മികച്ച നേട്ടവുമായി സൂപ്പര്‍ 30 അക്കാദമി

മികച്ച നേട്ടവുമായി സൂപ്പര്‍ 30 അക്കാദമി

പാറ്റ്‌ന: സമൂഹത്തിന്റെ താഴെക്കിടയിലുള്ള കുട്ടികളെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മുന്‍പന്തിയിലേക്ക് കൊണ്ടുവരുന്നതിനായി ബീഹാറിലെ സൂപ്പര്‍ 30 അക്കാദമി കഠിന പ്രയത്‌നമാണ് നടത്തുന്നത്. ഈ പ്രയത്‌നത്തിന് ഫലം കണ്ടിരിക്കുകയാണ്. അക്കാദമിയില്‍ നിന്നും ഈ വര്‍ഷം ഐഐടി-ജെഇഇ പരീക്ഷ എഴുതിയ 30 പേരില്‍ 26 പേരും മികച്ച വിജയം കൈവരിച്ചു.

2002 ല്‍ ഗണിതശാസ്ത്ര വിദഗ്ധനായ ആനന്ദ് കുമാര്‍ സ്ഥാപിച്ചതാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട്. സമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ആനന്ദ് കുമാര്‍. എല്ലാ വര്‍ഷവും മുപ്പതോളം വിദ്യാര്‍ഥികളെ ജെഇഇ പരീക്ഷയക്ക് പരിശീലിപ്പിച്ച് വരികയാണ് ഈ സ്ഥാപനം.

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജീവിക്കുന്ന ഒരു വിഭാഗം ഇന്നും ചില ഉള്‍പ്രദേശങ്ങളിലുണ്ട്. ലോകത്തിന്റെ വികസനത്തിന്റെ കാറ്റ് അവരുടെ ജീവിതത്തിലേക്ക് പലപ്പോഴും എത്താറില്ല. അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സൂപ്പര്‍ 30 എന്ന് ആനന്ദ് കുമാര്‍ പറയുന്നു.

ഒനിര്‍ജിത്ത് ഗോസ്വാമി, സൂരജ് കുമാര്‍, യഷ് കുമാര്‍, സൂര്യകാന്ത് ദാസ് തുടങ്ങിയ താഴ്ന്ന ചുറ്റുപാടുകളില്‍ നിന്നും എത്തിയവരാണ് മിക്ക വിദ്യാര്‍ഥികളും. കാണ്‍പൂരിലെ ഒരു ഫാക്ടറി തൊഴിലാളിയുടെ മകനാണ് ഗോസ്വാമി. അവന്റെ ആഗ്രങ്ങളില്‍ ഏറ്റവും വലുതായിരുന്നു ഐഐടി. ആനന്ദ് സര്‍ ഇതുപോലൊരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയില്ലായിരുന്നെങ്കില്‍ തനിക്ക് തന്റെ ആഗ്രഹം നിറവേറ്റാന്‍ കഴിയില്ലായിരുന്നുവെന്ന് ഗോസ്വാമി പറയുന്നു. അദ്ദേഹത്തിന്റെ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അവന്‍ പറഞ്ഞു.

ജാര്‍ഖണ്ഡിലെ ഗിരിദിന്‍ സ്വദേശിയായ സൂരജ് കുമാര്‍ നിരക്ഷരായ മാതാപിതാക്കളുടെ മകനാണ്. മകന്‍ ഇത്തരത്തില്‍ ഒരു പരീക്ഷ എഴുതുന്നത് മുതല്‍ അവര്‍ക്ക് ആശങ്കയായിരുന്നു. ജെഇഇ പരീക്ഷയെക്കുറിച്ച് വലിയ ധാരണകള്‍ ഒന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല. എങ്കിലും അവര്‍ മകനില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നു.
ആനന്ദ് സൗജന്യ പരിശീലനം നല്‍കി എന്നതിനപ്പുറം അദ്ദേഹം നല്‍കിയ പിന്തുണയാണ് തങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു.

എന്റെ അച്ഛന് ഐഐടി എന്തെന്ന് പോലും അറിയില്ലായിരുന്നു. ആനന്ദ് സാറിന്റെ സഹായമാണ് എന്നെ ഇവിടെ എത്തിച്ചത് സൂരജ് കുമാര്‍ പറഞ്ഞു. ഇവരെ പോലെ തന്നെ യഷ്‌കുമാറും സൂര്യകാന്തും അവരുടെ വിജയത്തിന് ആനന്ദ് കുമാറിന് നന്ദി പറയുന്നു.

കഴിഞ്ഞ 16 വര്‍ഷങ്ങള്‍ കൊണ്ട് 500 ഓളം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി ഐഐടികളില്‍ പ്രവേശനം നേടി കൊടുക്കാന്‍ സൂപ്പര്‍ 30 അക്കാദമിക്ക് സാധിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും 30 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. 30 കുട്ടികള്‍ക്ക് വേണ്ട താമസവും ഭക്ഷണവും എല്ലാം നല്‍കുന്നത് ആനന്ദ് കുമാര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 2009 ല്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയ ശാസ്ത്രജ്ഞനാണ് ആനന്ദ് കുമാര്‍.

രാജ്യത്താകമാനമുളള ഇത്തരം വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അദ്ദേഹം മുന്‍കൈയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ കുട്ടികളെ ഇതിലേക്ക് ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണിപ്പോള്‍. സൂപ്പര്‍ 30 അടുത്ത ബാച്ചിനായുള്ള സ്‌ക്രീനിംഗ് ഉടന്‍ തന്നെ നടക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ ലഭ്യമാകുമെന്ന് ആനന്ദ് കുമാര്‍ അറിയിച്ചു.

 

Comments

comments