ഇനിയും നേരം വെളുക്കാത്ത നമ്മള്‍

ഇനിയും നേരം വെളുക്കാത്ത നമ്മള്‍

കൃത്രിമ ബുദ്ധിയുടെയും റോബോട്ടിക്‌സിന്റെയും അനന്ത സാധ്യതകള്‍ ഇപ്പോള്‍ തന്നെ ലോകത്തെ വിസ്മയിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. വരുന്ന പതിറ്റാണ്ടുകളില്‍ കൃത്രിമ ബുദ്ധിയാവും നാടു വാഴുക. ഭാവി മുന്നില്‍ കണ്ട് നാം പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ട സമയമായിരിക്കുന്നെന്ന് നിരീക്ഷിക്കുകയാണ് ലേഖകന്‍.

ഓണ്‍ലൈന്‍ റീട്ടെയ്ല്‍ രംഗത്തെ രാജാവായ ആലിബാബ എന്ന കമ്പനി രസകരമായ ഒരു പരീക്ഷണം അടുത്തിടെ നടത്തുകയുണ്ടായി. ഓണ്‍ലൈനിലൂടെ ജിഞ്ചര്‍ ടീ ഓര്‍ഡര്‍ ചെയ്ത നാനൂറ്റി അന്‍പത് പേര്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ ആളില്ലാ വിമാനമായ ഡ്രോണുകളുടെ സഹായത്തോടെ അത് എത്തിച്ച് നല്‍കി. ചൈനയിലാണ് ആലിബാബ ഈ പരീക്ഷണം നടത്തിയത്.

അനുദിനം ലോകം പുതിയ വേഷങ്ങള്‍ അണിയുന്നത് അത്ഭുതത്തോടെ നാം നോക്കി നില്‍ക്കുകയാണ്. മനുഷ്യഭാവനയില്‍ വിരിഞ്ഞ പലതും യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു. ഹോളിവുഡ് സിനിമകളില്‍ കണ്ട ഫാന്റസികളില്‍ പലതും യഥാര്‍ത്ഥ രൂപത്തില്‍ നമുക്ക് മുന്നിലേക്ക് എത്തി തുടങ്ങി.

ഡ്രൈവറില്ലാത്ത കാറുകള്‍ നിരത്തിലിറങ്ങി തുടങ്ങിയിരിക്കുന്നു. കൊറിയര്‍ കമ്പനികളും ഡ്രോണുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള പരീക്ഷണങ്ങള്‍ തുടങ്ങി കഴിഞ്ഞു. രോഗനിര്‍ണയങ്ങള്‍ക്കും ശസ്ത്രക്രിയകള്‍ക്കും റോബോട്ടുകള്‍ ഉപയോഗിക്കപ്പെടുന്നു. ജപ്പാനിലെ റെസ്റ്ററന്റുകളില്‍ പച്ചക്കറി അരിയാനും കാപ്പി ഉണ്ടാക്കുവാനും റോബോട്ടുകളെ ഉപയോഗിക്കുന്നു. റോബോട്ടുകള്‍ റിസപ്ഷനിസ്റ്റുകളും, ക്ലീനര്‍മാരുമായി ജോലി ചെയ്യുന്നു. കെട്ടിടങ്ങള്‍ പരിശോധിക്കുവാനും നിരീക്ഷിക്കുവാനും ക്രിമിനലുകള്‍ ഒളിച്ചിരിക്കുന്ന സ്ഥാനം കണ്ടെത്താനുമായി പൊലീസും റോബോട്ടുകളുടെ സഹായം തേടുന്നുണ്ട്. കാലിഫോര്‍ണിയയില്‍ ഒരു അധ്യാപികയുടെ അസിസ്റ്റന്റ് ആയി റോബോട്ട് സേവനമനുഷ്ഠിക്കുന്നുണ്ട്.

അത്ഭുതദ്വീപിലെ കഥയല്ലിത്. കണ്മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഇവയൊക്കെയും. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ തുറകളിലേക്കും കൃത്രിമ ബുദ്ധി കടന്ന് വരികയാണ്. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിയിലെ ജീവിതത്തിന്റെ രസതന്ത്രം പൂര്‍ണമായും തിരുത്തിയെഴുതപ്പെടും. നാം യന്ത്രങ്ങളോട് സംസാരിക്കുവാന്‍ പഠിക്കും. അവരോട് ഇടപഴകുവാന്‍ പഠിക്കും. മനുഷ്യന്‍ മനുഷ്യന് സേവനം നല്‍കുന്ന എല്ലാ മേഖലകളിലേക്കും കൃത്രിമ ബുദ്ധിയുടെ കടന്നുകയറ്റം സംഭവിക്കും.

ആലോചിച്ച് നോക്കൂ…, രാവിലെ എഴുനേല്‍ക്കുമ്പോള്‍ കയ്യില്‍ ചൂട് കാപ്പിയുമായി ഒരു റോബോട്ട് നമ്മെ സ്വാഗതം ചെയ്യുന്നത്. കണ്ണ് തിരുമ്മി നോക്കേണ്ട! ഇത് സ്വപ്നമല്ല. ഭാര്യ അടുത്ത് കിടന്ന് സുഖമായി ഉറങ്ങുന്നുണ്ടാകും. റോബോട്ട് അടുക്കള ജോലികളെല്ലാം നിര്‍വഹിക്കും. ഭക്ഷണം ചൂടോടെ തീന്‍ മേശയില്‍ നിരത്തും. ഭക്ഷണം കഴിച്ച് കാറില്‍ കയറി ഇരുന്നാല്‍ കാര്‍ തനിയെ ഡ്രൈവ് ചെയ്ത് ഓഫീസില്‍ എത്തിക്കും. ആ സമയം നമുക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാം. കമ്പ്യൂട്ടറില്‍ ജോലി ചെയ്യാം, ഗെയിം കളിക്കാം, പാട്ട് കേള്‍ക്കാം, ഫോണ്‍ വിളിക്കാം, അങ്ങനെ പലതും.

നമ്മുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ തുറകളിലേക്കും കൃത്രിമ ബുദ്ധി കടന്ന് വരികയാണ്. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിയിലെ ജീവിതത്തിന്റെ രസതന്ത്രം പൂര്‍ണമായും തിരുത്തിയെഴുതപ്പെടും. നാം യന്ത്രങ്ങളോട് സംസാരിക്കുവാന്‍ പഠിക്കും. അവരോട് ഇടപഴകുവാന്‍ പഠിക്കും. മനുഷ്യന്‍ മനുഷ്യന് സേവനം നല്‍കുന്ന എല്ലാ മേഖലകളിലേക്കും കൃത്രിമ ബുദ്ധിയുടെ കടന്നുകയറ്റം സംഭവിക്കും.

തൊഴില്‍ മേഖലകളിലും സമൂല മാറ്റം സംഭവിക്കും. ഇന്നുള്ള പല തൊഴിലുകളും അപ്രത്യക്ഷമാകും. പുതിയ തൊഴിലുകള്‍ ഉടലെടുക്കും. കഠിനമായ മനുഷ്യപ്രയത്‌നം ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ റോബോട്ടുകള്‍ പിടിമുറുക്കും. മനുഷ്യന്‍ ഇന്ന് ചെയ്യുന്ന ജോലികളില്‍ പലതും റോബോട്ടും മറ്റ് മെഷീനുകളും കൂടി ചെയ്യും. ഒരു കെട്ടിടം പെയിന്റ് ചെയ്യാനോ, സാധനങ്ങള്‍ എടുത്ത് വെക്കാനോ, പാചകം ചെയ്യാനോ ഒന്നും മനുഷ്യന്റെ ആവശ്യം ഇല്ലാതെയാകും. മനുഷ്യന്റെ ഇന്നുള്ള വിലപേശല്‍ തന്ത്രങ്ങള്‍ വിലപ്പോകാതെ വരും. മനുഷ്യ വിഭവശേഷി മാനേജ്മെന്റ് ശാഖക്ക് പുറമേ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് റിസോഴ്‌സ് മാനേജ്മെന്റ് എന്ന ശാഖ കൂടി ഉടലെടുക്കും.

റോബോട്ടുകളെയും മെഷീനുകളെയും സഹായിക്കുന്ന തലത്തിലേക്ക് മനുഷ്യ പ്രയത്‌നത്തിന്റെ രീതികള്‍ മാറ്റപ്പെടും. ഒരു ആശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കാന്‍ നേഴ്‌സ്മാര്‍ക്ക് പകരം റോബോട്ടുകള്‍ ആകുന്ന കാര്യം ആലോചിക്കുക. വേതന വര്‍ധനവിന്റെ പ്രശ്‌നം ഉദിക്കില്ല. ഷിഫ്റ്റുകളുടെ പ്രശ്‌നങ്ങളില്ല. പണി ചെയ്ത് തളര്‍ന്നു എന്ന പരാതികളില്ല. കസേരയുടെ രൂപത്തിലുള്ള ഒരു കൊറിയന്‍ റോബോട്ട് സ്വയം ആളുകളെ കയറ്റി ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കുന്നു. ആശുപത്രിയിലേക്ക് ചെല്ലുന്ന രോഗിയുടെ മുന്നിലേക്ക് വീല്‍ചെയര്‍ സ്വയം ഓടിയെത്തും. ഒന്നും അസംഭവ്യമല്ല.

ലോകത്തില്‍ നടക്കുന്ന ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ നാം ഇനിയും തയ്യാറായിട്ടില്ല എന്നതാണ് ദുഃഖകരമായ സത്യം. ഇന്നും പരമ്പരാഗതമായ തൊഴിലുകള്‍ തന്നെ നമുക്ക് മുഖ്യം. കേരളത്തിലെ മനുഷ്യ വിഭവശേഷി കൂടുതല്‍ ബുദ്ധിപരമായി ആസൂത്രണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യേണ്ട സമയമായി. ലോകത്തെയാകെ വിവരസാങ്കേതിക വിദ്യ കീഴടക്കും. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ കൃത്രിമ ബുദ്ധിയിലും റോബോട്ടിക്‌സിലും ഉടലെടുക്കും. അപ്പോഴും നമ്മള്‍ നേരം വെളുക്കാത്തവരായി ജീവിച്ചുകൊണ്ടിരിക്കും.

തൊഴിലില്ലാത്ത അഭ്യസ്ത്യവിദ്യരായ ചെറുപ്പക്കാരെ ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ കുമിഞ്ഞു കൂടുന്ന ഈ മേഖലകളിലേക്ക് തിരിച്ച് വിടാന്‍ കഴിയണം. ഈ മേഖലകളില്‍ ഗവേഷണം നടത്തുന്ന ഭീമന്മാര്‍ കേരളത്തിലെത്തണം. കാലത്തെ മുന്നില്‍ കണ്ടുകൊണ്ട് നാം സഞ്ചരിക്കണം. കോടികള്‍ മുടക്കി പണിത ശേഷം പഠിക്കാന്‍ കുട്ടികളില്ലാതെ പൂട്ടല്‍ ഭീഷണിയില്‍ നില്‍ക്കുന്ന എഞ്ചിനീയറിംഗ് കോളോജുകളൊക്കെ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു.

നാടോടുമ്പോള്‍ നടുവേ ഓടാന്‍ നാം മടിക്കേണ്ടതുണ്ടോ?

Comments

comments

Categories: FK Special, Slider