സംസ്ഥാനത്ത് 6 കോടി 34 ലക്ഷം രൂപയുടെ കൃഷി നാശം

സംസ്ഥാനത്ത് 6 കോടി 34 ലക്ഷം രൂപയുടെ കൃഷി നാശം

ബുധനാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് നിഗമനം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 6 കോടി 34 ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടായതായി റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമ സഭയില്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് 2784 കര്‍ഷകരുടെ 188.41 ഹെക്ടര്‍ കൃഷിയാണ് നശിച്ചതെന്നും ഇവര്‍ക്ക് ഹെക്റ്ററിന് 18,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

മഴ കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിനായി തീരദേശ ജില്ലകള്‍ക്ക് 50 ലക്ഷം രൂപ അനുവദിച്ചെന്നും മറ്റ് ജില്ലകള്‍ക്ക് ആവശ്യാനുസരണം സഹായധനം നല്‍കുമെന്നും റവന്യൂമന്ത്രി നിയമസഭയെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വീട് നഷ്ടമായവര്‍ക്കും ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തിനു പുറമെ അധിക ധനസഹായം ഉറപ്പാക്കുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.

മലയോര മേഖലയില്‍ പൂര്‍ണമായി വീട് നഷ്ടമായവര്‍ക്ക് 1,00,900 രൂപയും, മറ്റുള്ളവര്‍ക്ക് 95,100 രൂപയുമാണ് ആണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കടല്‍ ക്ഷോഭത്തില്‍ വീട് നശിച്ചവര്‍ക്ക് 4 ലക്ഷം രൂപ വീതമാണ് നല്‍കുക. ബുധനാഴ്ച വരെ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തീരപ്രദേശത്ത് താമസിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും ആറുകളും തോടുകളും കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രതാനിര്‍ദേശമുണ്ട്.

ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയെന്നും, കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയെന്നും റവന്യൂമന്ത്രി നിയമസഭയെ അറിയിച്ചു.

Comments

comments

Categories: Slider, Top Stories