ട്രംപിന്റെ അമേരിക്കയില്‍ ബുദ്ധിമുട്ടുന്ന കമ്പനികള്‍

ട്രംപിന്റെ അമേരിക്കയില്‍ ബുദ്ധിമുട്ടുന്ന കമ്പനികള്‍

ട്രംപ് പിടിവാശിക്കാരനായതോടെ ആ രാജ്യത്തെ മാറുന്ന നയങ്ങളോട് താദാത്മ്യം പ്രാപിക്കുകയാണ് ഇന്ത്യന്‍ ഐടി കമ്പനികള്‍. ഇതിനോടകം തന്നെ 4,000 അമേരിക്കക്കാരെ ജോലിക്കെടുത്തുവെന്ന ഇന്‍ഫോസിസിന്റെ പ്രഖ്യാപനം അത് സാക്ഷ്യപ്പെടുത്തുന്നു

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റത് മുതല്‍ അവിടുത്തെ ഇന്ത്യന്‍ ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര സുഗമമല്ല. സ്വതന്ത്ര വിപണി എന്ന ആശയത്തില്‍ യാതൊരുവിധ താല്‍പ്പര്യവുമില്ലാത്ത ആളാണ് സംരംഭകനില്‍ നിന്ന് പ്രസിഡന്റ് പദവിയിലേക്കെത്തിയ ട്രംപ്. സംരംഭകനെന്ന നിലയ്ക്കും ട്രംപിനുള്ളത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ തന്നെയാണെന്നതാണ് വസ്തുത. തുറന്ന സമഹൂമായിരുന്നു അമേരിക്കയുടെ അസ്തിത്വമെങ്കില്‍ ഇരുളടഞ്ഞ, സംരക്ഷണവാദത്തിലധിഷ്ഠിതമായ ആശയസംഹതയിലാണ് ട്രംപിന്റെ വിശ്വാസം. പ്രവര്‍ത്തനങ്ങളും അതനുസരിച്ച് തന്നെ. എന്തായാലും ട്രംപിന്റെ അമേരിക്കയിലേക്ക് ജോലിക്കായി കുടിയേറുകയെന്നത് വളരെ ശ്രമകരമായ കാര്യമായി മാറിക്കഴിഞ്ഞു.

സൗദിയിലെ നിതാഖത് പോലെയൊന്നുമല്ലെങ്കിലും സ്വദേശിവല്‍ക്കരണത്തിന്റെ വേറൊരു പതിപ്പില്‍ തന്നെയാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെങ്കിലും ട്രംപ് വിശ്വസിക്കുന്നത്. നയങ്ങള്‍ മാറിയതോടെ പുറമെനിന്നുള്ള കമ്പനികള്‍ അമേരിക്കക്കാര്‍ക്ക് ജോലി കൊടുത്തേ മതിയാകൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. എന്തായാലും അമേരിക്കയുടെ മാറുന്ന നയങ്ങള്‍ക്കനുസരിച്ച് നില്‍ക്കാന്‍ തന്നെയാണ് ഇന്ത്യന്‍ ഐടി കമ്പനികളുടെയും നിലപാടെന്ന് വ്യക്തമാവുകയാണ്.

കഴിഞ്ഞ ദിവസം ഇന്‍ഫോസിസ് സിഇഒ സലില്‍ പരീഖ് പറഞ്ഞത് 10,000 തദ്ദേശീയരെ അമേരിക്കയില്‍ ജോലിക്കെടുക്കാനാണ് ഇന്‍ഫോസിസിന്റെ പദ്ധതിയെന്നും ഇതില്‍ 4,000 പേരെ റിക്രൂട്ട് ചെയ്തതായുമാണ്. 800 പേരെ കോളെജ് റിക്രൂട്ട്‌മെന്റ് വഴിയാണെടുത്തത്. ട്രംപ് നയം കടുപ്പിച്ചതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനുകളാണ് നില്‍ക്കുന്നത്. ഒന്നുകില്‍ അവിടുത്തെ നയങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് അതനുസരിച്ച് പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ ബിസിനസ് വിഹിതത്തില്‍ ഇടിവ് നേരിടുക. ഇന്‍ഫോസിസ് ആദ്യ ഓപ്ഷനാണ് സ്വീകരിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്.

ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് അമേരിക്കയിലുള്ള വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. 2017 ജനുവരിയിലായിരുന്നു അമേരിക്ക ഫസ്റ്റ് പോളിസി എന്ന നയം ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കയുടെ സൗഹൃദ വ്യാപാര പങ്കാളികളായ ഇന്ത്യ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, മെക്‌സിക്കോ എന്നിവരെയെല്ലാം ഈ നയം ബാധിച്ചു. ട്രാന്‍സ്പസിഫിക്ക് പാര്‍ട്ണര്‍ഷിപ്പില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, ലോകവ്യാപാര സംഘടനയുമായി ബന്ധപ്പെട്ടുയര്‍ന്ന അഭിപ്രായ വ്യത്യാസങ്ങള്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍-അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 25 ശതമാനത്തിന്റെയും 10 ശതമാനത്തിന്റെയും താരിഫ്…ഇങ്ങനെ സ്വതന്ത്ര വ്യാപാരത്തെ കൊല്ലുന്ന പലതരത്തിലുള്ള തലതിരിഞ്ഞ നിലപാടുകളാണ് ട്രംപ് കൈക്കൊണ്ടത്. അമേരിക്ക ഫസ്റ്റ് എന്നാല്‍ ബാക്കി രാജ്യങ്ങളെ പരിഗണിക്കാതെയും ഉള്‍ക്കൊള്ളാതെയും ഉള്ള വികസനനയമല്ല എന്ന ബോധ്യമാണ് ആദ്യം ട്രംപിന് വേണ്ടത്.

ഒരു കാര്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓര്‍ക്കുന്നത് നല്ലതാണ്. അമേരിക്കയെ മഹാരഥന്‍മാര്‍ കെട്ടിപ്പൊക്കിയത് ഇത്ര അടഞ്ഞ ആശയസംഹിതകളുടെ പുറത്തല്ല. തുറന്ന മനോഭാവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അതുകൊണ്ടാണ് അമേരിക്കയില്‍ നിന്നും പല ഇന്നൊവേഷനുകളും പിറക്കാന്‍ കാരണം. അങ്ങനൊരു നാട്ടില്‍ ബിസിനസ് ഏത് തരത്തിലാകണമെന്നെല്ലാം നിര്‍ദേശിക്കുന്നത് ശരിയല്ല.

Comments

comments

Categories: Editorial, Slider
Tags: Trump