്തയ്ക്ക് പ്രധാനവാര്‍ത്തയാവാനുള്ള പ്രാധാന്യമുണ്ടോ എന്ന് പ്രാഥമിക നിലയിലുള്ള മാധ്യമ പ്രവര്‍ത്തകനാണ് വിവേചിച്ച് എടുക്കേണ്ടത്. അതിനനനുസരിച്ച് വേണം വാര്‍ത്തയുടെ വിശദാംശങ്ങള്‍ നല്‍കാന്‍. ‘പോലീസുകാരന്‍ ആത്മഹത്യ ചെയ്തു’ എന്ന വാര്‍ത്ത ചരമപ്പേജില്‍ വരുന്നത് പോലെയല്ല അത്. വ്യക്തിഗതമായ കാരണങ്ങളാല്‍ ഉണ്ടായ വിയോഗമാണോ ഔദ്യോഗിക, രാഷ്ട്രീയ കാരണങ്ങളാല്‍ ഉണ്ടായ ദുരന്തമാണോ അതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ തിരിച്ചറിയണം. രണ്ടാമത്തേതാണെങ്കില്‍ അതിന് രാഷ്ട്രീയ, സാമൂഹിക മാനങ്ങള്‍ ഏറെയാണ്. വാര്‍ത്തക്ക് പ്രാധാന്യമേറും. പ്രതികരണങ്ങള്‍, പ്രതിഷേധങ്ങള്‍ എല്ലാം വളരേണ്ടതുണ്ട്. എന്നാല്‍ ഒരു സ്വകാര്യദുഃഖത്തിന്റെ അവസാനം അങ്ങനെയായിപ്പോയത് മുഖ്യവാര്‍ത്തയാക്കിയാല്‍ മാധ്യമപ്രവര്‍ത്തകന്‍ ആ വാര്‍ത്തയെ പോലീസ് ഭരണത്തിനെതിരെ ജനവികാരം വളര്‍ത്താന്‍ വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ്.

രണ്ടാമത് പറഞ്ഞ രീതിയിലുള്ള മാദ്ധ്യമപ്രവര്‍ത്തനം ഇന്ന് അധികരിച്ച് വരുന്നു. ആടിനെ മാത്രമല്ല, ആനയെ വരെ പട്ടിയാക്കാനുള്ള മാര്‍ഗ്ഗമായി ബ്രേക്കിങ്ങ് ന്യൂസ് മാറിയിരിക്കുന്നു. ഭാരതവും കേരളവും എന്തിന്റെ പേരിലാണ് ഓരോ ദിവസവും വ്യാകുലപ്പെടേണ്ടതെന്ന് ചില ടിവി ചാനലുകളാണ് തീരുമാനിക്കുന്നത്. ചെറിയ വാര്‍ത്ത വലുതാക്കാനും വലുതാവേണ്ട വാര്‍ത്തകള്‍ ചെറുതാക്കാനും അവര്‍ക്കാവുന്നു. രാഷ്ട്രീയ ചേരിതിരിവും കൊലപാതക രാഷ്ട്രീയവും വളരാന്‍ ബ്രേക്കിങ് ന്യൂസുകള്‍ കാരണമാവുന്നുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. ഐക്യത്തോടെയും സാഹോദര്യത്തോടെയും സമൂഹമായി ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ കാലുഷ്യങ്ങളും കലാപങ്ങളും വളര്‍ത്താന്‍ മതവികാരങ്ങള്‍ക്ക് തിരികൊളുത്തുന്ന ഒരു വരി മതി. സാമുദായികപരമായ ഭിന്നിപ്പ് ഉളവാക്കാന്‍ ബ്രേക്കിങ്ങ് വാര്‍ത്തകള്‍ കാരണമാവുന്നുണ്ടെങ്കില്‍ നമ്മുടെ മാധ്യമക്കുട്ടികള്‍, ന്യൂസ് എഡിറ്റര്‍മാര്‍, അന്തിചര്‍ച്ചകളിലെ അധ്യക്ഷന്മാര്‍ ഒന്നും മാധ്യമപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍. ഒന്നാമത്തെ ലീഡിന് വേണ്ടി വ്യാപക ന്ധങ്ങള്‍ ഉണ്ടാക്കണം. രണ്ടാമത്തെ ലീഡിന് സാഹചര്യ സംവേദനവും ഭാഷാകുശലതയും വേണം. മൂന്നാമത്തെയും ലീഡിന് അത്യാവശ്യം സാമാന്യബോധം മാത്രം മതി. ഇതിന്റെ മൂന്നിന്റേയും അഭാവത്തില്‍ വാര്‍ത്തകള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങുന്നു. ഇന്ന് കാണുന്ന ബ്രേക്കിങ്ങ് ന്യൂസ് പലതും പൊട്ടിത്തെറികളാണ് ഉണ്ടാക്കുന്നത്. ആ പൊട്ടിത്തെറിയില്‍ ചിതറുന്ന അഗ്‌നിസ്ഫുലിംഗങ്ങള്‍ ആസുരതയുടെ മൂശയിലേക്കാണ് തീയാളിയ്ക്കുന്നത്. അവിടെ പണിയായുധങ്ങള്‍ പടവാളുകളാക്കി ഉരുക്കി മാറ്റുവാന്‍, ഉടച്ച് വാര്‍ക്കുവാന്‍ കാത്തിരിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ക്ക് കയ്യാളാവാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇനിയെങ്കിലും നിന്നുകൊടുക്കരുത്. ‘കിമകുര്‍വത സഞ്ജയ?’ എന്നാണ് ചോദ്യം. കണ്ടത് പറയണം. കണ്ടതേ പറയാവൂ. കേള്‍ക്കുന്നത് അന്ധനാണ്, പറയുന്നത് അതുപോലെ വിശ്വസിക്കും എന്ന ബോധം വേണം.

Comments

comments

Categories: FK Special, Slider
Tags: break news