ജിഎസ്ടി വിമര്‍ശകരോട് അരവിന്ദ് സുബ്രഹ്മണ്യം

ജിഎസ്ടി വിമര്‍ശകരോട് അരവിന്ദ് സുബ്രഹ്മണ്യം

ജിഎസ്ടിയെന്ന വിപ്ലവകരമായ നികുതി പരിഷ്‌കാരം രാജ്യത്ത് നടപ്പാക്കിയിട്ട് ജൂലൈ ഒന്നിന് ഒരു വര്‍ഷം തികയാനൊരുങ്ങുകയാണ്. ആദ്യ മാസങ്ങളിലെ ആശങ്കകളെയും ആശയക്കുഴപ്പങ്ങളെയും അതിജീവിച്ച് സംവിധാനം ക്രമേണ ജനജീവിതത്തിന്റെ ഭാഗമാകുന്നതാണ് സമീപകാലത്തെ കാഴ്ച. ഈ അവസരത്തില്‍, ജിഎസ്ടിയെ നിശിതമായി വിമര്‍ശിച്ച വിദഗ്ധരെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് ഐഎംഎഫിന്റെ പ്രസിദ്ധീകരണമായ ‘ഫിനാന്‍സ് ആന്‍ഡ് ഡെവലപ്പ്‌മെന്റ്’ലൂടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. പൂര്‍ണമായ നികുതി സമ്പ്രദായത്തെക്കാള്‍ നിരന്തരം അവലോകനം ചെയ്ത് തിരുത്തുന്ന സംവിധാനമാണ് ഇന്ത്യക്ക് അഭികാമ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), മൂന്നു മാസങ്ങള്‍ കൂടുമ്പോള്‍ ‘ഫിനാന്‍സ് ആന്‍ഡ് ഡെവലപ്പ്‌മെന്റ്’ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം പുറത്തിറക്കാറുണ്ട്. ഇത്തവണത്തെ പുസ്തകത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ അഭിമുഖമാണ്. രാജ്യത്തെ നികുതി സമ്പ്രദായത്തെയാകെ പൊൡച്ചു പണിത ചരക്ക് സേവന നികുതിയുടെ നടപ്പാക്കലിനെയും ഭാവിയെയും കുറിച്ചാണ് അദ്ദേഹം പ്രധാനമായും മറുപടി പറഞ്ഞത്. പ്രൊഫഷണല്‍ സാമ്പത്തിക വിദഗ്ധരില്‍ അപൂര്‍വമായി മാത്രം കാണാവുന്ന സത്യസന്ധത എടുത്തുകാട്ടുന്നതാണ് അരവിന്ദിന്റെ അഭിമുഖമെന്നാണ് പൊതുവെ ധനകാര്യ ലോകം വിലയിരുത്തുന്നത്.

2017 ജൂലൈ ഒന്നാം തീയതി അര്‍ദ്ധരാത്രി അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ജിഎസ്ടിയുടെ വിളക്ക് തെളിയിച്ചതിന് ശേഷം വിമര്‍ശനങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. വളരെ മോശമായി രൂപകല്‍പ്പന ചെയ്തതും ധൃതിപിടിച്ച് നടപ്പിലാക്കിയതുമാണ് പുതിയ നികുതി സംവിധാനമെന്ന് പല സാമ്പത്തിക വിദഗ്ധരും തുടര്‍ച്ചായി ആക്ഷേപിച്ചു. എന്തുകൊണ്ടാണ് ഇത്ര തിടുക്കപ്പെട്ട് ജിഎസ്ടി നടപ്പാക്കിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സുബ്രഹ്മണ്യന്‍ അഭിമുഖത്തില്‍ നല്‍കിയിട്ടുണ്ട്. കൃത്യമായി രൂപകല്‍പ്പന ചെയ്ത പദ്ധതിയെന്നതിനേക്കാള്‍ തിരുത്തേണ്ടത് തിരുത്താനുള്ള സന്നദ്ധതയാണ് അന്തിമമായി വിലമതിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പദ്ധതി നടപ്പാക്കാതെ അത് മികച്ചതാണോയെന്ന് ആര്‍ക്കെങ്കിലും പ്രവചിക്കാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദ്യശരമെയ്യുന്നു. യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തേക്കെത്തുമ്പോള്‍ സിദ്ധാന്തങ്ങള്‍ അപൂര്‍വമായി മാത്രമേ പദ്ധതിയിട്ടതു പോലെ നടക്കാറുള്ളുവെന്ന് പരോക്ഷമായി അംഗീകരിക്കാനുള്ള സത്യസന്ധത അരവിന്ദ് സുബ്രഹ്മണ്യന്‍ പ്രകടിപ്പിക്കുന്നു എന്നതാണ് അഭിമുഖത്തെ ശ്രദ്ധേയമാക്കുന്നത്.

 

നടപ്പാക്കിയ ശേഷമുള്ള ഒരു വര്‍ഷക്കാലയളവിനിടെ ജിഎസ്ടി ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത് അതിന്റെ നികുതി ഘടനയുടെ പേരിലാണ്. സരളമായ നികുതി എന്ന പേരിലെത്തിയ സംവിധാനം നിലനിന്നിരുന്ന സംവിധാനത്തേക്കാള്‍ സംഭ്രമിപ്പിക്കുന്നതാണെന്നായിരുന്നു മുഖ്യ ആരോപണം. നിരവധി സ്ലാബുകളില്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടി ഘടനയെ മുന്‍ ധനമന്ത്രിയും പ്രതിപക്ഷ നേതാവുമായ പി ചിദംബരത്തെ പോലെയുള്ള രാഷ്ട്രീയക്കാരടക്കം ശക്തമായി വിമര്‍ശിച്ചു. നികുതി സംവിധാനം വികലവും അസംബന്ധവുമാണെന്ന് മുദ്ര കുത്തിയ ഇവര്‍ നടപ്പാക്കല്‍ മൂലം വിലക്കയറ്റമുണ്ടാകുമെന്നും പ്രവചിച്ചു.

 

എന്നാല്‍ മിക്കവാറും ധനകാര്യ വിദഗ്ധരും അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികളും സര്‍ക്കാരും അഭിപ്രായപ്പെട്ടതു പോലെ തുടക്കത്തിലുണ്ടായിരുന്ന ആശയക്കുഴപ്പത്തിന് ഇപ്പോള്‍ ഏകദേശ ശമനമായിരിക്കുന്നു. നിരന്തര നിരീക്ഷണങ്ങളിലൂടെ ജിഎസ്ടി ഘടനയില്‍ വരുത്തിയ പരിഷ്‌കാരം വില പിടിച്ചു നിര്‍ത്താനും സഹായകരമായിട്ടുണ്ടെന്ന് കാണാനാവും. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ച് നടപടികളൊന്നുമെടുക്കാതെ തന്നെ നികുതി വരുമാനവും ഉയര്‍ന്നിരിക്കുന്നു. ഏപ്രില്‍ മാസത്തിലെ ജിഎസ്ടി നികുതി ഒരു ലക്ഷം കോടി രൂപ കവിഞ്ഞിരുന്നു. കഴിഞ്ഞ മാസത്തെ ജിഎസ്ടി നികുതി പിരിവ് 94,000 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ ശരാശരി നികുതി പിരിവിനേക്കാള്‍ ഉയര്‍ന്ന വരുമാനമാണിത്. വരും മാസങ്ങളില്‍ നികുതി പണം തുടര്‍ച്ചായി വര്‍ധിക്കുമെന്നുമാണ് പ്രതീക്ഷ. വിലക്കയറ്റലും പണപ്പെരുപ്പവും സംബന്ധിച്ച്, പി ചിദംബരം മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വരെയുള്ള മിക്ക വിദഗ്ധരുടെയും പ്രവചനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടുവെന്നതും അവഗണിക്കേണ്ട വസ്തുതയല്ല.

 

നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയ ജിഎസ്ടി ഏറ്റവും നൂതനമാണ് എന്ന് അവകാശപ്പെടുന്നില്ലെന്ന് തന്നെ അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു വെക്കുന്നു. എന്നാല്‍, ഇന്ത്യയെപ്പോലെ അതിസങ്കീര്‍ണമായ സമ്പദ് വ്യവസ്ഥയില്‍ പരീക്ഷിച്ചു നോക്കാതെ ഒരു സംവിധാനവും അന്തിമമായി രൂപകല്‍പ്പന ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്നതാണ് വസ്തുത. പദ്ധതികളെ ദിവ്യഗര്‍ഭധാരണം നടത്താന്‍ ആവില്ല. പകരം അവ മെച്ചപ്പെടുത്തുന്നതിനുള്ള ചുറുചുറുക്കാണ് നാം കാട്ടേണ്ടത്. ജിഎസ്ടി നിരക്കുകള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുകയും പരിഷ്‌കരിക്കുകയും ചെയ്തു. വ്യാപാരികള്‍ക്കായി, നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആയാസരഹിതമാക്കുകയും വൈകിയതിന്റെ പേരില്‍ ചുമത്തുന്ന പിഴ കുറക്കുകയും ചെയ്തുകൊണ്ട് കൂടുതല്‍ വഴക്കം സൃഷ്ടിച്ചെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വ്യക്തമാക്കുന്നു.

 

നികുതിയുടെ പ്രമാണങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത് ഏകീകൃത അടിസ്ഥാന നികുതി നിരക്കാണ്. ഇതിനോടൊപ്പം വിദ്യാഭ്യാസം പോലെ കുറഞ്ഞ നികുതി നിരക്കുള്ള അവശ്യ സേവനങ്ങളായ ‘മെറിറ്റ്’ ഉല്‍പന്ന-സേവനങ്ങള്‍ക്ക് ഇളവുകളും കൂടിയ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്ന സിഗരറ്റ് പോലെയുള്ള ഡീ-മെറിറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക സെസുകളും ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്യപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ലളിതമായ, മൂന്ന് നിരക്കുകളുള്ള ഘടന. എന്നാല്‍ ഇന്ത്യയുടെ ജിഎസ്ടിക്ക് അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം തുടങ്ങിയ നാല് അടിസ്ഥാന നിരക്കുകള്‍ മാത്രമല്ല സെസ് കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള മറ്റൊരു ഉയര്‍ന്ന നിരക്ക് കൂടിയുണ്ട്.

രജിസ്റ്റര്‍ ചെയ്യുന്ന നികുതിദായകരുടെ എണ്ണത്തില്‍ ഏകദേശം 50 ശതമാനം വര്‍ധനയാണുണ്ടായത്. നികുതിദായകരുടെ രജിസ്‌ട്രേഷനില്‍ വന്‍ വര്‍ധനയ്ക്കാണ് നാം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മെച്ചപ്പെട്ട നിയമ അനുവര്‍ത്തിത്തത്തിലേക്ക് ഇത് നയിക്കും. സംവിധാനം സുസ്ഥിരമായിക്കഴിഞ്ഞാല്‍, ജിഡിപിയിലേക്ക് ഒന്നു മുതല്‍ 1.5 ശതമാനം വരെ അധികവരുമാനം ജിഎസ്ടിയില്‍ നിന്ന് ലഭിക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍.

സിദ്ധാന്തവും പ്രയോഗവും തമ്മിലുണ്ടായ വ്യതിചലനത്തിന്റെ കാരണവും സുബ്രഹ്മണ്യന്‍ വിശദീകരിക്കുന്നു. ”തത്വത്തില്‍, നികുതി വളരെ ലളിതമായിരിക്കണമെന്ന കാഴ്ചപ്പാടില്‍ എല്ലാവരുമെത്തി. പക്ഷേ… ഓരോ സംസ്ഥാനത്തിനും അവരുടേതായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ട്. ഏതെങ്കിലും ഉല്‍പന്നത്തിന്റെ നിര്‍മാതാക്കളായ ഒരു സംസ്ഥാനം ആ ഉല്‍പ്പന്നത്തിന്റെ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടും. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ലളിതമായ മൂന്ന് നിരക്ക് ഘടനയില്‍ നിന്ന് നാം വിട്ടുപോരണമെന്നത് രാഷ്ട്രീയത്തിന്റെ ആവശ്യമാണ്. നികുതി പ്രാവര്‍ത്തികമാക്കിയപ്പോള്‍, 28 ശതമാനമെന്ന ഉയര്‍ന്ന സ്ലാബ് ഉണ്ടായിരുന്നു. ഇത് നിരവധി നികുതി വെട്ടിപ്പുകളിലേക്ക് നയിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ജിഎസ്ടി കൗണ്‍സില്‍ 28 ശതമാനം നിരക്ക് കുറേശ്ശെയായി കുറയ്ക്കാന്‍ തുടങ്ങി. ഇത് പുരോഗതിയിലേക്കാണ് നയിച്ചത്. ഇനിയും കുറെ ദൂരം മുന്നോട്ടു പോകാനുണ്ട്. സമയം ചെല്ലുന്തോറും ലാളിത്യം കൈവരിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,”- അദ്ദേഹം പറഞ്ഞു. ഒരു മികച്ച ജിഎസ്ടി എന്നത് എല്ലാം തികഞ്ഞതായിരിക്കണമെന്നില്ല, മറിച്ച് ക്രമാനുഗതമായി മെച്ചപ്പെടുന്നതാവും.

സമ്പദ് വ്യവസ്ഥയില്‍ ജിഎസ്ടി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും സുബ്രഹ്മണ്യനോട് അഭിമുഖകാരന്‍ ചോദ്യമുന്നയിച്ചിരുന്നു. നികുതി വരുമാനത്തിനപ്പുറത്തേക്ക് ദൃഷ്ടിയൂന്നിയുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്. ”രജിസ്റ്റര്‍ ചെയ്യുന്ന നികുതിദായകരുടെ എണ്ണത്തില്‍ ഏകദേശം 50 ശതമാനം വര്‍ധനയാണുണ്ടായത്. നികുതിദായകരുടെ രജിസ്‌ട്രേഷനില്‍ വന്‍ വര്‍ധനയ്ക്കാണ് നാം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മെച്ചപ്പെട്ട നിയമ അനുവര്‍ത്തിത്തത്തിലേക്ക് ഇത് നയിക്കും. സംവിധാനം സുസ്ഥിരമായിക്കഴിഞ്ഞാല്‍, ജിഡിപിയിലേക്ക് ഒന്നു മുതല്‍ 1.5 ശതമാനം വരെ അധികവരുമാനം ജിഎസ്ടിയില്‍ നിന്ന് ലഭിക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. ഇന്ത്യക്കകത്ത് സാധനങ്ങളുടെയും സേവനങ്ങളുടെയും നീക്കത്തിനുള്ള പ്രതിബന്ധങ്ങള്‍ കുറഞ്ഞു വരും. അതുകൊണ്ടുതന്നെ, ആഭ്യന്തര വ്യാപാരത്തില്‍ വലിയ വര്‍ധനയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരര്‍ത്ഥത്തില്‍ ഇത് തീരുവ വെട്ടിച്ചുരുക്കല്‍ പോലെയാണ്. വ്യാപാരത്തിലേക്കും വളര്‍ച്ചയിലേക്കും ഇത് കൂട്ടിച്ചേര്‍ക്കപ്പെടുകയും നിക്ഷേപം നടത്താനുള്ള കൂടുതല്‍ ആകര്‍ഷകമായ ഇടമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാറുകയും ചെയ്യും,” അദ്ദേഹം വ്യക്തമാക്കി.

അതുകൊണ്ട്, ജിഎസ്ടി എന്നത് കേവലം മിതമായ നിരക്കും, ഉയര്‍ന്ന വരുമാനവും മാത്രമല്ല. ചരക്ക്, സേവനങ്ങള്‍ക്കായുള്ള ഒരൊറ്റ ദേശീയ വിപണിയുടെ സൃഷ്ടി കൂടിയാണിത്. നേട്ടങ്ങളുടെ പ്രവാഹം തന്നെ ഈ നികുതി വ്യവസ്ഥയ്ക്കുണ്ടെങ്കിലും അത് ഉടന്‍ ദൃശ്യമാകണമെന്നില്ല.

പ്രാബല്യത്തില്‍ വരുത്തുന്നതിനു മുന്‍പ് സംവിധാനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ജിഎസ്ടി കൂടുതല്‍ നന്നാവുമായിരുന്നില്ലേയെന്ന ചോദ്യത്തിന് പി ചിദംബരത്തിന്റെ കുറ്റപ്പെടുത്തലുകളെ മുന്‍നിര്‍ത്തിയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് മറുപടി പറഞ്ഞത്. ”ഇത്രയും ബൃഹത്തും സങ്കീര്‍ണവുമായ എന്തെങ്കിലും നടപ്പില്‍ വരുത്തുന്നതിന് ഒരിക്കലും ശരിയായ സമയം ഇല്ല. ചില രീതിയില്‍ ചിന്തിച്ചാല്‍ തയാറെടുപ്പ് നന്നായിരിക്കാം. എന്നാല്‍, യഥാര്‍ത്ഥ ലോകവും രാഷ്ട്രീയവും പ്രവര്‍ത്തിക്കുന്ന മാര്‍ഗം അതല്ല. ആ നിമിഷത്തെ പിടിച്ചെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ മികച്ച രീതിയില്‍ തയാറെടുത്തോ ഇല്ലയോ എന്നതല്ല അപ്പോള്‍ പ്രധാനം. പ്രശ്‌നങ്ങളോട് സജീവമായി പ്രതികരിക്കുന്ന സംവിധാനങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എന്നതാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി ഈ വിവേകപൂര്‍ണമായ പ്രസ്താവനയെ മോദി സര്‍ക്കാരിന്റെ ചരക്കു സേവന നികുതി ‘ഏറെ വികലമായതും പരഹാസ്യവു’മാണെന്ന് ആരോപിച്ച ചിദംബരത്തിന്റെ വിമര്‍ശനവുമായി താരതമ്യം ചെയ്യാം. യുപിഎ വിഭാവനം ചെയ്തിരുന്ന ജിഎസ്ടി അല്ല ഇതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഒരുപക്ഷേ, അതുകൊണ്ടായിരിക്കാം യുപിഎ സര്‍ക്കാര്‍ ജിഎസ്ടി ഒരിക്കലും നടപ്പിലാക്കാതിരുന്നത്. പരിപൂര്‍ണത ഉറപ്പാക്കല്‍ അസാധ്യമായിരുന്ന സാഹചര്യത്തിലും, പൂര്‍ണതയെ കുറിച്ച് അവര്‍ ഏറെ ഉത്കണ്ഠാകുലരായിരുന്നു.

 

 

 

Comments

comments

Categories: Business & Economy, Slider
Tags: GST

Related Articles