അഞ്ച് വര്‍ഷത്തിനുള്ളില്‍ ടെസ്‌ലയുടെ ഹാച്ച്ബാക്ക്

അഞ്ച് വര്‍ഷത്തിനുള്ളില്‍ ടെസ്‌ലയുടെ ഹാച്ച്ബാക്ക്

കോംപാക്റ്റ് കാര്‍ വിപണിയിലെത്തിക്കുമെന്ന് പറഞ്ഞതല്ലാതെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : അമേരിക്കന്‍ കമ്പനിയായ ടെസ്‌ല അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് ഹാച്ച്ബാക്ക് വിപണിയിലെത്തിക്കും. പുതിയ ജിഗാഫാക്ടറി, ‘മോഡല്‍ വൈ’ ഫുള്‍ സൈസ് എസ്‌യുവി, പുറത്തിറക്കാനിരിക്കുന്ന സെമി ലോറിയുടെ റീഡിസൈന്‍, മൂന്നാം തലമുറ സൂപ്പര്‍ചാര്‍ജര്‍ എന്നിവയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടെസ്‌ലയുടേതായി പ്രവര്‍ത്തനമാരംഭിക്കുകയും വിപണിയിലെത്തുകയും ചെയ്യും. ടെസ്‌ല ഓഹരിയുടമകളുടെ വാര്‍ഷിക യോഗത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌കാണ് ഫ്യൂച്ചര്‍ പ്ലാനുകള്‍ വെളിപ്പെടുത്തിയത്.

മോഡല്‍ വൈ അടുത്ത വര്‍ഷം മാര്‍ച്ചില്‍ അനാവരണം ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക് സ്ഥിരീകരിച്ചിട്ടുണ്ട്. 2020 ആദ്യ പകുതിയില്‍ ഉല്‍പ്പാദനം ആരംഭിക്കും. എസ്‌യുവിയുടെ രണ്ടാമത്തെ പ്രിവ്യൂ ചിത്രം പുറത്തുവിട്ടിരുന്നു. വര്‍ധിച്ചുവരുന്ന എസ്‌യുവി ആവശ്യകത കണക്കിലെടുത്ത് മോഡല്‍ വൈ പുറത്തിറക്കിയാല്‍ ബെസ്റ്റ് സെല്ലിംഗ് കാറായി അത് മാറുമെന്ന് ടെസ്‌ല പ്രതീക്ഷിക്കുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ കോംപാക്റ്റ് കാര്‍ വിപണിയിലെത്തുമെന്ന് പറഞ്ഞതല്ലാതെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇലോണ്‍ മസ്‌ക് തയ്യാറായില്ല. ഇലോണ്‍ മസ്‌കിന്റെ ഏറ്റവും ശ്രദ്ധേയ പ്രഖ്യാപനം ഇതായിരുന്നു.

ടെസ്‌ല പുറത്തിറക്കാനിരിക്കുന്ന സെമി ലോറിയുടെ റീഡിസൈന്‍ ഉണ്ടാകുമെന്ന് ഇലോണ്‍ മസ്‌ക് സൂചന നല്‍കി. ലോകത്ത് എല്ലായിടത്തും നിയമാനുസൃതം ഓടുന്നതിന് ട്രക്കിനെ അനുയോജ്യമാക്കുകയാണ് ചെയ്യുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിക്കവരും ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ റേഞ്ച് (ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ സഞ്ചരിക്കുന്ന ദൂരം) സെമി ലോറിക്ക് ഉണ്ടാകുമെന്ന് മസ്‌ക് അവകാശപ്പെട്ടു. സെമി ലോറിക്ക് 900 കിലോമീറ്ററിലധികം റേഞ്ച് ഉണ്ടാകുമെന്നാണ് നിലവിലെ അവകാശവാദം.

മോഡല്‍ വൈ 2019 മാര്‍ച്ചില്‍ അനാവരണം ചെയ്യും. 2020 ആദ്യ പകുതിയില്‍ ഉല്‍പ്പാദനം ആരംഭിക്കും

അനാവരണം ചെയ്തപ്പോഴത്തേക്കാള്‍ മികച്ച വാഹനങ്ങളായിരിക്കും യഥാര്‍ത്ഥത്തില്‍ സെമി ലോറിയും റോഡ്‌സ്റ്ററുമെന്ന് മസ്‌ക് പറഞ്ഞു. നേരത്തെ അനാവരണം ചെയ്ത റോഡ്‌സ്റ്റര്‍ മോഡലിന് (ബേസ് വേരിയന്റ്) 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് കേവലം 1.9 സെക്കന്‍ഡ് മതി. ഇലോണ്‍ മസ്‌ക് പറഞ്ഞത് അനുസരിച്ചാണെങ്കില്‍ ഈ സമയം ഇനിയും കുറയും. ‘സ്‌പേസ് എക്‌സ് ഓപ്ഷന്‍ പാക്കേജ്’ സഹിതമുള്ള പെര്‍ഫോമന്‍സ് വേര്‍ഷനായിരിക്കും ഏറ്റവും കൂടുതല്‍ റേഞ്ച്.

Comments

comments

Categories: Auto