സ്വാധീനമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് തിരിച്ചടി

സ്വാധീനമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് തിരിച്ചടി

അഞ്ച് വിഭാഗങ്ങളിലായി 27 ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളുടെ പ്രകടനം വിലയിരുത്തിയത്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നഗരം ന്യൂയോര്‍ക് ആണെന്ന് ആഗോള ബിസിനസ് കണ്‍സള്‍ട്ടിംഗ് സംരംഭമായ എടി കെര്‍ണിയുടെ റിപ്പോര്‍ട്ട്. 135 രാജ്യങ്ങളുള്‍പ്പെട്ട ഗ്ലോബല്‍ സിറ്റീസ് സൂചികയില്‍ രാജ്യതലസ്ഥാന നഗരമായ ന്യൂഡെല്‍ഹി 58-ാം സ്ഥാനത്തും സാമ്പത്തിക തലസ്ഥാനമായ മുംബൈ 52-ാം സ്ഥാനത്തും ഇടംപിടിച്ചു. ബ്രസീലിലെ റിയോ ഡി ജനറിയോയേക്കാള്‍ പിന്നിലാണ് ഈ വര്‍ഷം ന്യൂഡെല്‍ഹിയുള്ളത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ 54-ാം സ്ഥാനത്തായിരുന്നു ന്യൂഡെല്‍ഹി.

മലേഷ്യയിലെ കോലാലംപ്പൂര്‍, ഫിലാഡല്‍ഫിയ തുടങ്ങിയ നഗരങ്ങളാണ് റാങ്കിംഗില്‍ മുംബൈയ്ക്ക് മുന്നിലുള്ളത്. 2012ലാണ് മുംബൈ സൂചികയില്‍ ഏറ്റവും മികച്ച സ്ഥാനം നേടിയത്, 45-ാമത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ന്യൂഡെല്‍ഹിയുടെ ഏറ്റവും മികച്ച റാങ്ക് 48 ആയിരുന്നു. സൂചികയില്‍ 78-ാമതാണ് ബെംഗളൂരു ഇടം നേടിയിരിക്കുന്നത്. 2012ല്‍ 58-ാം സ്ഥാനത്തായിരുന്നു ബെംഗളൂരു. കഴിഞ്ഞ വര്‍ഷത്തെ 81-ാം സ്ഥാനത്തുനിന്നും ചെന്നൈ ഈ വര്‍ഷം 82-ാം സ്ഥാനത്തെത്തി. ഹൈദരാബാദ് 84-ാം സ്ഥാനത്തും സൂറത്ത് 125-ാം സ്ഥാനത്തും അഹമ്മദാബാദ് 108-ാം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട്.

ഓരോ നഗരങ്ങളുടെയും നിലവിലെ പ്രകടനത്തിന്റെ വിലയിരുത്തിയാണ് എടി കെര്‍ണി ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് തയാറാക്കിയിട്ടുള്ളത്. ബിസിനസ് പ്രവര്‍ത്തനം, മാനവ മൂലധനം, വിവരങ്ങളുടെ കൈമാറ്റം, സാംസ്‌കാരിക പാരമ്പര്യം, രാഷ്ട്രീയപരമായ ഇടപെടല്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി 27 ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളുടെ പ്രകടനം വിലയിരുത്തിയത്.

നഗരങ്ങളുടെ ആഗോള തലത്തിലെ സാന്നിധ്യം, പ്രകടനം, വികസനം തുടങ്ങിയവയെ കുറിച്ചുള്ള നിരീക്ഷണങ്ങളും റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്. വ്യക്തികളുടെ ക്ഷേമം, സാമ്പത്തികം, ഇന്നൊവേഷന്‍, ഭരണം തുടങ്ങിയ നാല് വിഭാഗങ്ങളിലായി 13 ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നഗരങ്ങളുടെ ഭാവി സാധ്യതകളെ കുറിച്ചും റിപ്പോര്‍ട്ട് വിലയിരുത്തിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories