ഇന്ത്യയില്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വില്‍പ്പന 37% വര്‍ധിക്കുമെന്ന് നിരീക്ഷണം

ഇന്ത്യയില്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വില്‍പ്പന 37% വര്‍ധിക്കുമെന്ന് നിരീക്ഷണം

രാജ്യത്തെ മൊത്തം റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഈ വര്‍ഷം 2.9 ശതമാനം മാത്രമായിരിക്കും ഇ-കൊമേഴ്‌സിന്റെ സംഭാവന

ബെംഗളൂരു: നടപ്പു വര്‍ഷം രാജ്യത്ത് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വില്‍പ്പനയില്‍ 37 ശതമാനം വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സംരംഭമായ ഇ-മാര്‍ക്കറ്ററിന്റെ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മേഖലയില്‍ നിന്നും ഈ വര്‍ഷം 32.70 ബില്യണ്‍ ഡോളറിന്റെ വിറ്റുവരവ് നേടാനാകുമെന്നാണ് ഇ-മാര്‍ക്കറ്ററിന്റെ നിരീക്ഷണം. അതേസമയം, ഇ-കൊമേഴ്‌സ് വിഭാഗത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇതുവരെ ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വളര്‍ച്ചയ്‌ക്കൊപ്പമെത്തിയിട്ടില്ലെന്നും ഇ-മാര്‍ക്കറ്റര്‍ ചൂണ്ടിക്കാട്ടി.

ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും പേടിഎം മാളുമായിരിക്കും നിര്‍ണായക പങ്കുവഹിക്കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. പലചരക്ക് സാധനങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന ഉള്‍പ്പടെയുള്ള പുതിയ പുതിയ മേഖലകളില്‍ സാന്നിധ്യമറിയിച്ചുകൊണ്ട് ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങളാണ ഫ്‌ളിപ്കാര്‍ട്ടും ആമസോണും പേടിഎം മാളും ഇന്ത്യയില്‍ നടത്തുന്നത്. ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കികൊണ്ട് ബഹുരാഷ്ട്ര റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ടും ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലേക്ക് വന്നതോടെ രാജ്യത്ത് ധാരാളം ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറുകള്‍ ഇ- കൊമേഴ്‌സുമായി ചേര്‍ത്ത് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാഷന്‍, ഇലക്ട്രോണിക്‌സ് ആക്‌സസറീസ് വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വകാര്യ ലേബലുകളും ഇതോടൊപ്പം കമ്പനികള്‍ വികസിപ്പിക്കുമെന്ന് ഇ-മാര്‍ക്കറ്റര്‍ പറയുന്നു.

ഇന്ത്യന്‍ വിപണിയില്‍ നേതൃസ്ഥാനം കൈയടക്കുന്നതിന് ഇ-കൊമേഴ്‌സ് കമ്പനികള്‍ നടത്തുന്ന ഭീമമായ നിക്ഷേപം, വര്‍ധിച്ചുവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗം, രാജ്യത്തെ ജനസംഖ്യയിലെ യുവാക്കളുടെയും ഇടത്തരം വരുമാനക്കാരുടെയും പങ്കാളിത്തം തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയില്‍ ഡിജിറ്റല്‍ പര്‍ച്ചേസിംഗ് വര്‍ധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. നടപ്പു വര്‍ഷം അവസാനത്തോടെ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ നാലിലൊരു ഭാഗം ഡിജിറ്റല്‍ ഷോപ്പര്‍മാരായി മാറുമെന്നാണ് ഇ-മാര്‍ക്കറ്റര്‍ പറയുന്നത്. 2022ഓടെ രാജ്യത്തെ 41.6 ശതമാനം പേര്‍ ഓണ്‍ലൈന്‍ ഷോപ്പര്‍മാരാകുമെന്നും ഇ-മാര്‍ക്കറ്റര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് മേഖല ഇപ്പോഴും അതിന്റെ പുരോഗതിയിലേക്ക് എത്തിയിട്ടില്ലെന്നാണ് ഇ-മാര്‍ക്കറ്റര്‍ പറയുന്നത്. 2015 മുതലുള്ള കാലയളവില്‍ ഈ മേഖല മൂന്നിരട്ടിയിലധികം വളര്‍ച്ച നേടിയിട്ടുണ്ട്. പക്ഷെ, രാജ്യത്തെ മൊത്തം റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഈ വര്‍ഷം 2.9 ശതമാനം മാത്രമായിരിക്കും ഇ-കൊമേഴ്‌സ് രംഗം സംഭാവന ചെയ്യുന്നത്. എന്നാല്‍, 2022ഓടെ 71.94 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് വളര്‍ച്ച നേടാന്‍ മേഖലയ്ക്ക് സാധിക്കും. നിലവിലെ 32.70 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 120 ശതമാനത്തിന്റെ വര്‍ധനയാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇ-കൊമേഴ്‌സ് മേഖലയിലുണ്ടാകുകയെന്നും ഇ-മാര്‍ക്കറ്റര്‍ വിശദീകരിച്ചു.

Comments

comments

Categories: Business & Economy