നിസ്സാന്‍ ലീഫ് ഈ വര്‍ഷം ഇന്ത്യയില്‍

നിസ്സാന്‍ ലീഫ് ഈ വര്‍ഷം ഇന്ത്യയില്‍

ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ പൂര്‍ണമായും നിര്‍മ്മിച്ചശേഷം ഇറക്കുമതി ചെയ്യും

ചെന്നൈ : ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇലക്ട്രിക് കാറായ നിസ്സാന്‍ ലീഫ് ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെത്തും. നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് തോമസ് കുഹ്ല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നിസ്സാന്‍ ലീഫ് ഇപ്പോള്‍ രണ്ടാം തലമുറയിലെത്തി നില്‍ക്കുകയാണ്. ലീഫ് കൂടാതെ മറ്റ് പുതിയ മോഡലുകളും ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ അധികം വൈകാതെ പുറത്തിറക്കുമെന്ന് കുഹ്ല്‍ വ്യക്തമാക്കി. റെനോയുമായി ചേര്‍ന്ന് നിസ്സാന്‍ ചെന്നൈയില്‍ സ്ഥാപിച്ച പ്ലാന്റിലേക്ക് ടെസ്റ്റ് ഡ്രൈവ് ആവശ്യാര്‍ത്ഥം ഏതാനും ലീഫ് കാറുകള്‍ ഉടന്‍ എത്തിക്കും.

ഇന്ത്യയില്‍ നിസ്സാന്‍ ലീഫിന് എന്തു വില വരുമെന്ന് പറയാന്‍ തോമസ് കുഹ്ല്‍ തയ്യാറായില്ല. എന്നാല്‍ തുടക്കത്തില്‍ സമാനമായ മറ്റ് വാഹനങ്ങളേക്കാള്‍ വില കുറയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഹോമോലോഗേഷന്‍ നടപടികള്‍ ആരംഭിച്ചതായി കുഹ്ല്‍ അറിയിച്ചു. ഓരോ രാജ്യത്തെയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വാഹനത്തിനോ പാര്‍ട്‌സിനോ അംഗീകാരം നേടിയെടുക്കുന്ന പ്രക്രിയയാണ് ഓട്ടോമോട്ടീവ് ഹോമോലോഗേഷന്‍. പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുമതി ചെയ്തായിരിക്കും (സിബിയു രീതി) നിസ്സാന്‍ ലീഫ് ഇന്ത്യയില്‍ വില്‍ക്കുന്നത്. 30-40 ലക്ഷം രൂപ എക്‌സ് ഷോറൂം വില വരുമെന്ന് പ്രതീക്ഷിക്കുന്നു.

30-40 ലക്ഷം രൂപ എക്‌സ് ഷോറൂം വില വരുമെന്ന് പ്രതീക്ഷിക്കുന്നു

ഇന്ത്യയില്‍ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിന് കൈമെയ് മറന്ന് പ്രവര്‍ത്തിക്കുകയാണ് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ. ഈ വര്‍ഷത്തെ ഉത്സവ സീസണ്‍ മുതല്‍ ഓരോ ആറ് മാസം കൂടുമ്പോഴും പുതിയ മോഡലുകള്‍ പുറത്തിറക്കാനാണ് തീരുമാനം. പുതിയ വാഹനം പുറത്തിറക്കുന്നതോടെ എസ്‌യുവി സെഗ്‌മെന്റില്‍ സാന്നിധ്യം ശക്തമാകുമെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ കണക്കുകൂട്ടുന്നു. നിസ്സാന്‍ ഉടമസ്ഥതയിലുള്ള ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് പുറത്തിറക്കുന്ന വാഹനങ്ങള്‍ മറ്റ് വാഹന നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിക്കുമെന്ന് തോമസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പത്ത് ലക്ഷം രൂപയില്‍ താഴെ വില വരുന്ന കാറുകള്‍ ഡാറ്റ്‌സണ്‍ വിപണിയിലെത്തിക്കും.

Comments

comments

Categories: Auto