വേണ്ടത് മികച്ച നേതൃത്വം

വേണ്ടത് മികച്ച നേതൃത്വം

നമ്മുടെ പൊതുമേഖല ബാങ്കുകള്‍ വലിയ പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നേതൃനിരയില്‍ വേണ്ടത് പ്രൊഫഷണല്‍ മികവുള്ള പ്രതിഭകളാണ്

വലിയ പ്രതിസന്ധിയുടെ നടുവിലാണ് നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍. എന്നാല്‍ 21 പൊതുമേഖല ബാങ്കുകളില്‍ നാല് ബാങ്കുകള്‍ക്കും ഇപ്പോള്‍ തലപ്പത്ത് ആളില്ല. ഒരു ബാങ്കിന്റെ സിഇഒയെ ക്രമക്കേടുകളുടെ പേരില്‍ പുറത്താക്കി. വരുന്ന മാസങ്ങളില്‍ ഏകദേശം 9 ബാങ്കുകളുടെ നിലവിലെ മേധാവികളുടെ കാലാവധി അവസാനിക്കും. കിട്ടാക്കടം കൊണ്ട് പൊറുതി മുട്ടി ബാങ്കുകള്‍ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുമ്പോള്‍ മികച്ച നേതൃത്വവും ആവശ്യത്തിന് മാനവ വിഭവശേഷിയുമാണ് ബാങ്കുകള്‍ക്ക് വേണ്ടത്. ആ സാഹചര്യത്തിലാണ് മുകളില്‍ പറഞ്ഞ അവസ്ഥയെന്നത് ഒട്ടും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയല്ല.

ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം തുടക്കം മുതല്‍ ആന്ധ്ര ബാങ്കിനും ദേന ബാങ്കിനും പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്കിനും സിഇഒ ഇല്ല. കിട്ടാക്കടമെന്ന പ്രശ്‌നം രൂക്ഷമായ ഐഡിബിഐ ബാങ്കിന്റെ മേധാവിയെ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായും നിയമിച്ചു.

പൊതുമേഖല ബാങ്കുകളെ നയിക്കാന്‍ നല്ല മേധാവികളെ നിയമിക്കുകയെന്നതാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ട വിഷയം. സ്വകാര്യ മേഖലയെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകളുടെ സിഇഒമാരുടെ ശമ്പളം വളരെ കുറവാണ്. ഐസിഐസിഐ ബാങ്കിന്റെ സിഇഒയ്ക്കും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സിഇഒയ്ക്കും ലഭിക്കുന്ന ശമ്പളത്തിലെ വ്യത്യാസം ഭീമമാണ്. നല്ല മിടുക്കുള്ള സിഇഒകളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കണം. സ്വകാര്യമേഖലയോട് കിടപിടിക്കത്തക്ക രീതിയിലുള്ള ശമ്പളവും നല്‍കണം. ബാങ്കുകളെ ഉടച്ചുവാര്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ കൂടി സര്‍ക്കാര്‍ ശ്രദ്ധ നല്‍കണം.

Comments

comments

Categories: Editorial, Slider