ബാബ്‌സണ്‍ കോളെജ് ദുബായിലേക്ക് വരുന്നു…

ബാബ്‌സണ്‍ കോളെജ് ദുബായിലേക്ക് വരുന്നു…

ലോകത്തെ ഏറ്റവും മികച്ച സംരംഭകത്വ വിദ്യാഭ്യാസ സ്ഥാപനമായ യുഎസിലെ ബാബ്‌സണ്‍ കോളെജ് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്

ദുബായ്: സംരംഭകത്വ വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ബാബ്‌സണ്‍ കോളെജ് ദുബായിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഗ്രൂജുവേറ്റ്, എക്‌സിക്യൂട്ടിവ് എജുക്കേഷന്‍ പ്രോഗ്രാമുകളായിരിക്കും ബാബ്‌സണ്‍ കോളെജ് ലഭ്യമാക്കുക. മേഖലയിലെ ജോലിചെയ്യുന്ന പ്രൊഫഷണലുകളെ ലക്ഷ്യമിട്ടുള്ളതാകും കോഴ്‌സുകളെന്നാണ് സൂചന.

ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ രീതികളിലൂടെയായിരിക്കും ബാബ്‌സണ്‍ എംബിഎ കോഴ്‌സുകള്‍ ലഭ്യമാക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പ്രസ്താവനയില്‍ പറയുന്നു. 2019 ജനുവരി മുതല്‍ ബാബ്‌സണ്‍ ദുബായില്‍ പ്രവര്‍ത്തനം തുടങ്ങും.

തുടര്‍ച്ചയായി 25 വര്‍ഷം ഏറ്റവും മികച്ച എംബിഎ (സംരംഭകത്വം) കോഴ്‌സായി ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചുവരുന്നത് ബാബ്‌സണ്‍ കോളെജിന്റെ ബിരുദ പ്രോഗ്രാമാണ്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കേന്ദ്രമാക്കി ആയിരിക്കും ബാബ്‌സണ്‍ കോളെജിന്റെ പ്രവര്‍ത്തനം.

ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കും സംരംഭകരുടെ വിജയം വലിയ പങ്കുവഹിക്കുന്നുണ്ട്. അല്ലെങ്കില്‍ സംരംഭകരുടെ വിജയമാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവും നിര്‍ണായകമായ കാര്യമെന്നും പറയാം. ഈ ആശയത്തിലാണ് ഞങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നത്. അതനുസരിച്ചാണ് പ്രവര്‍ത്തനവും-ബാബ്‌സണ്‍ കോളെജ് പ്രസിഡന്റ് കെറി ഹീലി പറഞ്ഞു.

ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് തുടര്‍ച്ചയായി 25 വര്‍ഷം ഏറ്റവും മികച്ച എംബിഎ (സംരംഭകത്വം) കോഴ്‌സായി തെരഞ്ഞെടുത്തത് ബാബ്‌സണ്‍ കോളെജിന്റെ ബിരുദ പ്രോഗ്രാമാണ്‌

ബാബ്‌സണിന്റെ സംരംഭകത്വ വിദ്യാഭ്യാസ പദ്ധതി ദുബായിലേക്ക് കൊണ്ടുവരിക വഴി യുഎഇയുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്-അദ്ദേഹം പറഞ്ഞു.

ബാബ്‌സണിന്റെ കോഴ്‌സുകള്‍ നടക്കുക ദുബായ് ഫിനാന്‍ഷ്യല്‍ സെന്ററിലെ ദി അക്കാഡമി എന്ന വിഭാഗത്തിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വെല്ലെസ്ലി, ബോസ്റ്റണ്‍, മസാച്ചുസെറ്റ്‌സ്, സാന്‍ ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ, മിയാമി, ഫ്‌ളോറിഡ തുടങ്ങിയിടങ്ങളിലെല്ലാം ബാബ്‌സണ്‍ കോളെജിന്റെ കേന്ദ്രങ്ങളുണ്ട്.

ബാബ്‌സണ്‍ പിന്തുണയുള്ള ഗ്ലോബര്‍ എന്‍ട്രപ്രണര്‍ഷിപ്പ് മോണിറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം യുഎഇയിലെ 88 ശതമാനം ജനങ്ങളും സംരംഭകര്‍ക്ക് സമൂഹത്തില്‍ ഉയര്‍ന്ന സ്റ്റാറ്റസ് ഉള്ളതായി കരുതുന്നുണ്ട്. സ്വന്തമായി ബിസിനസ് തുടങ്ങാമെന്ന് 65 ശതമാനം പേരും ആഗ്രഹിക്കുന്നുമുണ്ട്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംരംഭകത്വ വിദ്യാഭ്യാസത്തിന് വളക്കൂറുളള മണ്ണാണ് ദുബായ് എന്ന് ബാബ്‌സണ്‍ വിലയിരുത്താന്‍ കാരണം.

Comments

comments

Categories: Arabia