ആറ് പൊതുമേഖലാ ബാങ്കുകള്‍ കൂടി തിരുത്തല്‍ നടപടികള്‍ നേരിട്ടേക്കും

ആറ് പൊതുമേഖലാ ബാങ്കുകള്‍ കൂടി തിരുത്തല്‍ നടപടികള്‍ നേരിട്ടേക്കും

നിലവില്‍ 11 പൊതുമേഖലാ ബാങ്കുകളാണ് കേന്ദ്ര ബാങ്കിന്റെ തിരുത്തല്‍ നടപടികള്‍ക്ക് വിധേയരായിട്ടുള്ളത്

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ ഉള്‍പ്പെടെ രാജ്യത്തെ ആറ് പൊതുമേഖലാ ബാങ്കുകള്‍ കൂടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുത്തല്‍ നടപടികള്‍ക്ക് (പ്രോംറ്റ് കറക്റ്റീവ് ആക്ഷന്‍) വിധേയമായേക്കും. സാമ്പത്തികാരോഗ്യം മോശമായിട്ടുള്ള ബാങ്കുകളുടെ വായ്പകള്‍ വന്‍കിട ബാങ്കുകള്‍ക്ക് വില്‍ക്കാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ നീക്കത്തെ ഇത് ദുര്‍ബലപ്പെടുത്തിയേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

നിലവില്‍ 11 പൊതുമേഖലാ ബാങ്കുകളാണ് കേന്ദ്ര ബാങ്കിന്റെ തിരുത്തല്‍ നടപടികള്‍ക്ക് വിധേയരായിട്ടുള്ളത്. ആറ് ബാങ്കുകള്‍ക്ക് കൂടി ആര്‍ബിഐ പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ തിരുത്തല്‍ നടപടികള്‍ നേരിടുന്ന പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 17 ആകും. അടുത്ത ഒരു മാസത്തിനുള്ളില്‍ ഇത് സംഭവിക്കുമെന്ന സൂചനയാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. അതേസമയം, ആര്‍ബിഐ ഈ ബാങ്കുകള്‍ക്ക് ചില ഇളവുകള്‍ നല്‍കിയേക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവര്‍ പറഞ്ഞു.

അടുത്ത ഒന്നോ രണ്ടോ പാദത്തിനുള്ളില്‍ സാമ്പത്തികാരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരുമായും കേന്ദ്ര ബാങ്കുമായും നടത്തിയ ചര്‍ച്ചകളില്‍ ബാങ്കുകള്‍ അറിയിച്ചിട്ടുള്ളത്. പിസിഎക്കുകീഴില്‍ കേന്ദ്ര ബാങ്ക് പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ സാമ്പത്തികാരോഗ്യം വീണ്ടെടുക്കുന്നതില്‍ പ്രയാസം നേരിടുമെന്നും ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ബാങ്കുകള്‍ക്ക് ചില ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര ബാങ്ക് താല്‍പ്പര്യം കാണിച്ചേക്കും. ബ്രാഞ്ചുകളുടെ വിപുലീകരണം തടയുക, ഡിവിഡന്റ് പേമെന്റ് നിര്‍ത്തിവെക്കുക, വായ്പാ പരിധി പരിമിതപ്പെടുത്തുക, ഓഡിറ്റും പുനര്‍രൂപീകരണവും തുടങ്ങിയവയാണ് പിസിഎക്കുകീഴില്‍ കേന്ദ്ര ബാങ്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍.

മേയിലാണ് അലഹബാദ് ബാങ്കിനെതിരെ കേന്ദ്ര ബാങ്ക് പിസിഎ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ദേനാ ബാങ്കിനെയും പുതിയ വായ്പകള്‍ അനുവദിക്കുന്നതില്‍ നിന്നും ആര്‍ബിഐ വിലക്കി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക്. ഐഡിബിഐ ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണ് തിരുത്ത നടപടിക്ക് വിധേയമായിട്ടുള്ള മറ്റ് പൊതുമേഖലാ ബാങ്കുകള്‍.

Comments

comments

Categories: Banking