വിവര സംരക്ഷണത്തിന് പുതിയ നിയമ ചട്ടക്കൂട്

വിവര സംരക്ഷണത്തിന് പുതിയ നിയമ ചട്ടക്കൂട്

ന്യൂഡെല്‍ഹി: രാജ്യത്ത് നിയമസംരക്ഷണത്തിന് പുതിയ ചട്ടക്കൂട് തയ്യാറാവുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജി ബിഎന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പുതിയ നിയമത്തിന്റെ കരട് രൂപരേഖ തയ്യാറാക്കുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ പോലുള്ള സാമൂഹിക മാധ്യമങ്ങളിലും ഗൂഗിളിലും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നല്‍കുകയും കൈമാറുകയും ചെയ്യുന്ന വിവരങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎന്‍ ശ്രീകൃഷ്ണ കമ്മിറ്റി നിയമം നിര്‍മിക്കുന്നത്.

ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളുടെ വിവരങ്ങള്‍ അമേരിക്കയിലും മറ്റുമുള്ള ഭീമന്‍ കമ്പനികള്‍ നിയന്ത്രിക്കുമ്പോള്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു. ഫെയ്‌സ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏറെ പ്രചാരമുള്ളതും ഉപഭോക്താക്കളുമുള്ള രാജ്യം ഇന്ത്യയാണ്. അതിനാല്‍ ബിഎന്‍ ശ്രീകൃഷ്ണ കമ്മിറ്റിയിലെ നിര്‍ദേശങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കുന്നത്.

ഡിജിറ്റല്‍ യുഗത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്. 2017 ല്‍ 370 മില്യണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളതെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് സര്‍വേയില്‍ പറയുന്നു. വ്യക്തിവിവരങ്ങളടങ്ങിയ ആധാറും ഇന്ത്യയില്‍ പുതിയ വിപ്ലവമാണ് തീര്‍ക്കുന്നത്. എന്നാല്‍ ആധാറിലെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ഇത്തരം വിവര സംരക്ഷം നിയമങ്ങള്‍ അത്യാവശ്യമാണ്.

വിവര സംരക്ഷണ നിയമം ലോകനിലവാരത്തിലുള്ളതാകണമെന്ന ആവശ്യത്തോടെയാണ് പുതിയ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട് നിര്‍മിക്കാന്‍ കേന്ദ്രം തയ്യാറായത്. വിവര സംരക്ഷണ നിയമ നിര്‍മാണത്തിനായി കഴിഞ്ഞ വര്‍ഷമാണ് ബിഎന്‍ ശ്രീകൃഷ്ണ കമ്മിറ്റിയെ നിയമിച്ചത്. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അടങ്ങിയ ബില്‍ ഈയാഴ്ച തന്നെ സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയക്കും.

നിയമത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്ത് കമ്മിറ്റി ഒരു ധവള പത്രം പുറത്തിറക്കിയിരുന്നു. പൗരന്മാരെ കുറിച്ചുള്ള വിവരങ്ങള്‍ രാജ്യത്തിനകത്തു തന്നെ ശേഖരിക്കണമെന്നതുള്‍പ്പടെ വിവിധ വിഷയങ്ങള്‍ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് എല്ലാ ഓണ്‍ലൈന്‍ കമ്പനികളും രാജ്യത്തിനകത്തു നിന്നും തന്നെ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതായി വരും.

 

Comments

comments

Categories: FK News, Slider, Tech, Top Stories